Latest News

തെരുവ് നായ


 കഥ

 പട്ടിയെ വളര്‍ത്താനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല ഞാനവനെ സ്വീകരിച്ചത്. നാട്ടിലെമ്പാടും പട്ടികടിയും പട്ടിപിടുത്തവും  പട്ടിസ്‌നേഹവും
 അരങ്ങേറുന്ന വേളയില്‍ ഏതോ സമയത്താണവന്‍ എന്റെ വീട്ടിലെത്തിയത്. ഞാന്‍ പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് അഞ്ചാറ് മാസമേ ആയിട്ടുള്ളൂ.
നഗരത്തിന്റെ  വീര്‍പ്പുമുട്ടലുകളില്‍ നിന്ന് തുറന്ന ആകാശവും
 പ്രകൃതിയും കാണാന്‍ പറ്റിയ ഒരിടം  കണ്ടെത്തിയതാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പെന്‍ഷന്‍  കിട്ടിയപ്പോള്‍, തോന്നി അല്‍പം സ്വസ്ഥതയും
 സ്വച്ഛമായ കാറ്റും  ലഭിക്കുന്നൊരിടം  വേണമെന്ന്. നല്ല  ഏകാന്തത.
ചെങ്കല്‍പാറയുടെ ഒരറ്റത്ത് അധികം ആളുകളൊന്നും താമസമില്ല.
കഠിനാദ്ധ്വാനിയും  കര്‍ഷകനുമായ കണ്ണേട്ടനും കുടുംബവുമാണ്
 ഏക അയല്‍പക്കം. സൂര്യപ്രകാശം  തടസ്സമില്ലാത്തെ കിട്ടും. കടല്‍ക്കാറ്റ് നേരിട്ട്
 ഒഴുകിയെത്തും. തെളിഞ്ഞ ദിനങ്ങളില്‍ അങ്ങകലെ  പടിഞ്ഞാറ്  അറബിക്കടലിലൂടെ  കടന്നുപോകുന്ന  കപ്പലുകളെയും  അസ്തമയനേരം സൂര്യന്‍ ഒരു പഴുത്ത ഗോളമായി  കടലില്‍ പതിക്കുന്നതും കാണാം. വീടിന്റെ ഒരു ഭാഗം വള്ളിപ്പടര്‍പ്പുകളും  കുറ്റിച്ചെടികളും നിറഞ്ഞ കാടാണ്. മറ്റൊരു ഭാഗം റബ്ബര്‍തോട്ടം മൂന്നില്‍  വിശ്വലമായ പാറപ്രദേശം. ധാരാളം പക്ഷികളും
 ചെറുജന്തുക്കളും  ഭയാശങ്കകള്‍ കൂടാതെ വീടിന് സമീപത്തും  തൊടിയിലും
 എത്തിച്ചേരാറുണ്ട്. അതുകൊണ്ട് തന്നെ ഒരു പട്ടിയെ വളര്‍ത്തുന്നതിനോട് എനിക്ക് തീരെ  യോജിപ്പില്ലായിരുന്നു. എന്നാല്‍ ഭാര്യക്കും മക്കള്‍ക്കും ഒരു പട്ടിയെ വീട്ടില്‍ വളര്‍ത്തണമെന്നമോഹം ഉദിച്ചിട്ട് ഏറെ  നാളായി. പട്ടിയെ
 വളര്‍ത്തുമ്പോഴുള്ള  പൊല്ലാപ്പുകള്‍ ഞാനവരെ ബോധ്യപ്പെടുത്തിയതുകൊണ്ട് മോഹം  മനസ്സില്‍വച്ച് നടക്കുന്ന  നേരത്താണ് അവന്റെ വരവ്. പട്ടിയെ യഥാസമയത്ത് കുത്തിവയ്ക്കുക, കുളിപ്പിക്കുക, മരുന്ന്  കൊടുക്കുക ഇത്യാദി
 കാര്യങ്ങളൊക്കെ ചെയ്യാന്‍ ആള്‌വേണം. അതിന് ഭാര്യ പറഞ്ഞ ഉത്തരം ''നിങ്ങള്‍ റിട്ടയര്‍ ആയില്ലെ ഇനി ഇതൊക്കെല്ലെ ജോലി!'' ഞാന്‍ അന്തംവിട്ടുപോയി? ചിത്രകലയും സംഗീതവും അത്യാവശ്യം എഴുത്തും കൊണ്ട് നടക്കുന്ന എന്നെ ഒരു പട്ടിയെ നോക്കാന്‍ നിയോഗിച്ചതിലുള്ള പൊരുള്‍ എത്രതന്നെ  ചിന്തിച്ചിട്ടും എനിക്ക്  പിടികിട്ടിയില്ല.!? ദൈവമേ പരസ്പരം അറിയാന്‍  കഴിയാത്തവര്‍ തമ്മില്‍  ഒരുമിച്ചാല്‍ ഇതൊക്കെത്തന്നെ ഗതി! ഞാന്‍
 ആത്മഗതംകൊണ്ടു? ഇങ്ങിനെയുള്ള ചിന്തകള്‍ മനസ്സിനെ  അലോസരപ്പെടുത്തുന്ന നേരത്ത് കയറിവന്ന  പട്ടിക്കുഞ്ഞിനെ ഞാന്‍
 ഓടിച്ചുവിട്ടു. ഏകദേശം മൂന്നുമാസം പ്രായം കാണും. തീരെ മെലിഞ്ഞ
 ശരീരമായിരുന്നു അവന്റേത്. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും വന്നു.
വന്നപാടെ വരാന്തയുടെ  പടികളില്‍ കയറി ഇരിപ്പായി. ഞാന്‍ ഒച്ചയെടുത്ത് വീണ്ടും വിരട്ടിവിട്ടു. എന്തോ  എനിക്കവനെ തീരെ  പിടിച്ചില്ല. അപ്പോള്‍
 ഇളയ മകന്‍ വന്ന് എന്നോട് പറഞ്ഞു. ''അച്ഛനെന്തിനാ അവനെ ഓടിച്ചത്?
അവനിവിടെ കിടന്നോട്ടെ'' ഞാന്‍ കയര്‍ത്തു. നിനക്കതിനെ നോക്കാന്‍ സാധിക്കുമെങ്കില്‍ ശരി! അവന്‍ കൈമലര്‍ത്തി. വേണ്ടാത്ത
 ഏടാകൂടങ്ങളൊന്നും  ഉണ്ടാക്കിവയ്ക്കരുത്. പട്ടിയെ ശുശ്രൂഷിക്കുമ്പോള്‍ വളരെ കരുതലോടെ വേണം കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍. പേയിളകിയ ഏതെങ്കിലും പട്ടിയോ കുറുക്കനോ അതിനെ കടിക്കുകയോ മറ്റോ ചെയ്താല്‍ അതൊക്കെ പിന്നെ  പാടാകും. ഞാന്‍ എന്റെ ഭാഗം ന്യായികരിച്ചു. കുറേകാലം മുന്‍പ് ഒരു വളര്‍ത്തുനായ കടിച്ച് ഗൃഹനാഥന്‍ പേയിളകി മരിച്ച
 കഥകളൊക്കെ അവനെ പറഞ്ഞ് മനസ്സിലാക്കി.
സന്ധ്യ കഴിഞ്ഞു. ഞാന്‍ ഉമ്മറത്തിരിക്കുകയായിരുന്നു. ഗേറ്റിനരികിലായി ഒരനക്കം. ഞാന്‍ നോക്കി. അത് വീണ്ടും വന്നു,
വാലാട്ടിക്കൊണ്ടിരുന്നു. രാത്രിയായത് കാരണം ഞാനവനെ ഓടിക്കാന്‍ പോയില്ല. വല്ല  കുറുക്കനും മറ്റും  കടിച്ചുകൊന്നെങ്കിലോ?! ഞാന്‍ ചിന്തിച്ചു.
സംഗതിയൊക്കെ കൊള്ളാം. നേരം വെളുക്കുമ്പോള്‍ സ്ഥലംവിട്ടുകൊള്ളണം. അത് ദയനീയഭാവത്തില്‍ എന്നെ നോക്കി.
കണ്ണുകളില്‍ എന്തോ  പറയാനുള്ളതുപോലെ ഒരു തിളക്കം. രാത്രിയില്‍ അവന്‍ കുരക്കുകയും വീടിന്റെ കാവല്‍ക്കാരന്‍  ഞാനെന്നമട്ടില്‍  അധികാരഭാവത്തില്‍ അങ്ങോട്ടുമിങ്ങോട്ടും  ഓടുകയും ഒക്കെ ചെയ്തു. എല്ലാവരും ഉറങ്ങി.പിറ്റേദിവസം അവന്‍ വീടിന്റെ പരിസരത്തുതന്നെ ചുറ്റിത്തിരിയുന്നുണ്ട്. ഉച്ചക്ക് ഭാര്യ ചോറുകൊടുത്തു. ഒരാഴ്ചയ്ക്കകം അവന്‍ വീട്ടിലെ  ഒരംഗത്തെപ്പോലെയായി. മൂന്ന് നേരം ഭക്ഷണം  കഴിച്ചപ്പോള്‍ അവന്റെ വളര്‍ച്ചയും സൗന്ദര്യവും കൂടി. ഇപ്പോള്‍ ആറ്മാസം പ്രായമായി. കാണാന്‍  സുമുഖന്‍. അവന്റെ  പ്രത്യേകത മുക്കിനുമുകളില്‍ നെറ്റിയില്‍ ഒരു വെളുത്തവര പ്രത്യേകമായൊരു ഭംഗി നല്‍കിയിരുന്നു. ഞാന്‍
 പുറത്തുപോകുമ്പോള്‍ കൂടെവരും. ബസ്സ്‌സ്റ്റോപ്പ്‌വരെ കൂടെവന്ന് ഞാന്‍ ബസ്സ്
 കയറിയാല്‍ തിരികെ  വീട്ടിലെത്തും. കാണുമ്പോള്‍  യജമാനഭാവത്താല്‍
 വാലാട്ടുകയും മുന്‍കാലുകള്‍ നിലത്ത് നിവര്‍ത്തി  തലകുനിച്ച്
 നമസ്‌കരിക്കുകയും ചെയ്യുക അവന്റെ പതിവാണ്.
ദിവസങ്ങള്‍ കടന്നുപോയി. രാത്രിയിലെത്തുന്ന  കാട്ടുപന്നിക്കൂട്ടങ്ങളെ
 തുരത്തുക  കൃഷിയിടങ്ങളില്‍വരുന്ന ജീവികളെ ഓടിക്കുക
 തുടങ്ങിയ ജോലികളൊക്കെ അവന്‍ ശ്രദ്ധവച്ചു തുടങ്ങി. പട്ടികളെയും പക്ഷികളെയും മൃഗങ്ങളെയും കൂട്ടിലിട്ട് വളര്‍ത്തുന്നതിനോട് എനിക്ക് തീരെ
 താല്‍പര്യമില്ലായിരുന്നു. കാരണം മനുഷ്യര്‍  എല്ലാവിധ സ്വാതന്ത്ര്യങ്ങളും ആഗ്രഹിക്കുന്നതുപോലെ അവയ്ക്കുമുണ്ടാകില്ലെ ആഗ്രഹങ്ങള്‍! വിശാലമായ ആകാശത്ത് പറന്നുകളിക്കുന്ന കിളികളും, യഥേഷ്ടം മേഞ്ഞുനടക്കുന്ന
 കാലിക്കൂട്ടങ്ങളും ഈ  കാലഘട്ടത്തില്‍ സാദ്ധ്യത കുറവാണെങ്കിലും
 എന്റെ കുട്ടിക്കാലത്ത്  ഇങ്ങിനെയുള്ള നിരവധി കാഴ്ചകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ഇന്ന് അതിരുകള്‍ക്കുള്ളിലേക്ക് എല്ലാം ചുരങ്ങിപ്പോയി. എന്നാല്‍ പക്ഷികള്‍ക്ക് ഇപ്പോഴും സന്തോഷിക്കാം. കാരണം മനുഷ്യന്‍
 ആകാശത്തിന്  വേലികെട്ടുന്നത്‌വരെ?

ദാമോദരന്‍ വെള്ളോറ  

No comments:

Post a Comment