Latest News

തെരുവ് നായ-2

അങ്ങിനെയിരിക്കെയാണ് അവന്‍ ചില കുസൃതിത്തരങ്ങള്‍ കാണിക്കാന്‍ തുടങ്ങിയത്. വീടിന് മുന്‍വശത്ത് ചരല്‍റോഡാണ്. അവന്‍ അവിടെ പോയികിടക്കും. വഴിയേപോകുന്ന യാത്രക്കാരെനോക്കി അല്‍പം മുരളാനും
 കുരയ്ക്കാനുമൊക്കെ ശ്രമം തുടങ്ങി. ചില ആളുകള്‍ പരാതി പറയുകയും ഒരാള്‍ കുറച്ച് തീവ്രമായി ''വിഷം കൊടുത്തുകൊല്ലും'' എന്ന് ഭീഷണിയും മുഴക്കി. എനിക്ക് ആധിയായി. ഇവനെക്കൊണ്ട് ശല്യമായല്ലൊ!
എന്താണൊരു വഴി? ഞങ്ങള്‍ അവനൊരു കൂട് പണിയാന്‍ തീരുമാനിച്ചു.
മരപ്പണിക്കാരന്‍ ഭാസ്‌കരന്റെ വര്‍ക്ക്‌ഷോപ്പില്‍പോയി സാമാന്യം തരക്കേടില്ലാത്ത ഒരു കൂട് ഏര്‍പ്പാടാക്കി. പുതിയ കൂട് എത്തുന്ന ദിവസം അവനെ കുളിപ്പിച്ച് നല്ല കുട്ടിയാക്കി പാലും ബിസ്‌ക്കറ്റുമൊക്കെ കൊടുത്ത് കൂട്ടിലാക്കി. ആദ്യം മടിച്ചെങ്കിലും പുതിയ കൂട് അവന് സ്വീകാര്യമായി തോന്നി. ചാനലിലൊക്കെ പട്ടിയെക്കുറിച്ച് ചര്‍ച്ചകളും പത്രങ്ങളിലൊക്കെ തെരുവ്‌നായ്ക്കളുടെ
 കടിയേറ്റ മനുഷ്യരുടെ ചിത്രങ്ങളുമൊക്കെ വരുമ്പോള്‍ എന്റെ മനസ്സിലും ആധിപടര്‍ന്നു കയറി. ഇവന്‍ ആരെയെങ്കിലും ഉപദ്രവിച്ചാല്‍ പിന്നെ വഴിനടക്കാന്‍ നോക്കേണ്ട. ഞാന്‍ അവനെ മൃഗഡോക്ടറെ വരുത്തി കുത്തിവയ്പ് നടത്തി. ഇഞ്ചക്ഷന്‍ സൂചി കാലില്‍ കയറിയപ്പോള്‍ അവനൊന്ന് മോങ്ങി. ഞാന്‍ മനസ്സില്‍ പറഞ്ഞു. നിന്റെ കയ്യിലിരിപ്പ് കൊണ്ട് ആര്‍ക്കെങ്കിലും വല്ല പൊല്ലാപ്പും ഉണ്ടായാല്‍ പിന്നെ അത്മതി. ഡോക്ടര്‍ കുത്തിവയ്പിനുശേഷം ഒരു കാര്‍ഡില്‍ അവന്റെ നിറവും വയസ്സും വാക്‌സിനേറ്റ് ചെയ്ത തീയതിയും
 രേഖപ്പെടുത്തി തന്നു. ഇനി അടുത്തവര്‍ഷം ഇഞ്ചക്ഷന്‍ എടുത്താല്‍ മതി എന്ന്പറഞ്ഞ് ഡോക്ടര്‍ പോയി.ദിവസങ്ങള്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നു.
അവനിപ്പോള്‍ കാണാന്‍ തരക്കേടില്ലാത്ത ഒരു നായയായിത്തീര്‍ന്നു
 അവന്റെ കുസൃതിത്തരങ്ങളും ഗൗരവങ്ങളും ചലനങ്ങളും ഞങ്ങളെ ഏറെ
 സന്തോഷിപ്പിച്ചു. ഏകദേശം ഒരുവര്‍ഷമായി അവനിവിടെ വന്നിട്ട്. ഞങ്ങളവന് ശംഭു എന്ന് പേരിട്ടു.ഒരു ദിവസം അത്യാവശ്യകാര്യത്തിന് എനിക്ക് വീട് വിട്ട്
 നില്‍ക്കേണ്ടിവന്നു. രാത്രിയില്‍ ഭാര്യയുടെ ഫോണ്‍ വന്നു. ''ശംഭുവിനെ കാണാനില്ല''? ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ എനിക്കവനോട് മാനസികമായ ഒരടുപ്പവും സ്‌നേഹവും കാരണം എന്നില്‍ ഉദ്വേഗവും വല്ലായ്മയും അനുഭവപ്പെട്ടു. പലപ്പോഴും പട്ടണത്തിലേക്ക് പോകുമ്പോള്‍ ബസ്‌റ്റോപ്പ് വരെ എന്നെ
 അനുഗമിക്കുകയും യാത്രയാക്കി തിരിച്ച് വീട്ടിലെത്തുകയും ചെയ്യുന്ന കാര്യം ഞാനോര്‍ത്തു. കൊടുക്കുന്ന സ്‌നേഹം പതിന്മടങ്ങ് തിരിച്ചുനല്‍കാന്‍ നായകള്‍ക്ക് മാത്രമേ സാധിക്കൂ എന്ന് അവനില്‍ നിന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. എവിടെപ്പോയി അവന്‍? ബ്രിട്ടാനിയ ബിസ്‌ക്കറ്റ് ഏറെ ഇഷ്ടമായിരുന്നു അവന്. ഊണിന് അല്‍പം മീനും. ഒന്നിനും ഒരു കുറവും
 വരുത്താറുണ്ടായിരുന്നില്ല. ഞാന്‍ ആകെ വേവലാതി പൂണ്ടു. രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. നേരം വെളുത്തു. പട്ടണത്തിലെ കാര്യങ്ങള്‍
 പൂര്‍ത്തിയാക്കാതെ ഞാന്‍ മടങ്ങി.വീട്ടില്‍ എല്ലാവര്‍ക്കും വിഷമം. ഞാന്‍ തിരക്കി. എപ്പോഴാണ് കാണാതായത്? എത്രമണിവരെ ഉണ്ടായിരുന്നു? ഭക്ഷണം കഴിച്ചിരുന്നോ? എന്റെ മനസ്സില്‍ എന്തൊക്കെയോ സംശയങ്ങള്‍ ഉടലെടുത്തു. ഏതെങ്കിലും പട്ടി പിടുത്തക്കാര്‍ അവനെ കുരുക്കിട്ട് പിടിച്ചിരിക്കുമോ? എന്റെ തലയിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. ഹോ! കുരുക്ക് മുറുകി ശ്വാസം കിട്ടാതെ അവന്‍ പിടഞ്ഞുതീന്നത് എനിക്ക് ആലോചിക്കാന്‍പോലും കഴിയുന്നില്ല. ഛെ! അങ്ങിനെയൊന്നുമുണ്ടാകില്ലപിന്നെ? കുഞ്ഞുന്നാളില്‍ ഗ്രാമപ്രദേശത്ത് താമസിക്കുമ്പോള്‍ വീട്ടിലെ വളര്‍ത്തുനായയെ നരിപിടിച്ച ഓര്‍മ്മ എന്റെ മനസ്സിലൂടെ കടന്നുപോയി! രാത്രിയില്‍ നായയുടെ കരച്ചിലും രാവിലെ വീടിന് സമീപത്തെ കാട്ടിലേക്ക് നായയെ വലിച്ചുകൊണ്ടുപോയ ചോരപ്പാടുകളും കണ്ട രംഗം! കൂടാതെ ഒന്നാം ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ നാട്ടുകാര്‍ വലിയൊരു പുലിയെകൊന്ന് ഒരു തണ്ടിനോട് ചേര്‍ത്തുകെട്ടി ഗ്രാമത്തിലൂടെ നടന്നുപോയ ചിത്രവും ഓര്‍മ്മവന്നു. പശുവിനെ പിടിച്ച പുലി മടയില്‍ കയറിയപ്പോള്‍ പുലിമടയുടെ പ്രവേശനവാടത്തില്‍ വിറകുകള്‍ കൂട്ടി തീയിട്ട് പുലിയെ പിടിച്ചതാണെന്ന് ആരോ പറയുന്നതുമൊക്കെ കേട്ടകാര്യം. വീട്ടിലെ വളര്‍ത്തുനായയെ പിടിച്ചത് കറ്റന്‍നരിയാണെന്ന് അമ്മ പറഞ്ഞാണ് പിന്നീടറിഞ്ഞത്. അതായത് വലിയ കാട്ടുപൂച്ചയേക്കാള്‍ അല്‍പം വലുതായ ജീവി. ഓ ഇപ്പോഴെവിടെയാ നരി? വീടിന്റെ മുന്‍വശം വിശാലമായ പാറ പ്രദേശംകഴിഞ്ഞാല്‍ പൊന്തക്കാടുകളും മുള്‍പടര്‍പ്പുകളുമാണ്. പന്നി, കുറുക്കന്‍, കീരി, മുയല്‍, കാട്ടുകോഴി, ഉടുമ്പ്, മയില്‍ ഇത്യാദി ജീവികളൊക്കെ അവിടെ വസിക്കുന്നുണ്ട്. എന്നാല്‍ ഒരു നരി അവിടെ ഉള്ളതായി ഒരിക്കലും കണ്ടിട്ടില്ല. ഞാന്‍ സമാധാനിച്ചു. പിന്നെ ശംഭു എവിടെ പോകാനാണ്? ദുഃഖിതരായി ഞങ്ങള്‍ സമയം തള്ളിനീക്കി. വൈകുന്നേരം ഞങ്ങളെല്ലാം വീടിന്റെ ഉമ്മറത്തിരിക്കുകയായിരുന്നു. ഭാര്യ അകലേക്ക് വിരല്‍ചൂണ്ടി പറഞ്ഞു. ''ശംഭുവല്ലെ ആ വരുന്നത്?'' അങ്ങകലെ പുല്‍മേടുകള്‍ക്കിടയിലൂടെ അവന്‍ ഓടി വരുന്നത് ഞങ്ങള്‍ കണ്ടു. അവന്‍ വീട്ടിലെത്തി. ഒന്ന് ശങ്കിച്ച് എന്റെ അടുത്ത് വന്ന് വട്ടംചുറ്റി ഒരു കുറ്റബോധത്തോടെ സ്‌നേഹപ്രകടനം നടത്തി. ശബ്ദമെടുത്ത് ഞാന്‍ അവനോട് ചോദിച്ചു. ''എങ്ങോട്ടാടാ നീ പോയത്?'' അവന്‍ ദൂരേക്ക് ഒന്ന് നോക്കി. എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ അവിടെ കിടന്നു. അവനല്‍പ്പം ക്ഷീണിതനാണെന്ന് എനിക്ക് തോന്നി. ഞങ്ങള്‍ക്ക് സമാധനമായി. ദിവസങ്ങള്‍, ആഴ്ചകള്‍ കടന്നുപോയ്‌ക്കൊണ്ടിരുന്നു. മുറ്റത്ത് വന്ന് ധാന്യങ്ങള്‍ കൊത്തിത്തിന്നുന്ന പ്രാവുകളെയും ചില പക്ഷികളെയും ഓടിക്കുക വൈകുന്നേരങ്ങളില്‍ പുല്‍മേടുകളില്‍ ഓടി വിവിധ വിക്രിയകള്‍ കാട്ടുക തുടങ്ങിയ കൗതുകകരമായ ലീലകളില്‍ അവന്‍ മുഴുകി. ഒരു ദിവസം സന്ധ്യക്ക്ഞാന്‍ ഉമ്മറത്തിരിക്കുകയായിരുന്നു. താഴെ തറയില്‍ അവന്‍ കിടപ്പുണ്ട്. പെട്ടെന്നാണ് എന്റെ പുതിയ ചെരിപ്പുകളില്‍ ഒരെണ്ണം കടിച്ചെടുത്ത് അവന്‍ പുറത്തേക്കോടിയത്. ഞാന്‍ പിറകെ വച്ച് പിടിച്ചു. ദേഷ്യവും സങ്കടവും കൊണ്ട് കല്ലെടുത്ത് അവന്റെ നേരെ എറിഞ്ഞു. ചെരിപ്പും കൊണ്ട് അവന്‍ കടന്നുകളഞ്ഞു. ''നിന്നെ കയ്യില്‍ കിട്ടിയാല്‍ ശരിയാക്കിത്തരാം.'' ഞാന്‍
 പിറുപിറുത്തു. നേരം
 ഇരുട്ടിത്തുടങ്ങി. ഞാന്‍ ഓട്ടം മതിയാക്കി. അവന്‍ ദൂരെ
 ഇരുളിലേക്ക് ചെരിപ്പുമായി ഓടി മറഞ്ഞു. തിരിച്ചു വീട്ടിലെത്തി ഭാര്യയോട് പറഞ്ഞു. ''എന്റെ ചെരിപ്പുമായി അവന്‍ കടന്നു. ഇനിയവനെ ഈ കോംപൗണ്ടില്‍ കയറ്റരുത്.'' ഏകദേശം ഒരു
 മണിക്കൂറിനുശേഷം ഞാന്‍
 ഉമ്മറത്തിരിക്കുമ്പോള്‍ അവന്‍ അതാ ഗേറ്റിനരികില്‍
 പ്രത്യക്ഷപ്പെട്ടു. എനിക്ക് ദേഷ്യം ഇരട്ടിച്ചു. ഒരു
 വടിയുമെടുത്ത് അതിന്റെ പിറകേ ഓടി. വീണ്ടും അവന്‍ ഇരുളിലേക്ക് ഓടിമറഞ്ഞു.'' എന്റെ ചെരിപ്പുമായല്ലാതെ
 ഇനിയിവിടെ കാല്‍കുത്തരുത്.'' ഞാന്‍ ഉറക്കെ പറഞ്ഞു.
നിമിഷങ്ങള്‍കടന്നുപോയി. ദുഃഖിതനായി ഞാന്‍
 ഉമ്മറത്തിരിക്കുമ്പോള്‍ അതാ അവന്‍ ചെറിപ്പുമായി വന്നുനില്‍ക്കുന്നു. എനിക്ക്
 സമാധാനമായി. മങ്ങിയ
 വെളിച്ചത്തില്‍ അവന്റെ
 വായിലുള്ള ചെരിപ്പിലേക്ക് സൂക്ഷിച്ചുനോക്കി. ''നിനക്ക് ബുദ്ധിയുണ്ടല്ലെ!? ഞാന്‍ പറഞ്ഞത് നീഅനുസരിച്ചല്ലോ''
സ്‌നേഹത്തോടെ ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ തലയൊന്ന് കുടഞ്ഞു. എന്റെ
 സര്‍വ്വനാഡികളും
 തകര്‍ന്നുപോയി! ഞാന്‍
 ഒന്നുകൂടി സൂക്ഷിച്ചുനോക്കി? എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല! അവന്‍ തലകുടഞ്ഞപ്പോള്‍ കടിച്ചുപിടിച്ച വായില്‍ നിന്ന് ഒരുപിടച്ചിലും ഞരക്കവും. താഴെ വീണത് ഒരു കാട്ടുമുയലായിരുന്നു. ഒരു
 പരിസ്ഥിതി സ്‌നേഹിയായ എനിക്ക് താങ്ങാവുന്നതിലേറെയായിരുന്നു ആ കാഴ്ച. ശംഭു വീട്ടില്‍ വരുന്നതിനുമുമ്പ്
 പറമ്പില്‍ നടുവളര്‍ത്തിയ
 ചീനിക്കിഴങ്ങിന്റെ ഇലകള്‍ തിന്നാന്‍ രാത്രിയിലെത്തുന്ന ആ ഇരുണ്ടനിറമുള്ള
 ചെമ്പന്‍മുയല്‍! അതിനെയാണ് ഇവന്‍ ചെരിപ്പിനുപകരം
 കടിച്ചുതൂക്കിക്കൊണ്ടുവന്നത്.! ഞാന്‍ വലിയവായില്‍ അലറിക്കൊണ്ട് അവന്റെ നേരെ
 തിരിഞ്ഞു. ഒരു വടിയെടുത്ത് രണ്ടെണ്ണം
 കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ മുയലിനെയും കടിച്ച് തുക്കി അവന്‍ വീണ്ടും ഇരുട്ടിലേക്ക് ഓടി. കുറച്ചു ദൂരെവരെ അവനെ ഓടിച്ച് ''ഇനി ഇങ്ങോട്ട് വരണ്ട'' എന്ന
 താക്കിതോടെ വീട്ടിലെത്തി.നേരം വെളുത്തു.
ശംഭുവിനെ കാണാനില്ല. അവന്‍ പോയി. ഞാന്‍ ആ പാറപ്രദേശമെല്ലാം ചെന്ന് നോക്കി. മുക്കാല്‍ ഭാഗവും കുറുക്കന്മാര്‍ തിന്ന മുയലിന്റെ ജഡം
 ഒരുസ്ഥലത്ത് കണ്ടു.
അതിനടുത്തായി എന്റെ ഒരു ചെരിപ്പുമുണ്ടായിരുന്നു.

No comments:

Post a Comment