Latest News

ബസ്സ് തടഞ്ഞ് ക്ലീനറെ മര്‍ദ്ദിച്ചു; വിദ്യാര്‍ത്ഥി ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: സ്വകാര്യ ബസ്സ് തടഞ്ഞുനിര്‍ത്തി ക്ലീനറെ മര്‍ദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം ആറേകാലോടെ പിലാത്തറ ബസ് സ്റ്റാന്റിന് പുറത്തുവെച്ചാണ് സംഭവം.
കോഴിക്കോട്-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ഏവണ്‍ ബസ്സിലെ ക്ലീനര്‍ പുളിമ്പറമ്പിലെ കപ്പണയില്‍ വീട്ടില്‍ രഞ്ജുവി(26)നെയാണ് ഒരുസംഘം ബസ്സ് തടഞ്ഞ് നിര്‍ത്തി ബസ്സില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിച്ചത്. പരുക്കേറ്റ രഞ്ജുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ്സില്‍ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതത്രെ. സ്ഥിരമായി ഈ ബസ്സില്‍ കയറുന്നതിനെ ചൊല്ലി കണ്ണൂര്‍ പോളിടെക്‌നികില്‍ പഠിക്കുന്ന കടന്നപ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിയുമായി വാക്കേറ്റമുണ്ടാതായി പറയുന്നു.
സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ പത്തോളം പേര്‍ സംഘടിച്ചെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ക്ലീനര്‍ രഞ്ജു പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ്‌കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment