Latest News

നഗരമധ്യത്തില്‍ ഒരു ജലസംഭരണി

ചൂട് വല്ലാതെ കൂടിവരുന്നു. ചുറ്റും വറ്റിവരളുകയും വരണ്ടുണങ്ങുകയും ചെയ്യുന്നു. മരങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്നു. കാടുകള്‍ കത്തിയമരുന്നു. (ഇതില്‍ മനുഷ്യരുടെ പങ്ക് എത്രത്തോളമെന്നത് വെളിപ്പെടാനിരിക്കുന്നതേയുള്ളു)ഗതാഗത സൗകര്യത്തിന്റെ പേരുപറഞ്ഞ് കാഞ്ഞങ്ങാട് നഗരം മൊട്ടയടിച്ചു. റോഡില്‍ സൗകര്യം കൂടിയതോടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങുമിട്ട് മുമ്പത്തേക്കാള്‍ സങ്കീര്‍ണ്ണമാക്കി, ഗതാഗതം. കച്ചവടക്കാരും ആഹ്ലാദിച്ചിരുന്നു; തങ്ങളുടെ കടകള്‍ക്ക് മുന്നിലെ 'മറ'നീങ്ങിക്കിട്ടുമെന്ന്. ഇപ്പോള്‍ കൊടുംചൂടില്‍ കടക്കകത്തും പുറത്തും ഇരിക്കപ്പൊറുതിയും നില്‍ക്കപ്പൊറുതിയുമില്ലാതായി. കാഞ്ഞങ്ങാട് നഗരം മരുഭൂമിയായി.
പയ്യന്നൂരും വ്യത്യസ്തമല്ല; കുടിവെള്ളക്ഷാമത്തിന്റെ കാര്യത്തില്‍. നഗരസഭാ പരിധിയില്‍ തന്നെ കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങള്‍ ഏറെയാണ്. ശുദ്ധജലക്ഷാമവും കൂടിക്കൂടി വരുന്നു. നഗരസഭ ആ ത്മാര്‍ത്ഥമായി ശ്രമിച്ചാലും ആവശ്യമായ ഇടങ്ങളില്‍ ആവശ്യമായ അത്രയും ശുദ്ധജലമെത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കുന്നുകള്‍ ഇടിച്ചുനിരത്തുകയും, ചതുപ്പുകള്‍ നികത്തുകയും നീര്‍ത്തടങ്ങള്‍ മൂടുകയും ചെയ്യുന്നതും , ചെയ്തതും നിയന്ത്രണങ്ങള്‍ ഏതുമില്ലാതെയാണ്. പലേടത്തും സ്വജനപക്ഷപതത്തെ ഏറ്റക്കുറച്ചിലുകളോടെ കാണാനാവും.
ഇങ്ങനെയൊക്കെയാണെങ്കിലും ആശയും ആശ്വാസവും പകരുന്നതാണ് നഗരമധ്യത്തിലായി, കരിഞ്ചാമുണ്ഡി ക്ഷേത്രത്തിന് കിഴക്ക് ഭാത്തായി കാണുന്ന ശുദ്ധജല കിണറും, ആല്‍മരവും. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ടൗണ്‍ സ്‌ക്വയറിലെ കിണര്‍ നവീകരിച്ചത് പ്രശംസാര്‍ഹമായ നടപടിയായിരുന്നു. അത് ചെയ്യാന്‍ മുന്‍കൈയെടുത്ത എം.എല്‍.എയും നഗരസഭയും ഈ കിണറും ആല്‍ത്തറയും നവീകരിക്കാനും അത്രയെങ്കിലും ശുദ്ധജലവും തണലും ചുറ്റുവട്ടത്തുള്ളവര്‍ക്കെങ്കിലും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നുതന്നെയാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോഴും ഒട്ടേറെപേര്‍ നഗരമധ്യത്തിലെ ഈ കിണര്‍ ആശ്വാസവും ആശ്രയവുമായി കാണുന്നുണ്ട്.ഇത് നവീകരിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് അതിന്റെ ഗുണഭോക്താക്കളാവാന്‍ കഴിയും.

No comments:

Post a Comment