Latest News

ഏഴിമല മാലിന്യം പ്രശ്‌നത്തിന് പരിഹാരമുണ്ടാവുമോ?

ഏഴിമല നാവിക അക്കാദമിയില്‍ നിന്നും പുറംതള്ളുന്ന മനുഷ്യമലമടക്കം വരുന്ന മാലിന്യം രാമന്തളി നിവാസികളുടെ കുടിവെള്ളം മുട്ടിച്ചിരിക്കുകയാണ്.
അതിനെതിരായി സടകുടഞ്ഞെഴുന്നേറ്റ് രാമന്തളിയിലെ ജനങ്ങള്‍ ദിവസങ്ങളായി സമരത്തിലാണ്. സമരം പരിഹാരം കാണാതെ
ഇരിക്കുന്നു. രണ്ടുവര്‍ഷം മുമ്പു പയ്യന്നൂരില്‍ പുഞ്ചക്കാട്
പള്ളിജീവനക്കാരന്‍ ഹക്കിം ചുട്ടുകരിക്കപ്പെട്ടപ്പോള്‍ നടന്ന സമരം ആരും മറന്നുകാണില്ല. സമരം ഉജ്വലമാകുകയും എല്ലാവരും ഒന്നിച്ചു നില്‍ക്കുകയും ചെയ്തിട്ടും ഇന്നും അതിനൊരു പരിഹാരമായില്ല എന്നത് ഇരുത്തി ചിന്തിക്കേണ്ടതു തന്നെ. രാമന്തളിയില്‍ ആരോഗ്യരക്ഷാസമിതിയും പഞ്ചായത്തിലെ
അധികാരികളും അവരുടെ കീഴാളികളും എല്ലാ വിഭാഗം രാഷ്ട്രീയസംഘടനകളും സജീവമായി സമരം നടത്തുമ്പോള്‍ പ്രശ്‌ന പരിഹാരം എന്തുകൊണ്ട് അടുത്തൊന്നും ഉണ്ടാകാതെ പോകുന്നു. അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും
ഏറെ ഉണ്ടായിരിക്കുന്നു. അക്കാദമി അധികൃതര്‍ക്ക് മാത്രം ഒരു കുലുക്കവുമില്ല. കോളിഫോം ബാക്ടീരിയയുടെ വ്യാപനം മാത്രമല്ല മനുഷ്യനു
ജീവിക്കാനായി ശുദ്ധജലം കിട്ടാതാക്കുക എന്ന ക്രിമിനല്‍ കുറ്റമാണ് ഇവിടെ നടത്തിയിരിക്കുന്നത്. അതിനുള്ള പരിഹാരമാണ് ഉണ്ടാവേണ്ടത്. ആ നിലയ്ക്ക് പഞ്ചായത്ത് അധികൃതര്‍ എടുക്കേണ്ടതായ യാതൊരു നടപടിയും ഈ
വിഷയത്തില്‍ എടുക്കുകയുണ്ടായില്ല. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞതനുസരിച്ചു പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ
വീഴ്ച ഉടന്‍ തന്നെ പരിഹരിക്കാനുള്ള ആവശ്യം ജനങ്ങളില്‍ നിന്നു ഉയര്‍ന്നു വരികയും ആ നിലക്കുള്ള നിയമനടപടികള്‍ അടിയന്തരമായി ഉണ്ടാവേണ്ടതുണ്ട്.നാവിക അക്കാദമിക്കാര്‍ എന്തുകാണിച്ചാലും ചോദ്യം ചെയ്യപ്പെടാവുന്നതല്ല എന്ന അലിഖിത നിയമം നിലനില്‍ക്കുന്ന ഒരു നാടായതിന്റെ പരിണിതഫലം മാത്രമാണ് രാമന്തളിക്കാര്‍ക്ക് കിട്ടിയിരിക്കുന്നത്.1983 ല്‍ കണ്ണൂര്‍-കാസര്‍ഗോഡ്
ജില്ലകളുടെ മുഖം തന്നെ മാറ്റുന്ന വികസന പദ്ധതിയായി അന്നത്തെ എം.എല്‍.എ. എം.വി. രാഘവന്‍ കൊണ്ടുവന്നപ്പോള്‍, രാഷ്ട്രീയക്കാര്‍ ഏറ്റവും വലിയവികസനമായതിനെ അവതരിപ്പിക്കുകയായിരുന്നു. മഹാബലിയെ ചവിട്ടിതാഴ്ത്താനായി എത്തിയ വാമനന്റെ വരവിനോട് സാദൃശ്യമുള്ള ഒന്നായിട്ടാണ് ഞങ്ങളെപ്പോലുള്ളവരിതിനെ കണ്ടത്. അന്ന് അതിനെ എതിര്‍ത്തതിന്റെ പേരില്‍ രാജ്യദ്രോഹികളുടെ പട്ടികയില്‍ ഇടം പിടിക്കുകയായിരുന്നു.
'84 ല്‍ അക്കാദമിയുടെ തറക്കല്ലിടാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി എത്തുമ്പോള്‍ പയ്യന്നൂര്‍ പോലീസ് ലോക്കപ്പില്‍ മുന്‍കരുതലായി
കസ്റ്റഡിയില്‍ കഴിഞ്ഞ ഒരു ഓര്‍മ്മ എനിക്ക് ഇപ്പോഴും ബാക്കി നില്‍ക്കുന്നതാണ്. എന്നാല്‍ ജനങ്ങള്‍ക്ക് ദുരിതം മാത്രം നല്‍കുന്ന ഇത്തരം ഏറെ പദ്ധതികള്‍ രാജ്യത്ത് ഉണ്ടെന്നിരിക്കെ അതിനോടുള്ള ഒരു ശരിയായ സമീപനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെങ്കിലും ഉണ്ടാവേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് പഞ്ചായത്ത് രാജിന്റെ അധികാരങ്ങള്‍ പോലും ഉപയോഗിക്കാന്‍ കഴിയാതെ വരുന്നതും ലൈസന്‍സ് നിര്‍ബന്ധിതമാക്കാനും നിബന്ധനകള്‍
ലംഘിക്കുമ്പോള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ കൈകൊള്ളാതിരിക്കുന്നത്. അത്തരം നടപടികള്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നേരത്തെ ഉണ്ടാവേണ്ടതുള്ളപ്പോള്‍ ഇന്ന് ഈ സമരത്തിന്റെ ആവശ്യം തന്നെ ഉണ്ടാവില്ല.
മുഴുവന്‍ ആളുകളുടെയും മലം സംഭരിക്കാനായി ഒരു ഭാഗത്തായി ഒരു പ്ലാന്റ് മാത്രം നിര്‍മ്മിച്ചത് തന്നെ അശാസ്ത്രീയമായിരിക്കെ വെള്ളത്തിന്റെ നീരൊഴുക്കു കണ്ടു അവിടം ഒഴിവാക്കി മണ്ണില്‍ ലയിക്കാവുന്ന വിധം കൂടുതല്‍ എണ്ണം പ്ലാന്റ് നിര്‍മ്മിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അത്തരം പ്ലാന്റില്‍ നിന്നും ഗ്യാസ് ഉണ്ടാക്കാനും മറ്റു മൂല്യവര്‍ദ്ധിതമായ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം ടെക്‌നോളജി വളര്‍ന്നിരിക്കെ അതിനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കാനും അധികൃതര്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. ആ നിലയ്ക്ക് മാത്രം ശാശ്വതമായ പരിഹാരം ഉണ്ടാക്കുകയും ദുരിതം പേറുന്ന രാമന്തളിയിലെ ജനങ്ങള്‍ക്കു കിട്ടേണ്ട കുടിവെള്ളം ഏതുവഴിക്കായാലും അടിയന്തിരമായി എത്തിച്ചുകൊടുത്തും നിലവിലുള്ള പ്ലാന്റ് അടച്ചുപൂട്ടി കൊണ്ടുള്ള ദീര്‍ഘകാല പരിഹാരവും ഉണ്ടാവേണ്ടതുണ്ട്.ഇവിടെ ദേശസ്‌നേഹം പറഞ്ഞു
ജനങ്ങളുടെ വിഷമം കാണാതിരിക്കുന്ന നടപടികള്‍ വരാനുള്ള സാദ്ധ്യത കണ്ടു
ശരിയായൊരു പരിഹാരം ഉണ്ടാക്കാന്‍ ഇന്നു സമരമുഖത്തുള്ളവര്‍
അവസാനം വരെ മുന്നോട്ടുപോകുക തന്നെ വേണം. മുന്‍കാലങ്ങളില്‍ ഉണ്ടായ ചതിവ് വരാതിരിക്കാനുള്ള ജാഗ്രതയാണ് ആവശ്യം. രാമന്തളി നിവാസികളുടെ നീതിക്കായുള്ള പോരാട്ടത്തില്‍ മറ്റു പ്രദേശത്തുകാരും പിന്തുണക്കേണ്ടത്
ആവശ്യമായിരിക്കുന്നു. അത്തരം പ്രവര്‍ത്തനം നടത്തികൊണ്ടു സമരം
വിജയിപ്പിക്കേണ്ടത് എല്ലാവരുടേയും ആവശ്യമായി മാറിയിരിക്കുന്നു. 

No comments:

Post a Comment