Latest News

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ കണ്ടോത്ത് എ.എല്‍.പി സ്‌കൂളിന് സഹായപ്പെരുമഴ

കണ്ടോത്ത്: സ്‌കൂള്‍ വികസനത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ കണ്ടോത്ത് എ.എല്‍.പി സ്‌കൂളിന് സഹായപെരുമഴ. പരിപാടിക്കെത്തിയവരില്‍ ചിലര്‍ തങ്ങളുടെ സംഭാവനത്തുക വേദിയില്‍ വെച്ച് കൈമാറി. സംഗമം തീരുമ്പോഴേക്കും തുക നാല് ലക്ഷത്തോളമായി.
പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കണ്ടോത്ത് എ.എല്‍.പി സ്‌കൂള്‍ സമഗ്രമായി വികസിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചത്. അഞ്ഞൂറിലേറെപ്പേര്‍ പങ്കെടുത്ത സംഗമത്തില്‍ സ്‌കൂള്‍ വികസന പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. സംഭാവനകള്‍ ക്ഷണിക്കുകയും ചെയ്തു. സ്‌കൂളിലെ അധ്യാപകര്‍ തങ്ങളുടെ വിഹിതം വേദിയില്‍ വെച്ച് കൈമാറി. ഒപ്പം പൂര്‍വ്വ വിദ്യാര്‍ത്ഥികളും പൊതുപ്രവര്‍ത്തകരും ചേര്‍ന്നപ്പോള്‍ സംഗമത്തില്‍ മാത്രം നാലുലക്ഷത്തോളം രൂപ സ്‌കൂള്‍ വികസനത്തിനായി ലഭിച്ചു. ഒപ്പം മറ്റുള്ളവരുടെ വാഗ്ദാനങ്ങളും.
പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ സംഗമം ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പൂര്‍വ്വ അധ്യാപകരെയും ആദരിച്ചു. സി കരുണാകരന്‍ അധ്യക്ഷനായി. പി. നാരായണന്‍ മാസ്റ്റര്‍, ഇ.പി. ശ്യാമള, കെ. ജയരാജ്, എ. മനോഹരന്‍, കെ.വി. നളിനി ടീച്ചര്‍, സരിത ജയേഷ്, ടി.പി. കമലാക്ഷന്‍, ടി.ഇ. ഉഷ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. സ്‌കൂളിന്റെ ആധുനികവല്‍കരണം, നിലവിലുള്ള സ്‌കൂള്‍ നവീകരണം, ലൈബ്രറി എന്നിവ ഉടന്‍ യാഥാര്‍ത്ഥ്യമാക്കാനാണ് സ്‌കൂള്‍ വികസന സമിതി ലക്ഷ്യമിടുന്നത്. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോഴേക്കും നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനാണ് തീരുമാനം.

No comments:

Post a Comment