Latest News

വാതം ഏത് പ്രായത്തിലും

വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സങ്കലനമാണ് മനുഷ്യശരീരത്തെ
നിയന്ത്രിക്കുന്നത് ഇവയിലേതെങ്കിലും ഒന്നിന്റെ അല്ലെങ്കില്‍ രണ്ടിന്റെയും ബാലന്‍സ് തെറ്റുമ്പോള്‍ രോഗങ്ങള്‍ ഉത്ഭവിക്കുന്നു. ശരീരത്തില്‍ വാതത്തിന്റെ ഏറ്റക്കുറച്ചിലുണ്ടാവുമ്പോഴാണ് വാതസംബന്ധമായ രോഗങ്ങള്‍ ഉണ്ടാവുന്നത്. ചികിത്സിച്ച് ഭേദമാക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള മഹാരോഗങ്ങളുടെ ഗണത്തിലാണ് ആയുര്‍വ്വേദത്തില്‍ വാതം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാതങ്ങളില്‍ പ്രധാനം പക്ഷാഘാതം, അര്‍ദ്ദിതം(ഫേഷ്യല്‍ പാള്‍സ്-മുഖം ഒരു വശത്തേക്ക് കോടുക) അപബാഹുകം(കൈ ഉയര്‍ത്താന്‍ ബുദ്ധിമുട്ട്, തോള്‍വേദന)
സന്ധിവാതം ഗൃദ്രസി(ചന്തി മുതല്‍ താഴോട്ട് വേദന, നടുവേദന) ക്രോഷ്ട ശീര്‍കം
(കട മുതല്‍ മുട്ട്, കാല്‍വണ്ണ, പാദം നീരും വേദനയും)രക്തവാദം, സന്ധിവാതം
തുടങ്ങിയവയാണ്. സപ്തധാതുക്കള്‍ക്ക് ക്ഷയം സംഭവിക്കുമ്പോള്‍ വാതരോഗങ്ങള്‍ ഉണ്ടാവുന്നു. മദ്ധ്യവയസ്സ് കഴിയുന്നതോടെ ശരീരത്തിലെ ധാതുക്ഷയം കൂടുന്നു. വാതരോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യതയും. നാല്‍പത് വയസ്സ് കഴിയുന്നിടത്ത് തുടങ്ങി വാതരോഗത്തിനുള്ള
പ്രതിരോധം ചെയ്ത് തുടങ്ങണം. ജീവതചര്യകളില്‍ മാറ്റം വരുത്തി, ചിട്ടയായി ജീവിതം
ക്രമപ്പെടുത്തുന്നത് വഴിയും, വ്യായാമവും തേച്ചുകുളിയും , കഷായം, ഘൃതസേവ, ഔഷധക്കഞ്ഞി തുടങ്ങിയവ ശീലമാക്കിയും വാതത്തിന്റെ വരവിനെ തടയിടാനാകും.
മഹാനാരായണതൈലം സഹചരാദി, ബലാശ്വഗന്ധാദി, ചിഞ്ചാദി, കൊട്ടം ചുക്കാദി, ധന്വന്തരം, പ്രഭഞ്ജന വിമര്‍ദ്ദനം, തുടങ്ങിയവാതഹരങ്ങളായ നിരവധി തൈലങ്ങളും കുഴമ്പുകളും
ആചാര്യന്മാര്‍ വാതശമനത്തിനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.രാസ്‌നെരസാദി കഷായം, മഹാരസ്‌നാദി കഷായം, സഹചരാദി കഷായം, ധന്വന്തരം കഷായം, അമൃതാരിഷ്ടം,
ബലാദിയോഗരാജഗുല്‍ഗുലു ഗുളിക,ആമവാതാരിരസം ഗുളിക തുടങ്ങിയ സേവ്യ ഔഷധങ്ങളും നല്ലൊരു ആയുര്‍വ്വേദ ചികിത്സകന്റെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.പകലുറക്കം ഒഴിവാക്കുക, രാത്രി കുറഞ്ഞത് ആറുമണിക്കൂര്‍ സുഖമായി ഉറങ്ങുക, കാലത്ത് എഴുന്നേറ്റ് വ്യായാമം ശീലിക്കുക, നടത്തം നല്ലൊരു വ്യായാമമാണ്. കൃത്യസമയത്ത ് മലമൂത്രവിസര്‍ജ്ജനം നടത്തുക, ശോധന കൃത്യമാക്കുക, ഏറെ മധുരവും പുളിയം ഉപ്പും കുറക്കുക, തണുത്തതും പഴകിയതുമായ ഭക്ഷണങ്ങള്‍വര്‍ജ്ജിക്കുക. മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങളില്‍ വ്യാപൃതനാവുക, അതുവഴി പിരിമുറുക്കവും നാഡീഞരമ്പുകളുടെ വലിച്ചലും കുറയാനിടവരും. അപ്പോള്‍ വാതരോഗ സാധ്യത കുറയുന്നു.

എള്ള്
ഹൈന്ദവാചാരപ്രകാരം എല്ലാ കര്‍മ്മങ്ങള്‍ക്കും ഹോമങ്ങള്‍ക്കും എള്ള് ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവാണ്. മോക്ഷകര്‍മ്മങ്ങള്‍ക്ക് പ്രത്യേകിച്ച് പിതൃതര്‍പ്പണം, ബലി, പിണ്ഡം എന്നിവയിലും ഗണപതി ഹോമത്തിലും തില ഹോമത്തിലും എള്ളിനാണ് പ്രാമുഖ്യം. ഒരുപക്ഷേ പൗരാണിക കാലം തൊട്ടെ നെല്ലും അരിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗ്യമായ പൂജാവസ്തു എള്ളാകാം.ഏകദേശംഒന്നരമീറ്റര്‍ ഉയരത്തില്‍ തഴച്ചുവളരുന്ന ഏക വാര്‍ഷിക സസ്യമാണ് എള്ള്. ഇതിന്റെ ശാസ്ത്രനാമം സൈസാമം ഇന്‍ഡിക്കം ലിന്‍ എന്നാണ്. അടുത്തകാലം വരെ നമ്മുടെ നാട്ടിലെ വെള്ളം കെട്ടിനില്‍ക്കാത്ത പറമ്പുകളില്‍ എള്ള് വാരിയെറിയാരുണ്ടായിരുന്നു. പ്രത്യേക പരിരക്ഷയോ, വളമോ,ജലസേചനമോ ആവശ്യമില്ലാത്തത് കൊണ്ട് പറമ്പ് ഇളക്കിയാലുടന്‍ നാലുപിടി എള്ള് വാരിയെറിയുക എന്ന ഒരു രീതി പഴയകാലത്തുണ്ടായിരുന്നു. ഇന്ന് ആധുനികതയിലേക്ക് കുതിക്കുന്ന അണുകുടംബങ്ങള്‍ക്ക് ഇവയ്‌ക്കെല്ലാം എവിടെ സമയം?എങ്കിലും ഭാരതവും ചൈനയുമാണ് എള്ള് ഉല്‍പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങള്‍. എള്ള് രണ്ടുതരമുണ്ട്, വെളുത്ത എള്ള്, കറുത്ത എള്ള്, എള്ളിന്റെ
ഔഷധഗുണത്തെക്കുറിച്ച് പറയുമ്പോള്‍ ഇതിന്റെ രസം ഇളം മധുരമാണ്.
ഉഷ്ണവീര്യവും ചര്‍മ്മത്തില്‍ സ്‌നിഗ്ധത, മുലപ്പാല്‍ വര്‍ദ്ധിപ്പിക്കല്‍ , മലശോധന, ആര്‍ത്തവം ത്വരിതപ്പെടുത്തല്‍, ശരീരപുഷ്ടി, വാതശമനം,കേശസംരക്ഷണം, നേത്രസുഖം, ബുദ്ധിവര്‍ദ്ധനം ഇവയാണ്.കാരെളളിന്‍ നല്ലെണ്ണയാണ് തലയില്‍ തേച്ച് കുളിക്കാന്‍ ഏറ്റവും ഉത്തമം. ബുദ്ധി,ഓര്‍മ്മ, ശരിയായ നിദ്ര കണ്ണുകള്‍ക്ക് തിളക്കം, മുഖത്തിനും സൗന്ദര്യം ഇവ
കാരെള്ളിന്‍ നല്ലെണ്ണ തേക്കുന്നതിലൂടെ ലഭിക്കും. എള്ളും ത്രിഫല ചൂര്‍ണ്ണവും മിശ്രമാക്കി ദിവസേന സേവിച്ചാല്‍ ശരീരപുഷ്ടിയും, ആരോഗ്യവര്‍ദ്ധനയും
ഉണ്ടാവും.ആര്‍ത്തവ ദോഷമുള്ള യുവതികള്‍ക്ക് എള്ളെണ്ണയില്‍ ഒരു കോഴിമുട്ട ചേര്‍ത്ത് ദിവസം നല്‍കാം.ചര്‍മ്മദൂഷ്യമുള്ളവര്‍എള്ള് പാലിലരച്ച് ദേഹത്ത് പൂശുക, പ്രസവാനന്തര സ്ത്രീകള്‍ക്ക് പേറ്റുലേഹ്യമുണ്ടാക്കാന്‍ ഏറ്റവും ഉചിതമായത് എള്ളെണ്ണയാണ്. പ്രസവാനന്തരം സ്ത്രീകളുടെ വയറിലുണ്ടാകുന്ന പാടുകളും കലകളും മാറാന്‍ എള്ളെണ്ണയില്‍ കസ്തൂരിമഞ്ഞളും രക്തചന്ദനവും മിശ്രമാക്കി പുരട്ടുക.ഇടയ്ക്കിടെ വരുന്ന വായ്പ്പുണ്ണിന് എള്ളെണ്ണയില്‍ ഗ്രാമ്പ് പൊടിച്ച് ചേര്‍ത്ത് വായ്‌കൊള്ളുന്നത് ഗുണകരമായി കാണുന്നുണ്ട്.മിതമായ രീതിയില്‍ എള്ളെണ്ണ കുടിക്കുന്നത് പുഷ്ടിക്കും ദഹനത്തിനും മലബന്ധം മാറുന്നതിനും സഹായിക്കും. എള്ളിനെകുരിച്ച് പറയുമ്പോള്‍ എള്ളുണ്ടയെക്കുറിച്ച് പറയാതിരിക്കരുതല്ലോ?കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ച് തിന്നുന്ന എള്ളുണ്ട ആരോഗ്യപ്രദമാണ്. ദിവസേന ആഹാരത്തിന് ശേഷം ഓരോ എള്ളുണ്ട കഴിക്കുന്നത് ദഹനത്തിനും പുളിച്ച് തികട്ടല്‍ മലബന്ധം ഇവമാറുന്നതിനും സഹായിക്കും. രക്തത്തില്‍ ചുവന്ന രക്താണുക്കളെ വര്‍ദ്ധിപ്പിക്കുന്നതിനും ഇതുമൂലം സാധിക്കും.വിലയുടെകാര്യത്തില്‍ ഇപ്പോള്‍ എള്ളെണ്ണയും വെളിച്ചെണ്ണയും ഒപ്പത്തിനൊപ്പമാണ്.

No comments:

Post a Comment