Latest News

കലാമണ്ഡലം ഗോപിയുടെ പിറന്നാളാഘോഷം 11ന്

പയ്യന്നൂര്‍: കഥകളിയരങ്ങ് പത്തൊമ്പതാം വാര്‍ഷികവും കലാമണ്ഡലം ഗോപിയുടെ എണ്‍പതാം പിറന്നാള്‍ ആഘോഷവും പതിനൊന്നിന് ഞായറാഴ്ച അയോധ്യ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ഡോ.എന്‍.പി. ഉണ്ണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കെ.വി. ശശീന്ദ്രന്റെ അഷ്ടപദിയും പ്രമുഖ നര്‍ത്തകിമാരുടെ നൃത്തനൃത്യങ്ങളും അരങ്ങേറും. പത്തര മണിക്ക് സാംസ്‌കാരിക സമ്മേളനം നടക്കും. കലാ മണ്ഡലം ഗോപിയെ ഉപഹാരം നല്‍കി ആദരിക്കും. സംസ്ഥാന കഥകളി പുരസ്‌കാരം നേടിയ സദനംകൃഷ്ണന്‍കുട്ടിയെ അനുമോദിക്കും.
കഥകളിയരങ്ങ് ഏര്‍പ്പെടുത്തിയ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മാരക പുരസ്‌കാരം കലാനിലയം ഉണ്ണികൃഷ്ണന് സ്വാമി കൃഷ്ണാനന്ദഭാരതി സമ്മാനിക്കും. തുടര്‍ന്ന് പുസ്തക പ്രകാശനം നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ചെറുതാഴം ചന്ദ്രന്റെ നേതൃത്വത്തില്‍ പാണ്ടിമേളവും ടി.എം. പ്രേംനാഥിന്റെ മയൂര നൃത്തവും അരങ്ങേറും.
രണ്ട് മണിക്ക് ഒഡീഷയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഗോട്ടിപ്പുവ അരങ്ങേറും. നാലര മണിക്ക് ബാണായുദ്ധം കഥകളിയിലെ ഉഷ-ചിത്രലേഖ രംഗം അവതരിപ്പിക്കും. തുടര്‍ന്ന് കേരളത്തിലെ പ്രമുഖ കഥകളി ആചാര്യന്മാര്‍ പങ്കെടുക്കുന്ന കര്‍ണ്ണശപഥം കതകളി അരങ്ങേറും.




No comments:

Post a Comment