Latest News

നിലാവ് അസ്തമിക്കാത്ത തീരങ്ങള്‍

നിലാവ് അസ്തമിക്കാറായ ഒരു തണുത്ത വെളുപ്പാന്‍ കാലത്താണ് അച്ഛനെക്കാണാന്‍ ഞാന്‍ മുത്തച്ഛന്റെകൂടെ
ജയിലിലേക്ക് പോകുന്നത്. പടിഞ്ഞാറന്‍
ചക്രവാളത്തില്‍ ഒരു
തങ്കത്തളികപോലെ
തിളങ്ങുന്ന ആ നിലക്കാഴ്ച മനസ്സില്‍ മായാതെ
കിടക്കുന്നു. അതിരാവിലെ നാലുമണിക്ക് എഴുന്നേറ്റ് കുളിക്കാനായി
വീടിന്നരികിലുള്ള ഒരു കൈത്തോടിന്റെ കരയില്‍ നില്‍ക്കുമ്പോഴാണ് ആ ദൃശ്യം എന്നില്‍ ആഴത്തില്‍ പതിഞ്ഞത്.
കുഞ്ഞുനാളിലെ
കുറേയേറെ ഓര്‍മ്മകളില്‍ ആ നിലാവും പരിസരവും ഒളിമങ്ങാതെ
നില്‍ക്കുന്നുണ്ട്. അച്ഛന്‍
ജയിലിലായതിനാല്‍
മുത്തച്ഛനാണ് ഞങ്ങള്‍ക്ക് പലപ്പോഴും സഹായിയായി എത്തിയിരുന്നത്.
വെള്ളിലക്കാടുകള്‍
പൂത്തുലഞ്ഞുനില്‍ക്കുന്ന തോട്ടിനരികില്‍
താടിയെല്ലുകള്‍
കൂട്ടിയിടിക്കുന്ന തണുപ്പ് വകവെക്കാതെ
മുങ്ങിക്കുളിക്കുമ്പോള്‍ അങ്ങകലെ സെന്‍ട്രല്‍
ജയിലിലെ
അച്ഛനെക്കുറിച്ചായിരുന്നു ചിന്ത! ചന്ദ്രികയുടെ
പാലൊളികള്‍ വിശ്വമെങ്ങും വ്യാപിച്ചുകിടക്കുന്ന
മലമടക്കുകളില്‍ മഞ്ഞലകള്‍ ഘനീഭവിച്ചുനില്‍ക്കുന്നു. ചന്ദ്രരശ്മികള്‍ മനസ്സില്‍ സൃഷ്ടിക്കുന്നത്
അവാച്യമായ
അനുഭൂതിയാണ്. പ്രപഞ്ചം ഉറക്കത്തില്‍
നിന്നുണരുമ്പോഴുണ്ടാകുന്ന നേര്‍ത്ത നിശ്ശബ്ദതയുടെസംഗീതം തംബുരു
ശ്രുതിപോലെ
തോന്നിയിരുന്നു.
ഇന്നത്തെപ്പോലെ
അമ്പലങ്ങളില്‍നിന്നുള്ള കീര്‍ത്തനങ്ങളോ
പള്ളികളില്‍നിന്നുള്ള
ബാങ്കുവിളികളോ എങ്ങും കേട്ടതായി ഓര്‍മ്മയില്ല. തികഞ്ഞ ശാന്തതനിറഞ്ഞ അന്തരീക്ഷം.
അവിടവിടെയായി
കുയിലിന്റെ കൂജനങ്ങള്‍ മാത്രം. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലം.
ഏകദേശംഅമ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുമപ്പുറം. പന്ത്രണ്ട് കിലോ
മീറ്ററെങ്കിലും നടക്കണം ഏതെങ്കിലും ഒരു വാഹനം കിട്ടുന്ന സ്ഥലത്തെത്താന്‍. ജീപ്പ് അല്ലെങ്കില്‍ വാന്‍ എന്നുപറയുന്ന പെട്രോള്‍ വണ്ടികള്‍. അതും
വിരലിലെണ്ണാവുന്നത് മാത്രം. അതില്‍ കയറിയാല്‍ ഒരു പ്രത്യേകമണമാണ്. ഇന്നത്തെപ്പോലെ
വാഹനങ്ങളുടെ
ആധിക്യത്താലുള്ള
പുകമലിനീകരണം
ഒന്നുമുണ്ടായിരുന്നില്ല.
മാതമംഗലമാണ് ജീപ്പ് കിട്ടുന്ന സ്ഥലം. ഇടുങ്ങിയ ചെമ്മണ്‍ പാതയുടെ
ഇരുവശത്തുമായി ഏതാനും ഓടിട്ടകെട്ടിടങ്ങള്‍
മാത്രമുള്ള സ്ഥലം.
അവിടന്ന് ജീപ്പില്‍
പിലാത്തറ എത്തിയാല്‍ ദേശീയപാതയായി.
വിജനമായ
കാട്ടുപാതകളിലൂടെ വേണം മാതമംഗലത്തെത്താന്‍ മുത്തച്ഛന്റെ കൂടെ
അതിരാവിലെ ഒരുങ്ങി
പാറക്കെട്ടുകള്‍ താണ്ടി ഒരാള്‍പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന
പുല്‍ച്ചെടികളും വകഞ്ഞുമാറ്റി ഒറ്റയടിപ്പാതയിലൂടെ ഒരു യാത്ര. പുല്‍ച്ചെടികളില്‍ തങ്ങിനില്‍ക്കുന്ന
മഞ്ഞുതുള്ളികള്‍
ഇട്ടിരിക്കുന്ന
വസ്ത്രങ്ങളെല്ലാം
നനച്ചിട്ടുണ്ടാകും
അപ്പോഴേക്കും. ഇടക്ക്
മുത്തച്ഛന്‍ ചില
നരികളെക്കുറിച്ചുള്ള
കഥകളൊക്കെ പറയുമ്പോള്‍ എന്റെ കുഞ്ഞുമനസ്സില്‍
ഭയത്തിന്റെ കരിമേഘങ്ങള്‍ ഉരുണ്ടുകൂട്ടും! അതുകൊണ്ട് മുത്തച്ഛന്റെ മുന്നിലാണോ പിന്നിലാണോ നടക്കാന്‍ കൂടുതല്‍ സുരക്ഷിതത്വം എന്ന് ശങ്കിച്ചിരുന്നു. എടോളി എന്ന സ്ഥലത്ത് നിന്ന് പുറപ്പെട്ട് വെള്ളോറ, മുണ്ടിയുള്ളപൊയില്‍, കോയിപ്ര,
പായത്താംപൊയില്‍
മാതമംഗലം എന്ന
ചെറുപട്ടണത്തിലെത്താന്‍. മാതമംഗലത്ത് നിന്ന് ജീപ്പ് നിറയെ ആളുകള്‍
കയറിക്കഴിഞ്ഞാല്‍ കീ കൊടുത്താല്‍ സ്റ്റാര്‍ട്ടാകാതെ നില്‍ക്കുന്ന വണ്ടി
സ്റ്റാര്‍ട്ടാക്കുന്നത് തന്നെ പ്രത്യേകരസമുള്ള
കാഴ്ചയാണ്. വണ്ടിയിലെ 'കിളി' എന്നു പറയുന്ന ആള്‍ ഏകദേശം 'ഇസഡ്'
ആകൃതിയിലുള്ള ഒരു ഇരുമ്പ് ദണ്ഡ് ജീപ്പിന്റെയോ വാനിന്റേയോ
മുന്‍വശത്തുള്ള ഒരു
ദ്വാരത്തിലൂടെ മുന്നോട്ട് കടത്തി ഒന്ന് രണ്ട് പ്രാവശ്യം വട്ടത്തില്‍ കറക്കും
അപ്പോഴേക്കും വണ്ടി സ്റ്റാര്‍ട്ടായിക്കാണും.
ഇല്ലെങ്കില്‍ യാത്രക്കാര്‍തന്നെ ഇറങ്ങി പിന്നില്‍നിന്നും തള്ളി സ്റ്റാര്‍ട്ടാക്കും. ജീപ്പിന്റെ 'ബോണറ്റ്' എന്ന് പറയുന്ന എഞ്ചിന്‍ കവചത്തിന്റെ രണ്ടു വശങ്ങളിലുമായി മഞ്ഞ അക്ഷരങ്ങള്‍ എംബോസ്
ചെയ്തിരിക്കുന്നതായി കാണാം. 'വില്ലീസ്' എന്ന് ഇംഗ്ലീഷില്‍ ആലേഖനം ചെയ്തിരിക്കുന്നത് ഞാന്‍ വായിക്കുമ്പോള്‍ 'ഇവില്ലീസ്' എന്നാണ് തോന്നിയിരുന്നത്. കാരണം 'ഐയും' ' വിയും' ഒരു പ്രത്യേകരീതിയിലാണ് ഡിസൈന്‍
ചെയ്തിരിക്കുന്നത്. ഏറെക്കാലങ്ങള്‍ക്ക് ശേഷമാണ് അത് 'വില്ലീസ്' ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. 'ഡബ്ല്യു' എന്ന അക്ഷരം പറ്റിച്ച പണി! ഇടുങ്ങിയ ചെമ്മണ്‍പാതയിലൂടെ ജീപ്പ്‌യാത്ര വളരെ
രസകരമായ
അനുഭവമായിരുന്നു. ആ വാഹനത്തിന്റെ ഉള്ളിലും പുറത്തുമായി ഏകദേശം പത്തുമുപ്പത്തിയഞ്ചുപേര്‍ കയറി പ്പറ്റിയിട്ടുണ്ടാകും. ബോണറ്റിനുമുകളില്‍
എട്ടുപേര്‍, ഉള്ളിലെ സീറ്റിലും ബാക്ക് ഡോറിന്റെ മുകളിലുമൊക്കെയായി പന്ത്രണ്ടുപേര്‍
സ്റ്റെപ്പിനിടയറിനും
ടോപ്പിലുമായി പത്തുപേര്‍, പിറകില്‍ തൂങ്ങി അഞ്ചാറുപേര്‍ അങ്ങിനെ എല്ലാംകൊണ്ടും ഒരു
മനുഷ്യപര്‍വ്വതം മെല്ലെ നീങ്ങുന്നതുപോലെ
ആയിരുന്നു ആ യാത്ര.
ഇറക്കങ്ങളില്‍ എപ്പോഴും ന്യൂട്രല്‍ മോഡിലായിരിക്കും വണ്ടി ഓടുന്നത്, പെട്രോള്‍ ലാഭിക്കാന്‍. ഡ്രൈവറുടെ മനസ്സാന്നിദ്ധ്യവും
ഡ്രൈവിംഗിലെ മികവും ഒക്കെക്കൊണ്ട് ഇന്നേവരെ ഒരു അപകടവും
നടന്നതായി
കേട്ടുകേള്‍വി
പോലുമുണ്ടായിരുന്നില്ല. ജീപ്പിനകത്ത് ആളുകളുടെ ഇടയില്‍ ചിലപ്പോള്‍
ചാക്കുകെട്ടുകളും ഉള്ളതായി കണ്ടിരുന്നു. കപ്പയോ
കുരുമുളകോ, അടക്കയോ ഒക്കെയാകും അതിനുള്ളില്‍. എങ്കിലും യാത്രക്കാര്‍
ഒരിക്കലും
പരിഭ്രമിച്ചതായി
കണ്ടിരുന്നില്ല.പ്രധാനനിരത്തായ ഇന്നത്തെ ദേശീയപാത പിലാത്തറയിലൂടെ കടന്നുപോകുന്ന ജംഗ്ഷനില്‍ വണ്ടി എത്തുമ്പോള്‍ നേരം നന്നേ വെളുത്തിട്ടുണ്ടാകും. എന്‍.കെ.ബി.ടി എന്നോ മറ്റോ ആയിരുന്നു അന്ന് അതിലൂടെ പയ്യന്നൂരില്‍ നിന്നും
കണ്ണൂരിലേക്ക് സര്‍വ്വീസ്
നടത്തിയിരുന്ന ബസിന്റെ പേര്. ഇന്നത്തെ ബസ്സുകളുടെ
ഏകദേശം പകുതിയോളം മാത്രം വലിപ്പമുള്ള വാഹനം. പെട്രോള്‍തന്നെയായിരുന്നു അതിന്റെയും ഇന്ധനം. ബസ്സില്‍ കയറിയാല്‍ പിറകിലേക്ക്
ഓടിപ്പോകുന്ന മരങ്ങളും
മലകളും ആകാശവും ഒരു സിനിമയുടെ സീനുകള്‍പോലെ അനുഭവപ്പെട്ടിരുന്നു. പെട്രോള്‍ കത്തുമ്പോഴുണ്ടാകുന്ന ഒരു പ്രത്യേകമണം മൂക്കിലേക്ക് വലിച്ചുകയറ്റുക രസമുള്ള
പരിപാടിയായിരുന്നു.
ഏകദേശം ഉച്ചയോടടുത്ത് ഞങ്ങള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുമുമ്പില്‍ ബസ്സിറങ്ങി. ജയില്‍ കവാടത്തില്‍ കാവല്‍നില്‍ക്കുന്ന
കട്ടിമീശയുള്ള പോലീസ് എന്നില്‍ ഭയത്തിന്റെ
മിന്നലുകള്‍ സൃഷ്ടിച്ചു.
തടിമിടുക്കും കട്ടിമീശയും കാക്കി നിക്കറും കൂമ്പന്‍ തൊപ്പിയും ഉള്ള കുറേ
പോലീസുകാര്‍ അങ്ങോട്ടു
മിങ്ങോട്ടും
നടക്കുന്നുണ്ടായിരുന്നു. ഞാന്‍ മുത്തച്ഛന്റെ ശരീരത്തോട് ചേര്‍ന്ന് കൈപിടിച്ചുനടന്നു.
ജയിലിന്റെ കൂറ്റന്‍
ചുറ്റുമതിലുകള്‍ക്കുള്ളില്‍ എത്രേയോ തടവുകാര്‍
പിടിച്ചുപറിയും,
കൊലപാതകവും
മോഷണവും
ബലാത്സംഗങ്ങളും
പീഡനങ്ങളും നടത്തി
അകത്തായവരും ഒന്നും ചെയ്യാതെ ഒരു
കൊലപാതകത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്ന എന്റെ അച്ഛനും പ്രതികളിലൊരാളായി വസിക്കുന്നുണ്ടായിരുന്നു ആ കാരാഗൃഹത്തില്‍.
യൂണിഫോമിട്ട
പോലീസുകാരുടെ അകമ്പടിയോട് കൂടി വന്ന അച്ഛനെ
ഒരു നോക്ക് കണ്ട്
മുത്തച്ഛന്റെ കൂടെ
തിരിച്ച് നാട്ടിലേക്ക്
യാത്രയായി. ആറ്
മാസത്തെ ജയില്‍
വാസത്തിന് ശേഷം
നിരപരാധിയായതിന്റെ
പേരില്‍ കോടതി വെറുതേ
വിട്ട അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ സന്ധ്യക്ക്
കിഴക്കന്‍
ചക്രവാളത്തില്‍ നിലാവ്
ഉദിച്ചുയരുന്നുണ്ടായിരുന്നു.

No comments:

Post a Comment