Latest News

ഇ. ബാലന്‍ ഓര്‍മ്മയായി സംസ്‌കാരം നാളെ മൂന്നുമണിക്ക്

പയ്യന്നൂര്‍:കമ്മ്യൂണിസ്റ്റ്-കര്‍ഷക -തൊഴിലാളി -സഹകരണ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ഒരുകാലഘട്ടത്തില്‍ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും നിര്‍ണ്ണായക നേതൃത്വം നല്‍കിയിരുന്ന ഇ. ബാലകൃഷ്ണന്‍ ഓര്‍മ്മയായി.
ഇന്നലെ രാത്രി ഒമ്പതുമണിയോടെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി അംഗം, ചെത്തുതൊഴിലാളി യൂനിയന്‍ നേതാവ്, റൂറല്‍ബാങ്ക് പ്രസിഡണ്ട്, ദിനേശ് ബീഡി സംഘം പ്രസിഡണ്ട്, പയ്യന്നൂര്‍ കോളേജ് ഡയരക്ടര്‍, വെള്ളൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട്, ജില്ലാ സഹകരണ ബാങ്ക് ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് മാസങ്ങളോളം ജയില്‍വാസം അനുഷ്ഠിച്ചിരുന്നു. കണ്ടങ്കാളി സ്വദേശിയായിരുന്ന ഇദ്ദേഹം പിന്നീട് പെരിങ്ങോത്തേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി പാര്‍ട്ടി രാഷ്ട്രീയ രംഗത്തില്ലെങ്കിലും പൊതുരംഗത്ത് സജീവമായിരുന്നു.
പയ്യന്നൂര്‍ സബ ആശുപത്രിയിലുള്ള മൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ് എത്തിച്ചേരുന്നത്. സി.പി.എം ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന്‍, എം.വി ഗോവിന്ദന്‍, കെ രാഘവന്‍, പി.വി. കുഞ്ഞപ്പന്‍, നാരായണ്‍കുട്ടി, അഡ്വ. ഡി.കെ. ഗോപിനാഥ്, എം.കെ.രാജന്‍, എ.പി. നാരായണന്‍, ഷുക്കൂര്‍ ഹാജി, സജിത്ത് ലാല്‍, രത്‌നാകരന്‍, വി.പി. ശശി, ഇ.പി. കരുണാകരന്‍,കെ.പി. ബാലകൃഷ്ണപൊതുവാള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
നാളെ രാവിലെ പത്ത് മണിക്ക് റൂറല്‍ ബേങ്കിനടുത്ത് പൊതുദര്‍ശനത്തിന് വെച്ചശേഷം മൃതദേഹം കണ്ടങ്കാളി വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പെരിങ്ങോത്തെ വീട്ടിലെത്തിച്ചശേഷം മൂന്നുമണിയോടെ സംസ്‌കാരം നടക്കും.

No comments:

Post a Comment