Latest News

ജലം കരുതിവെക്കാനായി ഡി.വൈ.എഫ്.ഐയുടെ മഴയോരം

കരിവെള്ളൂര്‍: ജലക്ഷാമത്തെ നേരിടാന്‍ ഡി.വൈ.എഫ്.ഐ കരിവെള്ളൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി മഴയോരം പദ്ധതിയുമായി രംഗത്ത്. കരിവെള്ളൂരില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന കൂക്കാനം, ആണൂര്‍, വടക്കെ മണക്കാട്,, തെക്കെ മണക്കാട് പ്രദേശങ്ങളില്‍ കിണറുകള്‍ റീചാര്‍ജ്ജ് ചെയ്ത് നല്‍കിയാണ് ഭാവിയിലെ ജലക്ഷാമത്തെ നേരിടാന്‍ യുവാക്കള്‍ കൈകോര്‍ക്കുന്നത്.
മഴയോരം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മൊബൈല്‍ വാട്ടര്‍ ക്ലിനിക് പര്യടനം ആരംഭിച്ചു. ഓരോ പ്രദേശത്തെയും ജലസ്രോതസ്സുകളെയും ജലക്ഷാമത്തെയും ജലമാലിന്യത്തെയും കുറിച്ച് പഠനം നടത്തുകയാണ് മൊബൈല്‍ വാട്ടര്‍ ക്ലിനിക്കിന്റെ ലക്ഷ്യം. ഡി.വൈ.എഫ്.ഐയുടെ പത്തൊമ്പത് യൂനിറ്റുകളില്‍ നിന്നുള്ള യുവാക്കളാണ് സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കുന്നത്. സര്‍വ്വേയൊടൊപ്പം കിണര്‍ റീചാര്‍ജ്ജിംഗ് ആവശ്യമുള്ള വീടുകളെയും കണ്ടെത്തും. ഇതിനകം ഇരുന്നൂറോളം വീടുകള്‍ കിണര്‍ റീചാര്‍ജ്ജ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അസംസ്‌കൃത സാധനങ്ങളുടെ വിലമാത്രം വാങ്ങിയാണ് ഡി.വൈ.എഫ്.ഐ കിണര്‍ റീചാര്‍ജ്ജ് ചെയ്ത് നല്‍കുന്നത്. ഇതിനായി നാല്‍പത് വൊളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.നവീന്‍ചന്ദ്രനാണ് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍. മഴയോരം പദ്ധതിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സരിന്‍ശശി നിര്‍വ്വഹിച്ചു. പദ്ധതിയിലേക്ക് സാഹിത്യകാരന്‍ സോമന്‍ കരിവെള്ളൂരിന്റെ തന്റെ പക്ഷിശാസ്ത്രം പുസ്തകത്തിന്റെ മുന്നൂറ് കോപ്പികള്‍ സംഭാവന നല്‍കി. ബ്ലോക്ക് പ്രസിഡണ്ട് എ.വി. രഞ്ജിത് സോമന്‍ കരിവെള്ളൂരിന് ഉപഹാരം നല്‍കി.

No comments:

Post a Comment