Latest News

ഇ. ബാലകൃഷ്ണന്‍ നെഞ്ഞുറപ്പുള്ള നേതാവ്

പയ്യന്നൂരില്‍ സമീപകാല രാഷ്ട്രീയഭൂമികയില്‍ ആരുടെ മുന്നിലും നട്ടെല്ലുനിവര്‍ത്തി നെഞ്ഞുവിരിച്ചുനടന്ന നെ ഞ്ഞുറപ്പു ള്ള കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ഇ.ബാലകൃഷ്ണന്‍. ബാലേട്ടന്‍ എന്ന് ഏവരാലും വിളിക്കപ്പെടുന്ന അ ദ്ദേഹം സര്‍വ്വാദരണീയനുമായിരുന്നു. കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങ ള്‍ കെട്ടിപ്പടുക്കുന്നതില്‍ പയ്യന്നൂരും പരിസരപ്രദേശങ്ങളിലും ധീരമായ നേതൃത്വം നല്‍കിയ ആളായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയെയും കൂസലില്ലാതെ നിര്‍ഭയമായി നേരിടാനും മുറിച്ചുകടക്കാനും കഴിയുന്ന അനിതരസാധാരണമായ നേതൃപാടവം അദ്ദേഹത്തിനുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുകയും മാസങ്ങളോളം, ഒ. ഭരതനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടിയും വന്നിരുന്നു.
കരിവെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സംഘര്‍ഷാവസ്ഥയില്‍ ധീരമായ നേതൃത്വമായിരുന്നു അദ്ദേഹം നല്‍കിയത്. ഒരുഭാഗത്ത് ഇദ്ദേഹമുള്‍പ്പെടെയുള്ള നേതാക്കള്‍ നേതൃത്വം കൊടുത്ത പ്രതിഷേധ പ്രകടനവും മറുഭാഗത്ത് തോക്കേന്തിയ പോലീസ് സേനയും മുഖാമുഖം നിന്ന ഒരപൂര്‍വ്വ സന്ദര്‍ഭമായിരുന്നു അത്. ആ പ്രകടനത്തിന്റെ മുന്‍നിരയില്‍ ഈകുറിപ്പുകാരനുമുണ്ടായിരുന്നു. (കരിവെള്ളൂരിലെ കെ. നാരായണന് പോളിംഗ് സ്റ്റേഷനില്‍ വെച്ച് തന്നെ പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ ദിവസം കൂടിയായിരുന്നു അന്ന്) വിവരമറിഞ്ഞ് അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.ആര്‍ എത്തിച്ചേരുകയും പോലീസ് സേനക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മധ്യേ നിലയുറപ്പിക്കുകയും ഒരു സഹകരണ സംഘത്തിന് വേണ്ടി ത്യജിക്കാനുള്ളതല്ല, രാജ്യത്തിന്റെ മോചനത്തിനുവേണ്ടി ത്യജിക്കാനുള്ളതാണ് സഖാക്കളെ നിങ്ങളുടെ ജീവന്‍ എന്നുപറഞ്ഞ് പ്രകടനം പിരിച്ചുവിടുകയുമായിരുന്നു. പോലീസ് വെടിവെപ്പില്‍ എത്ര പേരും കൊല്ലപ്പെടുമായിരുന്ന ഒരു സംഘര്‍ഷം അങ്ങനെ ഒഴിവാവുകയായിരുന്നു.
ഇ. ബാലകൃഷ്ണന്‍ ഒരു പ്രാസംഗികനായിരുന്നില്ല, അനിതരമായ സംഘാടകശേഷി പ്രകടിപ്പിച്ച നേതാവായിരുന്നു. ചെത്തുതൊഴിലാളി യൂനിയനെ ജില്ലയില്‍ തന്നെ ശക്തമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു. പയ്യന്നൂര്‍ റൂറല്‍ബാങ്കിനെ ഇന്നത്തെ നിലയില്‍ എത്തിക്കുന്നതിലും ദിനേശ് ബീഡി സംഘത്തെ വളര്‍ത്തിയെടുക്കുന്നതിലും ഒരു ഡയരക്ടര്‍ എന്ന നിലയില്‍ പയ്യന്നൂര്‍ കോളേജിന്റെ വളര്‍ച്ചയിലും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം.
1986ല്‍ എം.വി ആറിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടി-ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും റൂറല്‍ബാങ്ക് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുകയുമായിരുന്നു. എന്നാല്‍ അദ്ദേഹം മറ്റു പലരെയും പോലെ എം.വി.ആറിന്റെ പാര്‍ട്ടിയിലൊ, മറ്റ് പാര്‍ട്ടികളിലൊ ചേരാതെ ഒറ്റക്കുനിന്ന് തന്നെ പൊതു സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുകയും മുഖവും നിറവും നോക്കാതെ നീതി ഉറപ്പാക്കാന്‍ ശ്രമിച്ചുവരികയുമായിരുന്നു. ഒരു ഒറ്റയാന്റെ തലയെടുപ്പോടെ പയ്യന്നൂരിന്റെ തെരുവിലൂടെ നടന്നുനീങ്ങിയിരുന്ന ബാലേട്ടന്‍ ഇനി ഓര്‍മ്മ മാത്രം. ആ ഓര്‍മ്മക്കുമുമ്പില്‍ ആദരാഞ്ജലികള്‍..... -വി.കെ. രവീന്ദ്രന്‍

No comments:

Post a Comment