Latest News

രാമന്തളിക്കാരെ ജീവിക്കാന്‍ അനുദിക്കുക

തലമുറകളായി ഉണ്ടാക്കിയ സമ്പത്ത് മുഴുവന്‍ സര്‍ക്കാര്‍ ഔദാര്യമെന്നപോലെ അനുവദിച്ച് നല്‍കിയ തുകയും വാങ്ങി പലായനം ചെയ്യേണ്ടിവന്ന രാമന്തളിയിലെ ജനങ്ങളില്‍ ശേഷിച്ചവരാണ്, ത ങ്ങള്‍ എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി സര്‍വ്വസ്വവും ത്യജിച്ചുവൊ, അതേ കാരണത്താല്‍ പൊറുതിമുട്ടി തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നത്. 'പലായനം' ചെയ്തവരില്‍ ചിലര്‍ ഇപ്പോഴും തങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ നഷ്ടപരിഹാര തുകക്കുവേണ്ടി സര്‍ക്കാര്‍ ഓഫീസുകളിലും കോടതിമുറികളിലും കയറിയിറങ്ങിക്കൊണ്ടിരിക്കുകയുമാണ്.
രാജ്യരക്ഷയുടെ പേരുപറഞ്ഞാണ് രാമന്തളിയിലെ ജനങ്ങളെ ഏഷ്യയിലെ തന്നെഏറ്റവും വലിയ നാവിക അക്കാദമി സ്ഥാപിക്കുന്നതിനുവേണ്ടി ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഒഴിപ്പിച്ചെടുത്തത്. വികസനം വരും, രാമന്തളിക്കാര്‍ക്ക് തൊഴില്‍ ലഭിക്കും, നാട് സ്വര്‍ഗ്ഗമാവും ഇതൊക്കെയായിരുന്നു പ്രലോഭനങ്ങള്‍. ആരും സമ്മതിച്ചില്ലെങ്കിലുംകേന്ദ്രസര്‍ക്കാറിന് രാജ്യരക്ഷയുടെ പേരില്‍ എവിടെയും എപ്പോഴുംഏത് ഭൂമിയുംഏറ്റെടുക്കാമെന്ന ഭീഷണിയും.
ഒന്നുമുണ്ടായില്ല. വികസനവുമുണ്ടായില്ല, സ്വര്‍ഗ്ഗവും വന്നില്ല. എന്നുമാത്രമല്ല, ഇപ്പോള്‍ രാമന്തളിക്കാരുടെ ജീവിതം നരകതുല്യമായിത്തീര്‍ന്നിരിക്കുന്നു. നാവിക അക്കാദമിയിലെ അയ്യായിരത്തോ ളം വരുന്ന പരിശീലകരുടെ മലവും മൂത്രവും മറ്റു മാലിന്യങ്ങളും രാമന്തളിയിലെ ജനങ്ങളുടെ ശുദ്ധജലവും ശുദ്ധവായുവും മുട്ടിച്ചിരിക്കുകയാണ്. ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തെതന്നെ വെല്ലുവിളിക്കുകയാണ്.
ഇതിനെതിരെയുള്ള രാമന്തളിക്കാരുടെ അതിജീവനത്തിനായു ള്ള സമരമാണ് കഴിഞ്ഞ നാല്‍പത് ദിവസമായി നാവിക അക്കാദമിക്ക് മുന്നില്‍ നടന്നുവരുന്നത്. എന്നാല്‍ ഉത്തരവാദപ്പെട്ട അധികാരകേന്ദ്രങ്ങള്‍ അത് ഗൗരവപൂര്‍വ്വം കണക്കിലെടുക്കുന്നുണ്ടൊ? പ്രശ്‌നപരിഹാരത്തിനായുള്ള നടപടിയുമായി മുന്നോട്ടുവരുന്നുണ്ടോ? ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലാഭാഗത്തുനിന്നും സമരത്തിന് പിന്തുണ ലഭിക്കുന്നമുണ്ട്. രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ സമരപ്പന്തലിലെത്തി സമരം ചെയ്യുന്നവരെയും രാമന്തളിയിലെ ജനങ്ങളെയും അഭിവാദ്യം ചെയ്തുമടങ്ങിപ്പോയിട്ടുണ്ട്. അപ്പോഴും വഞ്ചിതിരുനക്കരതന്നെ നില്‍ക്കുകയാണ്.
രാജ്യരക്ഷയെ തൊടുമ്പോള്‍ വിറയല്‍ അനുഭവപ്പെടുന്നു ണ്ടൊ ആര്‍ക്കെങ്കിലും; രാമന്തളിയിലെ ജനങ്ങള്‍ക്ക് അതില്ലെന്ന് അവര്‍ തെളിയിക്കുന്നുണ്ട്. രാജ്യരക്ഷ എന്നാല്‍ എന്താണ്? അതിര്‍ത്തികളുടെ സുരക്ഷയൊ, അതിര്‍ത്തിക്കുള്ളിലെ ജനങ്ങളുടെ സുരക്ഷ യൊ? ആദ്യത്തേതാണെങ്കില്‍ ഒന്നും പറയാനില്ല. രണ്ടാമത്തേതാണെങ്കില്‍ അധികാരികള്‍ കണ്ണുതുറക്കണം. അടിയന്തിരമായി പ്ര ശ്‌നത്തിന് പരിഹാരമുണ്ടാവണം. അവിടെ മാലിന്യപ്ലാന്റ് സ്ഥാപിച്ചതില്‍ നിയമലംഘനമുണ്ടായി എന്നാണ് അറിയുന്നത്. നിയമലംഘനം രാജ്യരക്ഷയുടെ പേരിലായാലും നിയമലംഘനം തന്നെയാണെന്ന് അധികാരികള്‍ അംഗീകരിക്കണം. ആ നിലക്കും നടപടിയുണ്ടാവണം.
സ്ഥിതിഗതികള്‍ പഠിക്കാന്‍സംസ്ഥാന സര്‍ക്കാര്‍ അഞ്ചുപേരടങ്ങിയ ഒരു കമ്മിറ്റിയെ നിയോഗിച്ചതായി വാര്‍ത്തയുണ്ട്. വൈകിയാണെങ്കിലും അത്രയെങ്കിലും ചെയ്തത് നല്ലതുതന്നെ. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. അത്രയും ദിവസം രാമന്തളിയിലെ ജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്നുകൂടി ഉത്തരവാദപ്പെട്ടവര്‍ പറയണം.

No comments:

Post a Comment