Latest News

ഗ്രാമം പ്രതിഭ കോല്‍ക്കളി സംഘം വിദേശ പര്യടനം നടത്തുന്നു

പയ്യന്നൂര്‍: നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന പയ്യന്നൂരിന്റെ പൈതൃക സമ്പത്തായ പയ്യന്നൂര്‍ കോല്‍ക്കളി എന്ന നാടന്‍ കലാരൂപവുമായി ഗ്രാമം പ്രതിഭയിലെ ഒരുസംഘം കലാകാരന്മാന്‍ അറേബ്യന്‍ മണ്ണില്‍ പര്യടനം നടത്തുന്നു.
ജനുവരി ഇരുപത്തിയഞ്ച് മുതല്‍ ഫിബ്രവരി അഞ്ചുവരെയാണ് പര്യടനപരിപാടി. ഇരുപത്തിയാറിന് വ്യാഴാഴ്ച അബുദാബി ഇന്ത്യ സോഷ്യല സെന്റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഇന്ത്യ ഫെസ്റ്റിന്റെ ഉദ്ഘാടനം വേദിയിലാണ് ആദ്യ പ്രദര്‍ശനം. ഏതാനും ദിവസം മുമ്പ് ബാംഗ്ലൂരില്‍ നടന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ മികച്ച പ്രവാസി സംഘടനയ്ക്കുള്ള പ്രവാസി ഭാരതി പുരസ്‌കാരം നേടിയ ഇന്ത്യ സോഷ്യല്‍ സെന്ററിന്റെ ക്ഷണപ്രകാരമാണ് ഗ്രാമ പ്രതിഭയിലെ മുപ്പത്തിരണ്ടോളം കലാകാരന്മാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തുന്നത്.
ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍-അബുദാബി, കേരള സോഷ്യ ല്‍സെന്ററ് അബുദാബി, ഗാന്ധി സാഹിത്യവേദി അബുദാബി, പയ്യന്നൂര്‍സൗഹൃദവേദി അബുദാബി, പയ്യന്നൂര്‍ സൗഹൃദവേദി ദുബായ്, പയ്യന്നൂര്‍ പെരുമ ദുബായ്, ഇന്ത്യന്‍ അസോസിയേഷന്‍, ഉമര്‍ഖുവാന്‍, റൈറ്റേഴ്‌സ് ഫോറം ദുബായ് ഫോക് ലോര്‍ ഡിപ്പാര്‍ട്ടുമെന്റ്, അറ്റ്‌ലാന്റ്‌സ് ഹോട്ടല്‍ ദുബായ്, ഗ്ലോബല്‍ വില്ലേജ് എന്നീ സംഘടനകളുടെ സഹകരണവും പര്യടനത്ത് സഹായകമായിട്ടുണ്ട്.
ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ഗ്രാമം പ്രതിഭയുടെ കലാകാരന്മാര്‍ പയ്യന്നൂര്‍ കോല്‍ക്കളി, കളരിപ്പയറ്റ്, ചരടുകുത്തികളി എന്നീ ആയോധനകലകള്‍ അവതരിപ്പിക്കും.
ഉത്തരമലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമായ പയ്യന്നൂരിന്റെ തനതു കലാരൂപമായ പയ്യന്നൂര്‍ കോല്‍ക്കളിയെ വിദേശരാജ്യത്ത് അവരിപ്പിക്കുകയും ഒട്ടേറെപേര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തതിന് കേരള ഫോക് ലോര്‍ അക്കാദമിയുടെ ബഹുമതിക്ക് അര്‍ഹനായ വി.ടി.വി ദാമോദരന്റെ പരിശ്രമഫലമായാണ് ഈ കലാസംഘം ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തുന്നത്.
അമ്പതാണ്ടുകളുടെ പ്രവര്‍ത്തനമികവുമായി ഈ വര്‍ഷം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഇന്ത്യ സോഷ്യല്‍ സെന്ററിന്റെ വേദിയില്‍ പയ്യന്നൂര്‍ കോല്‍ക്കളി എത്തിക്കുവാന്‍ നിമിത്തമായതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ വി.ടി.വി ദാമോദരന്‍ പറഞ്ഞു.
ഒരുകാലത്ത് അന്യംനിന്നുപോകുകയായിരുന്ന പയ്യന്നൂര്‍ കോല്‍ക്കളിയെ പുനരുദ്ധരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിനും ഗ്രാമം പ്രതിഭ നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ടെന്നും പയ്യന്നൂര്‍ കോല്‍ക്കളിയുടെ പ്രചരണത്തിന്റെ ഭാഗമായി ഗ്രാമം പ്രതിഭ ഇന്ത്യയിലുടനീളം പര്യടനം നടത്തിയിട്ടുണ്ടെന്നും വിദേശ മണ്ണിലും ഈ കലാരൂപം അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചതില്‍ ഗ്രാമം പ്രതിഭയുടെ കലാകാരന്മാര്‍ ഏറെ അഭിമാനം കൊള്ളുന്നതായും ഭാരവാഹികളായ പി.യു രാജന്‍, കെ.വി ഭാര്‍ഗ്ഗവന്‍, യു.കെ. ബാലന്‍, എം. മോഹനന്‍ മാസ്റ്റര്‍, കെ.പി. രവീന്ദ്രന്‍, എ.വി. പ്രേമന്‍, കെ.വി നന്ദകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment