Latest News

പനി: അനുവര്‍ത്തിക്കേണ്ടവ

ജ്വരം അഥവാ പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. വൈറസ്, ബാക്ടീരിയ തുടങ്ങിയ ഏതെങ്കിലും അണുബാധ, ശരീരത്തില്‍ ക്ഷതമോ മുറിവോ ഉണ്ടാകുക, സന്ധിവാത രോഗങ്ങളില്‍ അനുബന്ധമായി,
അലര്‍ജി ഉണ്ടാകുമ്പോള്‍ തലച്ചോറില്‍ രക്തസ്രാവം, ടി.ബി. തുടങ്ങിയ അവസ്ഥകളിലൊക്കെ പനി ഉണ്ടാകാറുണ്ട്. എല്ലാ പനിയും ആശങ്കപ്പെടുത്തുന്നവയല്ല. മഴക്കാലത്ത് ഭൂരിഭാഗം ആളുകളെയും ബാധിക്കുന്നത് വൈറല്‍ പനിയും ജലദോഷവുമാണ്.
ഈ രോഗങ്ങളില്‍ അധികമായ ഔഷധസേവയോ ആശുപത്രിയില്‍ കിടന്നുള്ള ചികിത്സയോ ആവശ്യമില്ല. എന്നാല്‍ പനി ശ്രദ്ധാപൂര്‍വം നിരീക്ഷിക്കേണ്ടതുണ്ട്. പനിയോടുകൂടി ശക്തമായ തലവേദന, അസ്ഥികളിലും പേശികളിലും വേദന, ചുവന്ന തിണര്‍പ്പുകളുണ്ടാവുക, ഛര്‍ദി, വയറിളക്കം, മഞ്ഞപ്പിത്തലക്ഷണങ്ങള്‍ ഇവയൊക്കെ അനുഭവപ്പെട്ടാല്‍ വേണ്ട രക്തപരിശോധന നടത്തി ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയില്‍ ഏതെങ്കിലുമാണോ എന്ന് സ്ഥിരീകരിക്കുകയും
 ചികിത്സ തേടുകയും വേണം. ഇത്തരം പനികളില്‍ പല മരുന്നുകളും ദോഷകരമായി തീരാറുള്ളതുകൊണ്ട് സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ സമീപിച്ചുതന്നെ
 ചികിത്സ തേടണം.ആയുര്‍വേദശാസ്ത്രം പനിയെ ഒരു പ്രധാന രോഗമായാണ് പരിഗണിക്കുന്നത്. അപഥ്യാചാരങ്ങളാണ് ഇതിനു കാരണമെന്നും ആമാശയം ഏറ്റവും ദുഷിപ്പിക്കപ്പെടുന്നുവെന്നും കണക്കാക്കുന്നു. ജ്വരത്തിന്റെ പ്രധാന മൂന്നു ലക്ഷണങ്ങളില്‍ ആദ്യത്തേത് സ്വേദാവരോധം (വിയര്‍ക്കാതിരിക്കുക) എന്നതാണ്.
സ്വേദം എന്നതുകൊണ്ട് ദഹനരസങ്ങള്‍ കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസം, അഗ്‌ന്യാശയരസം, ഉമിനീര്‍ തുടങ്ങി എല്ലാ അന്തസ്രാവങ്ങളും കുറയുന്നു എന്നതാണ് ഉദ്ദേശിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ പനിയുടെ ആദ്യാവസ്ഥയില്‍ ആഹാരമോ ഔഷധമോ കൂടുതലായി ഉപയോഗിച്ചാല്‍ ദഹിക്കാന്‍ പ്രയാസമാകുന്നു.
പനി തുടങ്ങി ആദ്യ ഏഴു ദിവസം നവജ്വരം എന്നറിയപ്പെടുന്നു. ഈ കാലയളവില്‍
 ഉപവാസമാണ് ആദ്യ ചികിത്സ. അഹോരാത്രം
(ഒരു ദിവസം മുഴുവന്‍) ഉപവസിച്ചാല്‍ അതുകൊണ്ടുതന്നെ പനിയുടെ തീവ്രത കുറയുന്നു.ആരോഗ്യം ശരീര ബലത്തെ ആശ്രയിച്ചിരിക്കുന്നു. ആരോഗ്യത്തിനുവേണ്ടിയാണ് ചികിത്സ ചെയ്യുന്നതും. ഉപവാസത്തെ സഹിക്കാനുള്ള ശരീരബലമില്ലാത്തവരെ ഉപവസിപ്പിക്കരുത്. വിശപ്പ്, ദാഹം, വാവരള്‍ച്ച, തലചുറ്റല്‍ ഇവ ഉള്ളവര്‍, വൃദ്ധന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ദുര്‍ബലര്‍ എന്നിവരെ ഉപവസിപ്പിക്കരുത്. ഉപവസിക്കുന്ന സമയത്തും മുത്തങ്ങ, ചന്ദനം,പര്‍പ്പടകപ്പുല്ല്, രാമച്ചം, ഇരുവേലി, ചുക്ക്, ഈ മരുന്നുകള്‍ എല്ലാംകൂടി 15 ഗ്രാം രണ്ടിടങ്ങഴി വെള്ളത്തില്‍ തിളപ്പിച്ച് ഒരിടങ്ങളിയാക്കി കുടിക്കണം.
തീര്‍ത്തും വിശപ്പില്ലാതെ ഇരിക്കുന്ന ആദ്യാവസ്ഥയില്‍ രോഗിക്ക് അല്‍പം വിശപ്പുണ്ടായാല്‍ ചുക്കും
 തിപ്പല്ലിയുമിട്ട് തിളപ്പിച്ച വെള്ളത്തില്‍ മലര്‍ ചേര്‍ത്ത് കഞ്ഞിവച്ചുകൊടുക്കണം. വൈകുന്നേരം ഏത്
 രോഗാവസ്ഥയിലും കഫം കുറയുകയും ദഹനശക്തി വര്‍ധിക്കുകയും ശരീരോഷ്മാവ് കൂടുകയും ചെയ്യുന്നതിനാല്‍ ലഘുവായ ആഹാരം കൊടുക്കണം.
പനി തുടങ്ങി ആദ്യ ഏഴു ദിവസം നന്നായി വിശ്രമിക്കണം. പകലുറക്കം, കുളി, എണ്ണതേപ്പ്, ദഹിക്കാന്‍ പ്രയാസമുള്ളതും കൊഴുപ്പുള്ളതുമായ ആഹാരം, മൈഥുനം, വ്യായാമം, ക്രോധം, കാറ്റും തണുപ്പും ഏല്‍ക്കല്‍, ചവര്‍പ്പുരസമുള്ള ആഹാര ഔഷധങ്ങള്‍ എന്നിവ ഉപേക്ഷിക്കണം.
കഷായംപോലുള്ള ഔഷധങ്ങളും നിഷേധിച്ചിരിക്കുന്ന അവസ്ഥയാണിത്. പാലോ തൈരോ പാല് കൂടുതല്‍ ചേര്‍ത്ത കാപ്പിയോ ചായയോപോലും ഉപയോഗിക്കരുത്. ഏഴു ദിവസങ്ങള്‍ക്കുശേഷം ലഘുവായ ആഹാരവും അധികം ചുവര്‍പ്പു രസമില്ലാത്ത ദ്രാക്ഷാദി, ഇന്ദുകാന്തം തുടങ്ങിയ കഷായങ്ങളും രോഗിക്കു നല്‍കാം.
പനി തുടങ്ങി പന്ത്രണ്ട്ദിവസങ്ങള്‍ക്കുശേഷം
 പുരാണ ജ്വരമെന്ന് അറിയപ്പെടുന്നു. ശരീരബലം ക്ഷയിച്ചിരിക്കുന്ന ഈ അവസ്ഥയില്‍ ബലവര്‍ധനവിനായുള്ള ഔഷധങ്ങള്‍ നല്‍കണം. ഔഷധങ്ങളിട്ടു കാച്ചിയ പാലും നെല്ലും സേവിക്കാം. തീര്‍ത്തും പനി മാറിയാല്‍ വയറിളക്കല്‍ നടത്താം.
ജ്വരത്തിന്റെ രണ്ടാമത്തെ ലക്ഷണം സന്താപം ആണ്. മനസിനും ശരീരത്തിനും ഉണ്ടാകുന്ന ചൂട്—
രോഗാണുബാധ ആയാല്‍ രക്താണുക്കള്‍
 രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തുമ്പോള്‍ ആന്തരികതാപമുയരുന്നു.രോഗബാധയുള്ള സ്ഥലത്തേക്ക് ഹൃദയം കൂടുതല്‍ രക്തം എത്തിക്കുന്നതിനാലും അവിടെ ചൂട് കൂടുന്നു. പ്രതിരോധ വ്യവസ്ഥയും രോഗാണുക്കളും തമ്മിലുള്ള യുദ്ധത്തില്‍ അണുക്കള്‍ ജയിച്ചാല്‍ രോഗമുണ്ടാകുന്നു. രോഗപ്രതിരോധശക്തി കൂട്ടുക എന്നതു മാത്രമാണ് പ്രതിവിധി. ഇതിനുള്ള അനേകം ഔഷധങ്ങള്‍ ആയുര്‍വേദ ശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.പനിയുടെ മൂന്നാമത്തെ ലക്ഷണം സര്‍വാംഗഗ്രഹണം. എല്ലാ അവയവങ്ങളിലും വേദനയും മുറുക്കവുമാണ്. വിശ്രമവും ലഘുവായ ആഹാരവും ചൂടുവെള്ളത്തിന്റെ ഉപയോഗവും ഈ ലക്ഷണങ്ങളെ കുറയ്ക്കും. ഇന്നു കാണുന്ന പകര്‍ച്ചപ്പനിയുടെ എല്ലാ ലക്ഷണങ്ങളും ആയുര്‍വേദത്തില്‍ വിവരിക്കുന്ന സന്നിപാത ജ്വരത്തില്‍ കാണുന്നവയാണ്. ജ്വരത്തില്‍ നിര്‍ദേശിക്കുന്ന ചികിത്സാക്രമങ്ങളും പത്ഥ്യാനുഷ്ഠാനവും കൃത്യമായി പാലിച്ചാല്‍ ഏത് തരം പനിയില്‍നിന്നും മുക്തിനേടാമെന്നുള്ളതിന് സംശയമില്ല.


No comments:

Post a Comment