Latest News

രാമന്തളി 17 ശുഹദാ മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും ഇന്നുമുതല്‍


അല്‍യസഹ് ഇബ്രാഹിം (സെക്രട്ടറി രാമന്തളി ശാഖാ എസ്.കെ.എസ്.എസ്.എഫ്)
പൂന്തേനരുവിയും പൂന്തെന്നലും പുളകപ്പൂക്കളും പൂങ്കുയിലുമൊക്കെയുള്ള ഏഴിമലയുടെ താഴ് വരയില്‍ വളരെ വിശാലമായി നീണ്ടുനിവര്‍ന്ന് കിടക്കുന്ന അതിമനോഹരമായ പ്രദേശമാണ് രാമന്തളി. രാമന്തളി അംശം ദേശത്ത് മൂന്നുഭാഗം പുഴയും തെക്കെ ഭാഗം നാവല്‍ അക്കാദമിയുടെ അറ്റവും അതിരിടുന്ന വടക്കുമ്പാട്-തെക്കുമ്പാട് ഭാഗത്തുള്ള എല്ലാം മുസ്ലിം വീടുകളും ഉള്‍ക്കൊള്ളുന്നതാണ് രാമന്തളി മുസ്ലിം ജമാഅത്ത്.രാമന്തളി ജുമാമസ്ജിദിന്റെ പാര്‍ശ്വത്തില്‍ പരിലസിക്കുന്ന പതിനേഴ് ശുഹദാക്കളുടെ മഖാം ഈ ജമാഅത്തിന്റെ അനുഗ്രഹവും ആശയുമാണ്. എല്ലാ ജാതി മതസ്ഥരും തീര്‍ത്ഥാടനം നടത്തി വരുന്ന ഉത്തര കേരളത്തിലെ ഈ പുണ്യ സ്ഥലം നിരവധി അത്ഭുത സിദ്ധികളാല്‍ പ്രസിദ്ധവുമാണ്. മുറിവേറ്റ മനസ്സുകളും ആശയറ്റ ചിന്തകളും ഇവിടെ വന്നു പ്രാര്‍ത്ഥിച്ചു ആശ്വാസത്തിന്റെ തെളിനീരുമായ് മടങ്ങുന്നത് പതിവുകാഴ്ചയാണ്. വിദൂര സ്ഥലങ്ങളില്‍ നിന്ന് ദിവസവും ഇവിടെയെത്തി പ്രാര്‍ത്ഥിച്ചുമടങ്ങുന്നവരുടെ നീണ്ടനിര വിസ്മയാവഹമാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പള്ളിയായ ഈ ജുമാമസ്ജിദിന് മുന്‍വശം സ്ഥിതി ചെയ്യുന്നത് നിരവധി ക്ഷേത്ര സമുച്ചയമാണ് പില്‍ക്കാലത്തുണ്ടായ റോഡ്. മന്ദിര്‍-മസ്ജിദുകളെ വേര്‍തിരിക്കുന്നുണ്ടെങ്കിലും അന്നത്തെ സ്‌നേഹത്തിനും ഐക്യത്തിനും ഇന്നും ഒരു കുറവും വന്നിട്ടില്ല. സ്പര്‍ദ്ധയുടെയും ദയാരാഹിത്യത്തിന്റെയും വര്‍ത്തമാനവസ്ഥയില്‍ മാനവ സ്‌നേഹത്തിന്റെ മഹിത തന്ത്രം ഉരുക്കഴിച്ച ഇരു ആരാധാനാലയങ്ങളുംപരസ്പരം നോക്കിനില്‍ക്കുന്ന അത്യപൂര്‍വ്വ കാഴ്ച സന്ദര്‍ശകരില്‍ സമാധാനത്തിന്റെ കുളിര്‍മഴ പെയ്യിക്കുക തന്നെ ചെയ്യും.
പതിനാറാം നൂറ്റാണ്ടില്‍ അന്നത്തെ വന്‍ശക്തിയായ പോര്‍ച്ചുഗീസുകാര്‍ കേരളമടക്കം അടക്കിവാണപ്പോള്‍ അവര്‍ക്കെതിരെ പോരാടിയത് മുസ്ലിംകളയിരുന്നു. മതപ്രചരണാര്‍ത്ഥം കടല്‍ കടന്നെത്തിയ പറങ്കികളുടെ മുന്നിലെ ഏക ഭീഷണിയും മുസ്ലിംകളായിരുന്നു. മുസ്ലിംകളെ മുഴുവനും കൊന്നൊടുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ലോകംചുറ്റിയ പറങ്കികള്‍ഏഴിമലയുടെ ഭാഗത്തെ അറബിക്കടലില്‍ വെച്ച് രണ്ട് ഹജ്ജ് കപ്പലുകള്‍ കൊള്ളയടിക്കുകയും ശേഷം ഹജ്ജാചികളെ തീ കൊളുത്തി കൊല്ലുകയും ചെയ്തത് ചരിത്രത്തിന്റെ തീരാവേദനയാണ്
തീരദേശങ്ങളില്‍ അധിവസിച്ച മുസ്ലിംകളെ ഇല്ലായ്മ ചെയ്യാനുള്ള പറങ്കികളുടെ ആസൂത്രിത ശ്രമം അസഹ്യമായപ്പോഴാണ് രാമന്തളിയിലെ ധീര യുവത്വം അവര്‍ക്കെതിരെ ആഞ്ഞടിച്ചത്. ബന്ധുജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയതിനുശേഷം കിട്ടാവുന്ന ആയുധങ്ങള്‍ കൊണ്ട് അവര്‍ പറങ്കികളോട് ഏറ്റുമുട്ടി വീരസ്വര്‍ഗ്ഗം പ്രാപിച്ചു.നിരവധി പറങ്കികളെ കാലപുരിക്കയച്ച ശേഷം പ്രാണന്‍ വെടിഞ്ഞ അവരെ പറങ്കികള്‍ തുണ്ടം തുണ്ടമാക്കി കിണറ്റില്‍ തള്ളി. തിരിച്ചെത്തിയ ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ തെങ്ങുചെത്തുകാരനായ അമുസ്ലിം യുവാവാണ് കിണര്‍ ചൂണ്ടിക്കാണിച്ചത്. അനിതരസാധാരണമായ വെളിച്ചം പ്രസരിക്കുന്ന ആ കിണറില്‍ 
ചെന്നുനോക്കിയപ്പോഴാണ് അപ്പോള്‍ ജീവന്‍ വെടിഞ്ഞപോലെയുള്ള പതിനേഴുപേരെയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തലവനായ പോക്കര്‍ മൂപ്പരെ മധ്യത്തിലും മറ്റുളളവരെ ചുറ്റുമാണ് ഖബറടക്കിയത്. അന്ന് കിണറില്‍ നിന്നും പ്രവഹിച്ച പ്രകാശധാന ഇപ്പോഴും ഈ പ്രദേശത്തെയാകമാനം വെളിച്ചത്തില്‍ മുക്കുകയാണ്. നന്മയുടെയും അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും വെളിച്ചത്തില്‍ പതിനേഴ് ശുഹദാക്കളുടെ പവിത്ര രക്തം വീണ ഈ മണ്ണില്‍ ഇന്നു മുതല്‍ ഇരുപത്തിയാറുവരെ ഉറൂസ് നടക്കുകയാണ്. ഇന്ന് രാത്രി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ പ്രഭാഷണവും നടക്കും.ഇരുപത്തിയാറിന് 
ഞായറാഴ്ചയാണ് പ്രതിമാസ സ്വലാത്തിന്റെ വാര്‍ഷികം സംഘടിപ്പിച്ചിരിക്കുന്നത്. അന്നദാനവും കൂട്ടുപ്രാര്‍ത്ഥനയും നടക്കും കൂട്ടുപ്രാര്‍ത്ഥനക്ക് ഏലംകുളം ബാപ്പു ഉസ്താദ് നേതൃത്വം നല്‍കും.ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ 
അധ്യക്ഷത വഹിക്കും. പരിപാടിയില്‍ സി.എച്ച് ഇബ്രഹിംമദനി, പി.കെ. അഹമ്മദ്കുട്ടി മൗലവി, ഹാഫിള് അഷ്‌റഫ് ഫൈസി എന്നിവര്‍ പ്രസംഗിക്കും. 

No comments:

Post a Comment