Latest News

നിലാവിന്റെ ഒളിമിന്നല്‍

 തെങ്ങോലകള്‍ക്കിടയിലൂടെ നേര്‍ത്ത കാറ്റടിക്കുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും കാണുന്ന പരന്നുകിടക്കുന്ന ആകാശങ്ങളുടെ ഇരുളിമയില്‍ നേരിയ
നിലാവിന്റെ ഒളിമിന്നല്‍.
ചാത്തൂട്ടി സ്വയം ചിരിച്ചു. ജീവിതം എന്തൊര് അത്ഭുതകരമായ പ്രഹേളികയാണ് എന്ന പോലെ...'ചാത്തൂട്ടി നിനിക്ക് ചെറിയൊര് പിരാന്താ ഇന്ന്, ഈ ചാത്തൂട്ടിയേട്ടനോട് പറ... എന്ത്ന്നാടാ...'പണ്ടത്തെ വനജാപ്പിരാന്താ... നീ ലേശൂംകൂടി റാക്ക് വായിലേക്കൊയിക്ക്...
ഇന്ന് നിന്റെ കാര്യം ഒര് കോഞ്ഞാട്ടയാടാ...ചാത്തൂട്ടി ലേശം റാക്ക് വായിലേക്ക് ഒഴിച്ചു പറഞ്ഞുതുടങ്ങി ജീവിതത്തില്‍ മനുഷ്യമനസ്സിലെ ചിന്തകളും അതിന്റെ വേഗാവേഗങ്ങളും ഒരു ബസ്സിന്റെ ഗിയറുകള്‍ പോലെയാണ്. ടോപ്പ് ഗിയറിലിട്ടാല്‍ വാഹനം അമിതവേഗതയിലോടും. സെക്കന്റ് ഗിയറില്‍ വേഗത കുറയും. ഫസ്റ്റ് ഗിയറിലാവുമ്പോള്‍ വേഗത വളരെയേറെ കുറയും. ഇതൊന്നുമല്ലെങ്കില്‍ വണ്ടി നിര്‍ത്തി ഓഫ് ചെയ്ത് ചലനരഹിതമാക്കും. റിവേഴ്‌സ് ഗിയറിലിടാം. വേണമെങ്കില്‍ റിവേഴ്‌സ് ഗിയറില്‍ ഇട്ടുവെക്കാം....
''ചാത്തൂട്ടി നീ ഇപ്പോ ടോപ്പ് ഗിയറിലാണ്.
ചാത്തൂട്ടി ലേശം കൂടി റാക്ക് അണ്ണാക്കിലേക്കൊഴിച്ചു പൊള്ളിക്കേറുന്ന ഓര്‍മകളെപ്പോലെ നാടന്‍ റാക്ക് തൊണ്ടയിലൂടെ അന്നനാളത്തിലൂടെ എരിഞ്ഞിറങ്ങി. ചെറുകാറ്റില്‍
ആടിയുലയുന്ന തെങ്ങോലകള്‍ക്കിടയിലൂടെ ആകാശങ്ങളില്‍ നിന്നും നിലാവ് പെയ്യുകയാണ്. 'ഇന്ന് ഞാനീട കെടന്നോളാ ചാത്തൂട്ടിയേട്ടാ....' ചാത്തൂട്ടിയേട്ടന്റെ വീട്ടിന്റെ മിന്നാമ്പുറത്ത് ചാണകം തേച്ച് മിനുക്കിയ എറയത്ത് ഒരു പായ്‌പോലും വിരിച്ചിടാതെ ചാത്തൂട്ടി കിടന്നു.
ആകാശങ്ങളിലേക്ക് നോക്കി. നക്ഷത്രങ്ങളെ നോക്കി ചാത്തൂട്ടി ഉറങ്ങി.
സ്വപ്നങ്ങളില്ലാത്ത സങ്കടങ്ങളില്ലാത്ത ഒരു ലോകത്തിലേക്ക് പറന്നങ്ങനെ പോയി...
'ഈ ചാത്തൂട്ടിന്റെ ഒര്കാര്യം....'
ചാത്തൂട്ടിയേട്ടന്‍ പറഞ്ഞത് ചാത്തൂട്ടി കേട്ടതേയില്ല.
ചാത്തൂട്ടി ഉറങ്ങി എണീറ്റ്ഉമര്‍ന്ന് പുലാപ്പുലര്‍ച്ചെ ചാത്തൂട്ടിയേട്ടന്റെ വീടിന്റെ മിന്നാമ്പുറത്ത് ചാത്തൂട്ടിക്ക് ഓര്‍മ്മക്കേടുകള്‍ വിട്ടൊഴിഞ്ഞിരുന്നു.
നിലാവ് മങ്ങിയിട്ടേയില്ല.
'ചാത്തൂട്ടിയേട്ടാ ഞാമ്പോന്ന്'
'ആട നിക്കെടാ... ഒര് ഗ്ലാസ് കട്ടന്‍ചായ.
ചെറുനാരങ്ങ നീരുറ്റിച്ച് രസം വെര്ത്തിയത്....
എന്റെ ഓള്
ഒര് കൊയമാന്തരം പിടിച്ച വിവരാന്നത്. രാത്രി നല്ലോണം കള്ള് കുടിച്ചാ..
കട്ടന്‍ചായയില്‍ ഒരു നാരങ്ങ പിഴിഞ്ഞ് കുടിച്ചാ തലക്ക് കേറിയ മത്തെല്ലാം
ഒഴിഞ്ഞൊഴിഞ്ഞേ പോവും...അത് കുടിക്കാണ്ട് നിന്ന ഞാന്‍ വിടൂല്ല....
ആടയിരിക്ക്...'
ചാത്തൂട്ടി മിന്നാമ്പുറത്തിരുന്നു. ചാത്തൂട്ടിയേട്ടന്‍ ആത്തേക്ക് നോക്കി
വിളിച്ചുപറഞ്ഞു. 'എണേ...
എന്റെ ചാത്തൂട്ടിക്ക് കട്ടനും ഒര് നാരങ്ങ പീഞ്ഞതും....' ചാത്തൂട്ടിയേട്ടന്റെ ഓള്
സ്‌നേഹപൂര്‍വ്വം നല്‍കിയ നാരങ്ങ പിഴിഞ്ഞൊഴിച്ച കട്ടനും ചാത്തൂട്ടി
മനസ്സറഞ്ഞ് കുടിച്ചു.ചാത്തൂട്ടി നിലാവിലേക്ക് നോക്കി പുഞ്ചിരിച്ചു.
'അല്ല ചാത്തൂട്ടിയേട്ടാ നിങ്ങക്കും എന്നപ്പോല പിരാന്തയിനാ...
അതാ ഇന്നല വെരുമ്പം കല്ല്മ്മക്കായി പൊരിച്ചതും
മീന്‍ വറത്തതും എനക്ക് തെരാന്‍ പറ്റാണ്ടായത്....'
ചാത്തൂട്ടി സങ്കടപ്പെട്ട ചാത്തൂട്ടി ലേശം നോട്ടുകള്‍ ചാത്തൂട്ടിയേട്ടന്റെ കൈയ്യില്‍ പിടിപ്പിച്ചു. 'എന്റെ കൈയ്‌മേല് ഇത്രേം ഇപ്പം ഇല്ലൂ.. ഇത് കൈയ്മ്മ വെക്ക്....'
'അല്ല ചാത്തൂട്ടി നിന്റെ കയ്യമ്മലെ പൈശ കണ്ടിറ്റ ചാത്തൂട്ടിയേട്ടന്‍....
ചാത്തൂട്ടിയേട്ടന്റെ കണ്ണുകളില്‍ കണ്ണൂനീര്‍ ചാത്തൂട്ടിയുടെ നെഞ്ഞാംകൂടിലും
മനസ്സിലും ഒരം കേറി... 'ആരും ആരാരും കരയ്ന്നത് ഈ ചാത്തൂട്ടിക്ക് ഇഷ്ടല്ല... ചിരിക്ക്ന്ന മനിഷമ്മാരെ കണ്ടോണ്ടിരിക്കണം.. ഇന്നന്തേ ഇങ്ങനെയെല്ലാം...
ചാത്തൂട്ടിയേട്ട....' ചാത്തൂട്ടിയേട്ടന്‍ നിറം മങ്ങിയ തോര്‍ത്തുമുണ്ട് കൊണ്ട് മുഖവും കണ്ണുകളും തുടച്ചു.
'എടാ ചാത്തൂട്ടി നിന്റെ സങ്കടം കണ്ട് കണ്ട് കേട്ട് ഞാനിന്നലെ ഒറങ്ങീല...'
ചാത്തൂട്ടിയേട്ടന്‍ പിന്നെയൊന്നും കൂടുതല്‍ പറഞ്ഞില്ല. ഡ്രൈവര്‍ ചാത്തൂട്ടി
വന്ന് വന്ന് നടന്ന് കേറി നടന്നുപോവേണ്ട വഴികളെക്കുറിച്ച് ഓര്‍ത്തോര്‍ത്തുപോയി.
ചാത്തൂട്ടി തിരിഞ്ഞുനിന്ന് ചാത്തൂട്ടിയേട്ടനോട് പറഞ്ഞു.
' ഈ ചാത്തൂട്ടിക്ക്സങ്കടൂണ്ട്ന്ന്ആരാ പറഞ്ഞത്...ഇതെല്ലാം ചെറിയൊരു
തമാശയല്ലേ... ഡ്രൈവര്‍ ചാത്തൂട്ടിന്റെ ചെറിയൊര് ഇസ്‌ക്കാല്...
ഒര്...പിരാന്ത് ഈ പൊലാപൊലര്‍ച്ചക്ക്... ചാത്തൂട്ടിക്കും....
ചാത്തൂട്ടി ഇറങ്ങി നടന്നു. നേര്‍ത്ത നിലാവില്‍ തിളങ്ങുന്ന പാടങ്ങളുടെ നടുവരമ്പിലൂടെ. അപ്പുറവും ഇപ്പുറവും പൂത്തുലഞ്ഞുനില്‍ക്കുന്ന
പൂത്താലി കാടുകള്‍ക്കിടയിലൂടെ നേരിയ നിലാവിന്റെ ആകാശങ്ങളിലൂടെ
വരമ്പുകളിലൂടെയും ഇടവരമ്പുകളിലൂടെയും താറിത്താറിയും
പിന്നെ നേരാംവണ്ണം നിവര്‍ന്നു നിന്നും നടന്ന് നടന്ന് ഡ്രൈവര്‍ ചാത്തൂട്ടി
റോഡോരം പൂകി. റോഡ് അസാമാന്യമായുമുള്ള മനുഷ്യകഥയുടെ
സാമാന്യമായും അസാമാന്യമായുമുള്ള രീതിയില്‍ ചിലപ്പോള്‍
നേരെ നേരെയും പിന്നെ പിന്നെ ചിലപ്പോള്‍ വളഞ്ഞും പുളഞ്ഞുമങ്ങനെ പോകുന്ന വഴികള്‍. നാറാത്തും കടന്ന് കേറ്റം കേറി കമ്പിലങ്ങാടിയിലെത്തി
ചാത്തൂട്ടി ബ്രീസ്‌മേമിയുടെ ഹോട്ടലില്‍ നിന്നും ഒരു കട്ടന്‍ചായ കുടിച്ചു.
വീണ്ടും നേരെ നേരെ റോഡിലൂടെ ഒരംപിടിച്ച നടത്തം...
കരിങ്കല്‍ക്കുഴിയില്‍ എത്തിയപ്പോഴേക്കും മേലെ കിഴക്ക് ആകാശം ചോന്ന് ചോന്ന് പഴ്ക്കാന്‍ തുടങ്ങിയിരുന്നു.

No comments:

Post a Comment