Latest News

ഫിബ്രവരിയിലെ രോഗങ്ങള്‍

 ഫിബ്രവരി മാസം - മകരത്തിന്റെ മദ്ധ്യാഹ്നം, തണുപ്പ് അതിന്റെ ഏറ്റവും
 കൂടിയ അളവില്‍. കൊഴുത്ത മഞ്ഞ്  പ്രഭാതങ്ങളെയും,
സന്ധ്യകളെയും  തഴുകി എത്തുന്ന ദിനങ്ങള്‍, ഒപ്പം പ്രത്യേകതരം
 രോഗങ്ങളുടെ നീണ്ട നിരയും. അവ  പടരുകയും പകരുകയും ചെയ്യുന്ന സമയം. ലഘുവസൂസിക (ചിക്കന്‍പോക്‌സ്), ദേഹം ചൊറിച്ചില്‍, ശരീര വേദന, ജലദോഷം, പലതരം പനികള്‍, അകാരണമായ ക്ഷീണം, ശ്വാസകോശ രോഗങ്ങള്‍  തുടങ്ങിയവയാണ്  ഈ മാസത്തെ  പ്രധാന രോഗങ്ങള്‍, കാരണം തണുപ്പും,
മഞ്ഞും മാത്രമല്ല; കാലാവസ്ഥ, തണുപ്പില്‍ നിന്ന്  ചൂടിലേക്ക് അതിന്റെ പ്രയാണം ആരംഭിക്കുന്ന വേളയില്‍ ജീവജാലങ്ങള്‍ക്ക് ഉണ്ടാവുന്ന
 സ്വാഭാവിക വ്യതിയാനമാണ്, മാറ്റമാണ് ഇത്തരം രോഗങ്ങള്‍.കൂടാതെ മഞ്ഞിന്റെ കാഠിന്യം  ഏറ്റവും കൂടിയ സമയവും ഇതാണ്. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍  ഏതാണ്ട് അഞ്ച്  മണിയോട് കൂടി തന്നെ, മഞ്ഞ് അന്തരീക്ഷത്തിലെ പൊടിപടലങ്ങളും  മാലിന്യങ്ങളും  ഏറ്റുവാങ്ങിയ
 നിലയിലായിരിക്കും. ഇതുപോലുള്ള മഞ്ഞിലേക്ക് മുഖം അമര്‍ത്തി തിരക്കിട്ട് നീങ്ങുന്ന  ജനസാഗരങ്ങളില്‍  ചിലരെങ്കിലും രോഗത്തിന്  അടിമപ്പെട്ടില്ല എങ്കില്‍  അതിശയിക്കേണ്ടിയിരിക്കുന്നു.ഇതേ സായാഹ്നങ്ങളില്‍  ഉത്സവങ്ങളിലും
 മേളകളിലും  ആഘോഷങ്ങളിലും, പ്രദര്‍ശനങ്ങളിലും
, ആളുകള്‍  തിങ്ങി ഞരങ്ങി നീങ്ങുമ്പോള്‍ ഒപ്പം  രോഗാണുക്കളുടെ  സമ്മേളനവും  നടക്കുന്നുണ്ട്  എന്ന കാര്യം  സാധാരണക്കാര്‍  ഓര്‍ക്കാറില്ല. ഉത്സവ പറമ്പിലും  പ്രദര്‍ശന നഗരികളിലും തുറന്ന സ്ഥലങ്ങളില്‍
 വെച്ച് ഭക്ഷണ  സാധനങ്ങളും, പാനീയങ്ങളും വയര്‍  നിറക്കാന്‍ എന്നതിലുപരി ഒരു ഫാഷന്‍ പോലെ  വാങ്ങി ഭക്ഷിക്കുമ്പോള്‍ ആരും ഓര്‍ക്കാറില്ല, രോഗത്തെയാണ് നാം  വിലക്കെടുത്ത്  ഭക്ഷിക്കുന്നത് എന്ന്.അതേപോലെ ഉത്സവാഘോഷങ്ങള്‍ക്ക് നിറപ്പകിട്ട് നല്‍കാന്‍, വരവേല്‍പ് നല്‍കാന്‍
 നടത്തുന്ന വെടിക്കെട്ട് , അതിന്റെ പുകപടലങ്ങള്‍, സിങ്കിന്റെയും സള്‍ഫറിന്റെയും ഗന്ധം, കട്ടികൂടിയ മഞ്ഞില്‍ ആഴ്ന്നിറങ്ങി, അത് ശ്വസിക്കുന്നവരുടെ ശ്വാസകോശത്തില്‍ പടര്‍ന്ന് കയറി ഉണ്ടാക്കുന്ന വിമ്മിഷ്ടം
 കുറച്ചൊന്നുമല്ല. അല്പസ്വല്പം വലിവും ശ്വാസംമുട്ടലും ഉള്ളവര്‍ക്ക് വെടിക്കെട്ട് ഗന്ധം വളരെ ദൂരവ്യാപകമായ ഫലമാണ് ഉണ്ടാക്കുക. വെടിക്കെട്ടിന്റെ നിറപ്പകിട്ടില്‍  പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് എത്തുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ട  കാര്യമാണിത്. വെടി പുക  ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചുമയ്ക്കും, കഫകെട്ടിനും  കാരണമായേക്കും.ജീവിതത്തില്‍ ആഹ്ലാദവും - ആനന്ദവും വേണം. എങ്കിലും രോഗം വന്ന് കിത്സിക്കുന്നതിനേക്കാള്‍ നല്ലത് ,രോഗം വരാതെ  ജീവിത ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍  വരുത്തി, ഒന്ന് ഒതുങ്ങി,ശ്രദ്ധയോടെ, ശുചിത്വത്തോടെ,
അതിലുപരി ഭക്തിയോടെ ജീവിച്ച് പോയാല്‍  ആരോഗ്യവും  ഒപ്പം സമ്പത്തും കുറയാതെ നോക്കാവുന്നതാണ്. 

No comments:

Post a Comment