Latest News

പിണറായിക്കെതിരെ വീണ്ടും സി.ബി.ഐ

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കുറ്റങ്ങള്‍ നിരത്തി ഹൈക്കോടതിയില്‍. ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവെന്നും, കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞിരുന്നില്ലെന്നും വൈദ്യുതി ബോര്‍ഡിലെ ഉന്നത ജീവനക്കാര്‍ക്കുണ്ടായിരുന്ന എതിര്‍പ്പുകള്‍ സ്വാധീനം ഉപയോഗിച്ച് മറച്ചുവെച്ചുവെന്നും നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് കമ്പനിയുമായി ഉണ്ടാക്കിയതെന്നും സി.ബി.ഐ ആരോപിക്കുന്നു.
ലാവ്‌ലിന്‍ പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്നും മലബാര്‍ കാന്‍സര്‍ സെന്റര്‍ അദ്ദേഹത്തിന്റെ സ്വന്തം ആശയമാണെന്നും ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കരാറുണ്ടാക്കുമ്പോള്‍ പൂര്‍ണ്ണ നവീകരണം ആവശ്യമില്ലെന്ന് പിണറായി വിജയന് ബോധ്യമുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അദ്ദേഹം കണ്ടുരുന്നുവെന്നും എന്നിട്ടും പൂര്‍ണ്ണ നവീകരണത്തിന് കരാറുണ്ടാക്കുകയായിരുന്നെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ നല്‍കി യ റിപ്പോര്‍ട്ടില്‍ പറയുന്നു.ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിനോദ് റോയി അടക്കമുള്ളവര്‍ കേസില്‍ സാക്ഷികളാണ്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജല വൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിന് നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐയുടെ കേസ്.2013ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.ഹൈക്കോടതി ഉന്നയിച്ച ഒമ്പത് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

No comments:

Post a Comment