Latest News

ജനകീയ ബാങ്കിംഗ് ഔദാര്യമല്ല അവകാശമാണ്-2

ജി. സുധാകരന്‍
ബാങ്കുകളില്‍ നിന്നും ആട്ടിയോടിച്ച സാധാരണക്കാരെ
തിരിച്ചുവിളിക്കാനാണ് ജന്‍ധന്‍യോജന പാടാന്‍
തുടങ്ങിയത്.
കോടിക്കണക്കിന്
എക്കൗണ്ടുകള്‍ തുടങ്ങി. ബാലന്‍സ് വട്ടപൂജ്യം.
ബാങ്കുകളില്‍ ജോലിഭാരം കൂടിയത് മാത്രം മിച്ചം. ഇപ്പോള്‍ ഇന്‍ഷൂറന്‍സും പാടി തുടങ്ങി.
യഥാര്‍ത്ഥത്തിലുള്ള
ധനകാര്യ ഉള്‍ചേര്‍ക്കല്‍ ആണ് ഭരണകൂടം
ഉദ്ദേശിക്കുന്നതെങ്കില്‍
സാധാരണക്കാരുടെയും കര്‍ഷകരുടെയും മറ്റ് ഗ്രാമീണ
കൈത്തൊഴിലുകാരുടെയും ദിവസ വരുമാനം
വര്‍ധിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ വായ്പകള്‍
ലഭ്യമാക്കണം. എല്ലാ
ഗ്രാമങ്ങളിലും
ബാങ്കുശാഖകള്‍ തുറക്കണം. ഇപ്പോള്‍ ശാഖകള്‍ക്ക് പകരം ബിസിനസ്സ്
കറസ്‌പോണ്ടന്റുമാരെ
നിയമിക്കാനാണ് പരിപാടി. ബാങ്കുകള്‍
സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ ഇന്ത്യന്‍ ജനതയ്ക്ക് ഇന്ന് ലഭ്യമാകുന്ന ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകും.
1994ല്‍ ആകെ ബാങ്ക്
ശാഖകളുടെ 57.16
ശതമാനം ഗ്രാമങ്ങളിലായിരുന്നു. 2013ല്‍
ഗ്രാമപ്രദേശങ്ങളിലെ ബാങ്കുശാഖകള്‍ 37.18
ശതമാനമായി കുറഞ്ഞു. വന്‍ നഗരങ്ങളില്‍
ബാങ്കുശാഖകള്‍
മൂന്നിരട്ടിയില്‍ അധികമായി.
മുന്‍ഗണനാ മേഖലകള്‍ക്ക് യഥേഷ്ടം വായ്പ
ലഭ്യമാക്കുന്നു എന്ന്
അവകാശപ്പെടുകയാണ്
ഭരണാധികാരികള്‍. എന്നാല്‍ കൃഷി,
ചെറുകിട വ്യവസായം
തുടങ്ങിയ മര്‍മ്മപ്രധാന മേകലകള്‍ക്കുള്ള വായ്പ കുറഞ്ഞുവരുന്നതായി റിസര്‍വ്വ് ബാങ്ക് പഠനം വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും കാര്‍ഷിക
വായ്പ ലക്ഷ്യം കവിഞ്ഞു എന്ന് ധനമന്ത്രി
പ്രഖ്യാപിക്കുമ്പോള്‍ അത് എത്രമാത്രം ശരിയാണെന്ന് നാം പരിശോധിക്കണം. കോര്‍പ്പറേറ്റുകളാണ് ബാങ്ക് വായ്പയുടെ സിംഹഭാഗവും അനുഭവിക്കുന്നത്.
1994ല്‍ കൃഷിക്കും ചെറുകിടവ്യവസായത്തിനും ലഭിച്ച വായ്പ ആകെ വായ്പയുടെ 30.03 ശതമാനം. 2013ല്‍
അത് പകുതിയോളം കുറഞ്ഞ് 17.95
ശതമാനമായി.
പട്ടിക ശ്രദ്ധിക്കുക.
ചെറിയ ചെറിയ വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍
വിമുഖത കാട്ടുകയാണ്. അതുകൊണ്ട്
ഗ്രാമപ്രദേശങ്ങളില്‍ പോലും കൊള്ളപലിശക്കാരും മൈക്രോ ഫിനാന്‍സ്
കമ്പനികളും അരങ്ങ് തകര്‍ക്കുകയാണ്.
25000 രൂപയില്‍ താഴെയുള്ള വായ്പകള്‍ ഗണ്യമായി
കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.1994-2012 കാലഘട്ടത്തില്‍ 25000
രൂപയില്‍ താഴെ വായ്പ
ലഭിച്ചവരുടെ എണ്ണം 55
മില്യനില്‍ നിന്ന് 44
മില്യനായി കുറഞ്ഞു.
ഭരണകൂടം ധനകാര്യ ഉള്‍ചേര്‍ക്കല്‍ വന്‍
ആഘോഷമാക്കി പാടി
നടക്കുമ്പോള്‍ മറുഭാഗത്ത് സാധാരണ ജനങ്ങള്‍ക്ക്
ലഭ്യമായിരുന്ന വായ്പകള്‍ നിഷേധിക്കപ്പെടുകയാണ്. 1994ല്‍ 25000 രൂപയില്‍ താഴെയുള്ള വായ്പ
ആകെ വായ്പയുടെ
18.3 ശതമാനം ആയിരുന്നു. ഇപ്പോള്‍ കേവലം
1.6 ശതമാനം മാത്രം.
ബാങ്കുകള്‍ ഗ്രാമങ്ങളെയും സാധാരണ ജനങ്ങളെയും തീരെ
അവഗണിക്കുകയാണ്.
ഇന്ത്യയിലെ മുഴുവന്‍
ഗ്രാമങ്ങളിലും ശാഖകള്‍ തുറന്ന് മുഴുവന്‍
ഇന്ത്യക്കാര്‍ക്കും ബാങ്കിംഗ് സേവനം ലഭ്യമാക്കണം. ഗ്രാമീണ ദരിദ്രരുടെ
വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍
വായ്പാ പദ്ധതികള്‍
നടപ്പിലാക്കണം. കൃഷി ഉള്‍പ്പെടെ പ്രധാന
മേഖലകളില്‍ പൊതു നിക്ഷേപം വര്‍ദ്ധിപ്പിച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനും നടപടികള്‍ തുടരണം. ഇത്തരം
ജനക്ഷേമ പദ്ധതികളില്‍ ശ്രദ്ധിക്കാതെ
കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ ബാങ്കുകള്‍ തുടങ്ങാന്‍ ലൈസന്‍സ് നല്‍കാനുള്ള നടപടികള്‍ അണിയറയില്‍ തുടരുകയാണ്. ഇന്ത്യന്‍ ജനതക്ക് ആവശ്യം സ്വകാര്യ ബാങ്കുകളല്ല
ജനകീയ ബാങ്കിംഗ്
നയമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ വിദേശ
ബാങ്കുകളും
ദേശസാല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ബാങ്കിംഗ് സേവനം
ലഭ്യമാക്കാന്‍ ഓരോ
ഇന്ത്യക്കാരനും
ശബ്ദമുയര്‍ത്തുക.
ബാങ്ക്, ഇന്‍ഷൂറന്‍സ്
സ്ഥാപനങ്ങള്‍
പൊതുഉടമയില്‍ മാത്രം. ബാങ്കുസ്വകാര്യവല്‍ക്കരണ നടപടികള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക. ജനകീയ ബാങ്കിംഗ്
ജനനന്മയ്ക്ക്. ജനകീയ ബാങ്കിംഗ് ഭരണകൂടം നല്‍കേണ്ട ഔദാര്യമല്ല
ജനതയുടെ അവകാശമാണ്. അവകാശ സംരക്ഷണത്തിനായി പോരാട്ടം
ശക്തിപ്പെടുത്തുക.
രാജ്യത്തിന്റെ സമ്പത്ത്
രാജ്യ പുരോഗതിക്കുവേണ്ടി വിനിയോഗിക്കുക.

No comments:

Post a Comment