Latest News

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെമിനാര്‍ നാളെയും മറ്റന്നാളും പയ്യന്നൂരില്‍

പയ്യന്നൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെമിനാര്‍ നാളെയും മറ്റന്നാളുമായി പയ്യന്നൂരില്‍ വെച്ച് നടക്കും. ഏപ്രില്‍ മാസത്തില്‍ കണ്ണൂരില്‍ വെച്ച് നടക്കുന്ന അമ്പത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.നവലിബറലിസത്തിന്റെ കാല്‍നൂറ്റാണ്ട് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വിഷയാവതരണം.
നാളെ വൈകുന്നേരം അഞ്ച് മണിക്ക് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന പരിപാടി സി.കൃഷ്ണന്‍ എം.എല്‍.എയുടെ അദ്യക്ഷതയില്‍ അഡ്വ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.ഐ. മധുസൂദനന്‍, അഡ്വ. വി. ഷാഹുല്‍ ഹമീദ്, കെ.വി.ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
മറ്റന്നാള്‍ രാവിലെ ഒമ്പത് മണി മുതല്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നവലിബറല്‍ നയങ്ങളുടെ ഇന്ത്യന്‍ അനുഭവം എന്ന വിഷയത്തില്‍ പരിഷത്ത് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് എട്ട് സെഷനുകളിലായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി അവതരണവും ചര്‍ച്ചകളും നടക്കും.
ഉല്പാദന മേഖല, സേവന മേഖല, ധനകാര്യം, സുസ്ഥിക വികസനം, ശാസ്ത്രപുരോഗതി, സാമൂഹ്യനീതി, പ്രതിരോധ സമരങ്ങള്‍, ചെറുത്തുനില്‍പ്പും ജനകീയ ബദലും എന്നീ വിഷയങ്ങള്‍ സംബന്ധിച്ച പ്രബന്ധങ്ങള്‍ വിദഗ്ധര്‍ അവതരിപ്പിക്കും.
സമാപന സെഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അദ്യക്ഷതയില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.പി. അരവിന്ദന്‍ സെമിനാര്‍ പ്രഖ്യാപനം നടത്തും. ഡോ. വി. ശിവദാസന്‍, ഡോ. സി.ടി.എസ് നായര്‍, എന്‍. സുകന്യ, ഡോ.കെ.എന്‍ ഗണേഷ് എന്നിവര്‍ സംസാരിക്കുമെന്ന് കെ.വി ബാബു, കെ.വി. രവീന്ദ്രന്‍ മാസ്റ്റര്‍, പി.എം. സിദ്ധാര്‍ത്ഥന്‍, ടി.പി. ശ്രീധരന്‍, പി.ടി. രാജേഷ്, പി.വി. ലക്ഷ്മണന്‍, കെ. ഗോവിന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment