Latest News

ഇടത് മദ്യനയം ഇങ്ങനെ ആവുമ്പോള്‍

 ഇടതുപക്ഷം അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ട ശേഷം മദ്യനയം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഘട്ടം ഘട്ടമായി മദ്യ ലഭ്യത കുറച്ചു പത്തു വര്‍ഷം കൊണ്ട് മദ്യം പൂര്‍ണ്ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം വെച്ചു യു.ഡി.എഫിന്റെ മദ്യനയം നിലനില്‍ക്കെയാണ് മദ്യനിരോധനം അപ്രായോഗികം എന്ന വിവക്ഷയില്‍ മദ്യവര്‍ജ്ജനം നയമാക്കികൊണ്ടു എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ പുതിയ നയപ്രഖ്യാപനം നടന്നത്. എന്നാല്‍ മദ്യലഭ്യത കുറയ്ക്കാതെ തന്നെ മദ്യത്തിന്റെ ആവശ്യകത കുറയ്ക്കലാണ് ഇടതുമുന്നണി കാഴ്ചപ്പാട് എന്നും അതിന് ഉതകുന്ന നയമാണ് നടപ്പിലാക്കാന്‍ പോകുന്നത്. കേരളത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യ ബോധം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു നടപടി ഉണ്ടായിരിക്കുന്നു എന്നു ഇടതുപക്ഷം അവകാശപ്പെടുമ്പോള്‍, യു.ഡി.എഫ് ഭരണത്തിന്റെ അവസാനം ബാറുകള്‍ അപ്പാടെ അടച്ചുപൂട്ടുന്നതിലേക്കും മദ്യപന്മാരെ നിരാശരാക്കുന്ന തരത്തില്‍ മദ്യമുതലാളിമാരെ നിലംപരിശാക്കി കൊണ്ടു എടുത്ത തീരുമാനങ്ങള്‍ എല്ലാം യു.ഡി.എഫിന് ജനവിധി അനുകൂലമാക്കുന്നതില്‍ തടസ്സം ഭവിക്കുകയായിരുന്നു. ബാര്‍കോഴയും അഴിമതിയുമെല്ലാം പുറത്തുവന്നതിലൂടെ ഇടതിനു നേട്ടമുണ്ടാക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ഇങ്ങനെ ഒരു നയം പുറത്തു വരുന്നതിലൂടെ ഇടതുപക്ഷം
 കാണിക്കുന്നത് ഗുണകരമായി ഭവിക്കുമോ എന്ന് കാണാന്‍ പോകുന്നതേയുള്ളൂ. പഞ്ചായത്തിന്റെയും നഗരസഭകളുടെയും ഈ വിഷയത്തിലുള്ള അധികാരം പൂര്‍ണ്ണമായി ഇല്ലാതാക്കി കൊണ്ടാണ് ഇങ്ങനെ ഒരു നയം നടപ്പിലാക്കാന്‍ പോകുന്നത്. ഇടത്പക്ഷം ഇന്നുപറയുന്ന കാര്യങ്ങള്‍ എല്ലാം കന്നുകാലികശാപ്പിന്റെ കാര്യത്തില്‍ അടക്കം കേന്ദ്രം എന്താണാവോ ചെയ്യുന്നത് അതെപോലെ തന്നെയാണ് തങ്ങളും താഴെ തട്ടില്‍ ജനങ്ങള്‍ക്കുള്ള അധികാരം കവര്‍ന്നെടുക്കുന്നതിലൂടെ ചെയ്യുന്നത് എന്ന് കാണാന്‍ കഴിയും. നേരത്തെ ബാര്‍ മുതലാളിമാര്‍ക്കു വേണ്ടി എടുത്തുകളഞ്ഞ ഈ നിയമം വലിയ സമരങ്ങളും സമ്മര്‍ദ്ദങ്ങളും കേരളത്തില്‍ ഉണ്ടായ ശേഷമാണ് യു.ഡി.എഫ് മടിച്ചാണെങ്കിലും വീണ്ടും നടപ്പിലാക്കിയത്. അതാണിപ്പോള്‍ ഇല്ലാതാക്കി സര്‍ക്കാര്‍ തന്നെ നേരിട്ടു എക്‌സൈസ് വകുപ്പിലൂടെ അനുമതി കൊടുക്കാന്‍ പോകുന്നത്. ഇതിനെതിരെ വലിയ പ്രക്ഷോഭം ഉണ്ടാകാന്‍
 പോകുന്നതേ ഉള്ളൂ. പ്രക്ഷോഭത്തെ ഇടതുപക്ഷം നേരിടുമ്പോഴും അതു നീതിപൂര്‍വ്വമല്ല എന്നു ജനം വിലയിരുത്തും.അപ്പോഴും കള്ളിനു നല്‍കുന്ന പ്രാധാന്യവും അത് വ്യാപകമാക്കാനുള്ള തീരുമാനവും കള്ള് ചെത്ത് വ്യവസായത്തിന്റെ അഭിവൃദ്ധിക്ക് സഹായമാകുന്നത് കേരകര്‍ഷകരെ സംബന്ധിച്ച് വലിയൊരു നേട്ടം തന്നെയാണ്. ശുദ്ധമായ കള്ളും നീരയും എല്ലാം ആരോഗ്യപ്രദമായ രീതിയില്‍ നല്‍കാന്‍ കഴിഞ്ഞാല്‍ വിദേശമദ്യത്തിന്റെ ലഭ്യത ഇതിലൂടെ കുറയ്ക്കാന്‍ കഴിയുന്നതാണ്. വിദേശമദ്യം നല്കുന്ന വരുമാനത്തില്‍ കണ്ണുവെക്കുമ്പോള്‍ അതുണ്ടാക്കുന്ന വിപത്തുകള്‍ വളരെ വലുതാണെന്നും കാണാതിരിക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല എന്നും ഇടതുപക്ഷം കാണേണ്ടിയിരിക്കുന്നു. 21 വയസ് 23 ആക്കുമ്പോഴും നടപ്പിലാക്കേണ്ട നിയമം കര്‍ശനമായി നടപ്പിലാക്കാതിരിക്കാന്‍ പ്രത്യേക കഴിവു നേടിയ ഒരധികാരഘടനയുള്ള നമ്മുടേതു പോലുള്ള സ്ഥലത്ത് ഈ നിയമം പ്രതീക്ഷ നല്‍കാന്‍ പോകുന്നതല്ല. ഇവിടെ ലഹരി വസ്തുക്കളുടെ വ്യാപനം അധികരിച്ചു വരുന്നത് അവര്‍ക്കെതിരായി നിയമം ഇല്ലാത്തതു കൊണ്ടല്ല. നടപ്പിലാക്കാനുള്ള ആര്‍ജ്ജവം കാട്ടാത്തതു കൊണ്ടാണെന്നും അത് സര്‍ക്കാറിന്റെ പരാജയമായി കാണുന്നതിനു പകരം മദ്യം ഇല്ലാതായത് കൊണ്ടാണെന്നു പറയുന്നതില്‍ എന്തു ന്യായമാണ് ഉള്ളത്. എന്തായാലും ഇടതുപക്ഷ മദ്യനയം മദ്യമുതലാളിമാര്‍ക്ക് ആശ്വാസം നല്‍കുന്നതായതിനാല്‍ അവര്‍ കുറേക്കാലമായി ഇങ്ങനെ ഒരു നയത്തിനായി നടത്തിയ ശ്രമങ്ങളെല്ലാം വിജയിച്ചിരിക്കുകയാണെന്ന് കാണേണ്ടതുണ്ട്. അതിനായി ഏതൊക്കെ വഴിയിലൂടെ പോകാനും അവര്‍ മടിച്ച് കാണില്ല. കേരളം മദ്യ മുതലാളിമാരുടെ കാല്‍ക്കീഴില്‍ അമര്‍ന്നപ്പോള്‍ അത് ഇല്ലാതാക്കിയത് വന്‍ നേട്ടമായി കാണുമ്പോഴും മദ്യമുതലാളിമാരുടെ മേല്‍ക്കോയ്മ സമൂഹത്തില്‍ വീണ്ടും തിരിച്ചുവരുന്നത് എന്തായാലും ഗുണകരമായിരിക്കില്ല. 

No comments:

Post a Comment