Latest News

രാക്കിളിക്കൂട്ടം സമാപിച്ചു

പയ്യന്നൂര്‍: വെള്ളൂര്‍ ജവഹര്‍ വായനശാല ആന്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ വായനാശാലാ പരിസരത്ത് സംഘടിപ്പിച്ച അറിവുത്സവം-''രാക്കിളിക്കൂട്ടം' സമാപിച്ചു. അഞ്ച് ദിവസങ്ങളിലായി നടത്തിയ അവധിക്കാല ക്യാമ്പ് സയന്‍സ ്പാര്‍ക്ക് ഡയരക്ടര്‍ കെ. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നാടന്‍ സംഗീതത്തിന്റെ രസക്കൂട്ടുകളുമായി ബാബു മണ്ടൂരിന്റെ പാട്ടുപെട്ടി, രതീഷ് വൈക്കത്തിന്റെ മാജിക് മാജിക് എന്നിവയുടെ രണ്ടാം ദിവസം കൂച്ചുകൂടാം കളിക്കാം എന്ന പേരില്‍ ചന്ദ്രദാസിന്റെ നേതൃത്വത്തില്‍ നാടന്‍ കളികള്‍ അവതരിപ്പിച്ചു. നാട്ടുപാട്ടിന്റെ പുത്തന്‍ ശീലുകളുമായി നാടന്‍പാട്ട് കലാകാരന്‍ സുഭാഷ് അറുകരയോടൊപ്പം നാടറിയും പാട്ടുകള്‍ കുട്ടികള്‍ ഏറ്റുപാടി.
ക്യാമ്പിന്റെ മൂന്നാം ദിവസം ജീവിത വിജയത്തിന്റെ അറിവുകള്‍ പകര്‍ന്ന നിര്‍മ്മല്‍ കാരടുക്കയുടെ ചെയ്ഞ്ച് ടു എ. ബെറ്റര്‍ ലൈഫ് നുശേഷം ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനം കൊട്ടകയും ആസ്വാദ്യകരമായി.
നാലാം ദിവസം എന്‍ജോയ് ഇംഗ്ലീഷ് പുത്തന്‍ അനുഭവമാക്കി മറ്റിയത് രാകേഷ് മാസ്റ്ററാണ്. വി.വി. രവീന്ദ്രന്‍ തേന്‍വരിക്കയിലൂടെ ചക്കയുടെ പ്രധാന്യത്തെക്കുറിച്ചും വൈവിധ്യമാര്‍ന്ന രുചികളെക്കുറിച്ചും പരിചയപ്പെടുത്തി. തുടര്‍ന്ന് കോറോം യുവശക്തി ബാലവേദി ചരടുകുത്തി കോല്‍ക്കളിയും ആവതരിപ്പിച്ചു.
സമാപന ദിവസം പ്രസംഗ പാഠങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്ലാസും നിമിഷ പ്രസംഗാവതരണവും നടത്തി. തുടര്‍ന്ന് നടത്തിയ ക്യാമ്പ് അവലോകനത്തിലും സമാപന യോഗത്തിലും നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയായി. മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഇ. ഭാസ്‌കരന്‍, എം.കെ. പ്രസാദ്, എന്‍.രാജേഷ് കെ.പി. പുരുഷോത്തമന്‍, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മാഹി നാടകപ്പുരയുടെ ബാനറില്‍ നിഹാരിക എസ്. മോഹന്‍ അവതരിപ്പിച്ച മലാല അക്ഷരങ്ങളുടെ മാലാഖ എന്ന ഏകപാത്ര നാടകവും അരങ്ങേറി. വൈകുന്നേരം ആറുമണി മുതല്‍ രാത്രി പത്തുമണിവരെ നടത്തിയ ക്യാമ്പില്‍ ഇരുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്തു

No comments:

Post a Comment