Latest News

ഇത് ഒരു ജനതയുടെ സഹന സമരത്തിന്റെ മഹാവിജയം

രാമന്തളിയിലെ ജനത എല്ലാവിധ പരിമിതികളെയും അതിലംഘിച്ചുനടത്തിയ ഉജ്വലമായ സഹനസമരം അവസാനം വിജയം കണ്ടിരിക്കുന്നു. ആര്‍ക്കെങ്കിലും എതിരെയായിരുന്നില്ല, ആരെയെങ്കിലും പരാജയപ്പെടുത്താനുമായിരുന്നില്ല, പിറന്ന മണ്ണില്‍ സ്വതന്ത്രമായി ജീവിക്കാന്‍ വേണ്ടിയായിരുന്നു അവര്‍ ഇങ്ങനെ ഒരു സമരം നടത്താന്‍ നിര്‍ബന്ധിതരായത്.
നാവിക അക്കാദമി സ്ഥാപിക്കുന്നതിനായി ജീവിതത്തില്‍ ഉണ്ടാക്കിയതെല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോയ ഒരു ജനതയായിരുന്നു രാമന്തളിയില്‍ ഉണ്ടായിരുന്നത്. എക്കാലത്തെയും പോലെ ഭരണകൂടം അവരോട് കാട്ടിയത് വലിയ ക്രൂരതയായിരുന്നു. നഷ്ടപരിഹാരത്തിനായി അവര്‍ക്ക് നിരവധി തവണ അധികാരികള്‍ക്ക് മുന്നില്‍ കൈ നീട്ടി നില്‍ക്കേണ്ടി വന്നു, കോടതികള്‍ കയറേണ്ടി വന്നു; ഇപ്പോഴും അത് തുടരുന്നു.
അതിനിടയിലാണ് നാവിക അക്കാദമിയിലെ മാലിന്യ സംസ്‌കരണ കേന്ദ്രം നിബന്ധനകള്‍ പാലിക്കാതെയും ലംഘിച്ചും രാമന്തളിയിലെ മനുഷ്യവാസ കേന്ദ്രത്തിനടുത്ത് സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായത് എന്നാണ് ആക്ഷേപം. ഇതുകാരണമാണ് മാലിന്യം ഊര്‍ന്നിറങ്ങി പരിസരങ്ങളിലെ കിണറുകളിലെ ശുദ്ധജലം മലിനമാക്കപ്പെടുന്നത്. ഇതിനെതിരെയാണ് ഒരു ജനത സഹന സമരവുമായി മുന്നോട്ടുവന്നത്.
സമൂഹത്തിലെ എല്ലാവരും ഈ സമരത്തെ സഹായിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, സാംസ്‌കാരിക സംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളുമെല്ലാം രാമന്തളിയിലെ ജനങ്ങളുടെ ജീവിക്കാനായുള്ള സമരത്തിന് പിന്നില്‍ അണിനിരന്നിരുന്നു. അതൊക്കെ സമരം മുന്നോട്ടുകൊണ്ടുപോകാന്‍ സമരസമിതി പ്രവര്‍ത്തകര്‍ക്കും അവിടുത്തെ ജനങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നിട്ടുമുണ്ട്.
എന്നാല്‍ ഈസമരത്തിന്റെ വിജയം പൂര്‍ണ്ണമായും അവകാശപ്പെടാവുന്നത് രാമന്തളിയിലെ ദുരിതം പേറുന്ന ജനതക്കാണ്; പ്രത്യേകിച്ച് അവിടുത്തെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണീരുപ്പുണങ്ങാത്ത നിശ്ചയദാര്‍ഢ്യത്തിനാണ്; ഉലയാത്ത കെട്ടുറപ്പിനും സംഘാടക മികവിനുമാണ്.
ഈ സമരം മുന്നോട്ടുവെക്കുന്ന സന്ദേശം ഗാന്ധിയന്‍ സമരരീ തി ഈ ആഗോളവത്കരണകാലത്തും കൂടുതല്‍ പ്രസക്തമായി തുടരുന്നു എന്നുകൂടിയാണ്.

No comments:

Post a Comment