Latest News

ദാനധര്‍മ്മങ്ങള്‍ അലസന്മാരെ സൃഷ്ടിക്കാനാവരുത്

തന്റെ മുന്നില്‍ യാചിച്ചു വന്ന ഒരാളോട് പ്രവാചകന്‍ മുഹമ്മദ് നബി (സ: അ) ചോദിച്ചു.നിങ്ങളുടെ വീട്ടില്‍ വല്ലതും ഇരിപ്പുണ്ടോ?'ഉവ്വ് ഒരു ഭാഗം വിരിച്ച് മറുഭാഗം കൊണ്ട് പുതയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു വിരിപ്പുണ്ട്. പിന്നെ വെള്ളം കുടിക്കാന്‍ ഒരു കോപ്പയും..' അയാള്‍ പ്രതിവചിച്ചു. എങ്കില്‍ അവ രണ്ടും കൊണ്ടുവരൂ'പ്രവാചകന്‍ പറഞ്ഞു.അയാള്‍ അത് രണ്ടുമായി വീണ്ടും പ്രവാചക സന്നിധിയില്‍ എത്തിയപ്പോള്‍ അവിടെ കൂടി നില്‍ക്കുന്ന ആളുകളോട് ആരെങ്കിലും ഇത് വാങ്ങാന്‍ തയ്യാറുണ്ടോ എന്ന് അന്വേഷിച്ചു. ഒരാള്‍ അത് ഒരു ദിര്‍ഹമിനു വാങ്ങാന്‍ തയ്യാറായപ്പോള്‍ കൂടുതല്‍ വില കൊടുക്കാന്‍ ആരെങ്കിലും ഉണ്ടോ എന്ന് പ്രവാചകന്‍ രണ്ടു മൂന്നുവട്ടം വീണ്ടും വിളിച്ചു ചോദിച്ചു. അപ്പോള്‍ രണ്ടു ദിര്‍ഹമിന് അത് വാങ്ങാന്‍ ഒരാള്‍ മുന്നോട്ടു വരികയും പ്രവാചകന്‍ ആവസ്തുക്കള്‍ അയാള്‍ക്ക് വില്‍ക്കുകയും ചെയ്തു.ശേഷംവസ്തുവിന്റെ ഉടമയോട് ഇതില്‍ നിന്ന് ഒരു ദിര്‍ഹമിന് അയാളുടെ ഭാര്യക്കും കുട്ടികള്‍ക്കും ഭക്ഷണംവാങ്ങിക്കൊടുക്കാനും ബാക്കി ഒരു ദിര്‍ഹമിന് നല്ലൊരു മഴു വാങ്ങി വരാനും ആവശ്യപ്പെട്ടു. അല്‍പസമയം കഴിഞ്ഞ് പുതിയ മഴുവുമായി അയാള്‍ തിരിച്ചെത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കൈ കൊണ്ട് തന്നെ മഴുവിന് ഒരു പിടി ഉണ്ടാക്കി ഇട്ടു കൊടുക്കുകയും, അതുപയോഗിച്ചു കാട്ടില്‍ പോയി വിറകുവെട്ടി കുടുംബം പോറ്റാനും രണ്ടാഴ്ച കഴിഞ്ഞു തന്നെ വന്നു കാണാനും ആവശ്യപ്പെട്ടു.രണ്ടാഴ്ച കഴിഞ്ഞു വന്നപ്പോള്‍ അയാളുടെ കയ്യില്‍ പത്തു ദിര്‍ഹം സമ്പാദ്യം ഉണ്ടായിരുന്നു. ഈ സമ്പാദ്യം കൊണ്ട് വീട്ടുകാര്‍ക്ക്ഭക്ഷണവും വസ്ത്രവും വാങ്ങാന്‍ പറഞ്ഞ പ്രവാചകന്‍ യാചനയെക്കാള്‍ മെച്ചമാണ് അധ്വാനിച്ചു ജീവിക്കുക എന്ന് അയാളെ മനസ്സിലാക്കി കൊടുത്തു.തന്റെ കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്നവന്‍ ദൈവമാര്‍ഗ്ഗത്തിലാണ് എന്നും, 'സ്വകരങ്ങള്‍ കൊണ്ട് പ്രയത്‌നിച്ചു കിട്ടുന്നതിനേക്കാള്‍ ഉത്തമമായ ആഹാരം ഒരാള്‍ കഴിക്കുന്നില്ല' എന്നും പ്രവാചകപാഠങ്ങളില്‍ പെട്ടതാണ്.തബൂക്ക് യുദ്ധസന്നാഹസമയത്ത് തന്റെ കൈ പിടിച്ചു കുലുക്കിയ അന്‍സാരിയുടെ കയ്യിലെ കറുപ്പ് പാടുകള്‍ കണ്ട പ്രവാചകന്റെ ചോദ്യത്തിന് ഉത്തരമായി, താന്‍ ഉപജീവനത്തിനായി കനത്ത ചുറ്റികയും കമ്പക്കയറും ഉപയോഗിച്ച് കല്‍ക്കുഴിയില്‍ ജോലി ചെയ്യുന്നതിനാലാണ് കൈയ്യില്‍ കറുത്ത തഴമ്പ് വന്നത് എന്ന് പറഞ്ഞപ്പോള്‍ പ്രവാചകന്‍ ആ അന്‍സാരിയുടെ കൈകള്‍ രണ്ടും സന്തോഷത്തോടെ ചുംബിക്കുകയും ഈഭാഗം നരകാഗ്‌നി സ്പര്‍ശിക്കുകയില്ലെന്നും പറയുകയുമുണ്ടായി! ഇസ്ലാം അധ്വാനിച്ചു ജീവിക്കുന്നത് ഏറ്റവും മഹത്തരമായി കാണുന്നു. മടിയന്മാരാവാതെ ജോലി ചെയ്ത് സമ്പാദ്യം ഉണ്ടാക്കാനും അതിലൂടെ അന്തസ്സായിഅഭിമാനത്തോടെ ജീവിക്കാനുംപഠിപ്പിക്കുന്നതാണ് ഇസ്ലാമിക വ്യവസ്ഥ.. പരിശുദ്ധ റമദാനിലെ ദാനധര്‍മ്മങ്ങള്‍ അലസന്മാരെ സൃഷ്ടിക്കുന്ന രീതിയില്‍ ആക്കാതെ അധ്വാനിച്ചു കുടുംബം പോറ്റാനുള്ള മൂലധനം ആക്കി മാറ്റാന്‍ ശ്രമിക്കുക. ദാനധര്‍മ്മങ്ങള്‍ ഓരോരുത്തരെയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്നതോടൊപ്പം, വാങ്ങുന്ന കൈ കൊടുക്കുന്ന കൈ ആയി മാറ്റാനും കൂടി ഉള്ളതാണ്.

No comments:

Post a Comment