Latest News

ശ്രീനാരായണ വിദ്യാലയം പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം

പയ്യന്നൂര്‍: സ്വാമി ആനന്ദതീര്‍ത്ഥര്‍ സ്ഥാപിച്ച പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിമഹാസംഗമം രണ്ടുദിവസങ്ങളിലായി നടന്നു. 1931 മുതല്‍ 2010 വരെ ഇവിടെ താമസിച്ചു പഠിച്ച വിദ്യാര്‍ത്ഥികളുടെ സംഗമമാണ് നടന്നത്.
സംഗമത്തിന്റെ ഭാഗമായി ദളിത് നവോത്ഥാനം സ്വാമി ആനന്ദതീര്‍ത്ഥര്‍ക്ക് മുമ്പും പിമ്പും എന്ന വിഷയത്തില്‍ സെമിനാര്‍നടന്നു. എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. സ്വാമി ആനന്ദതീര്‍ത്ഥര്‍ എല്ലാ അര്‍ത്ഥത്തിലും ഒരു പോരാളിയായിരുന്നുവെന്നും സ്വന്തം ജീവിതം തന്നെ ദളിത് സമൂഹത്തിനുവേണ്ടി മാറ്റിവെച്ച മറ്റൊരാള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ സജീവ് ജോസഫ് വിഷയം അവതരിപ്പിച്ചു. സ്വാമി ആനന്ദതീര്‍ത്ഥ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണന്‍ മോഡറേറ്ററായിരുന്നു. ടി.ഐ മധുസൂദനന്‍, എ.പി. നാരായണന്‍, കെ.വി. ബാബു, സി.കെ. രമേശന്‍, ഷജീര്‍ ഇഖ്ബാല്‍, ടി. പത്മനാഭന്‍, പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചെറുവത്തൂര്‍ സ്വാമി ആനന്ദതീര്‍ത്ഥ വനിതാ ഗായകസംഘം നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് രണ്ടാംദിനമായ തിങ്കളാഴ്ച രാവിലെ സ്വാമി ആനന്ദതീര്‍ത്ഥ സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. പത്ത് മണിക്ക് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും എഴുപത് വയസ്സ് കഴിഞ്ഞ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും ആദരിച്ചു. തുടര്‍ന്ന് സ്മൃതിസംഗമവും കലാപരിപാടികളും നടന്നു.

No comments:

Post a Comment