Latest News

നാം പെരുന്നാളിലേക്ക് ...

ഒരു മാസത്തെ വൃതാനുഷ്ടാനത്തിനു ശേഷം ഒരു ദിവസത്തെ ആഘോഷം, ചെറിയ പെരുന്നാള്‍. സന്തോഷത്തിന്റെയും സന്താപത്തിന്റെയും രണ്ടുവികാരങ്ങളാണ് പെരുന്നാള്‍ രാവില്‍ അന്തരീക്ഷത്തില്‍ പ്രസരിക്കുന്നത്. പെരുന്നാളിന് വേണ്ട വസ്ത്രവും, ആഭരണങ്ങളും ശേഖരിച്ച്, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി, അതിഥികള്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണമൊരുക്കി സമാധാനത്തോടു കൂടി കിടന്നുറങ്ങുന്നവരാണ് ആദ്യത്തേത്. മനോഹരമായ സ്വപ്‌നങ്ങള്‍ കണ്ട് സുഖനിദ്രയിലാണ് അവര്‍ പെരുന്നാള്‍ രാവ് കഴിച്ചുകൂട്ടുന്നത്. കാര്യങ്ങളെങ്ങനെ മുന്നോട്ടുനീക്കുകയെന്ന കാര്യം ആലോചിച്ച് കനലെരിയുന്ന ഹൃദയവുമായി കഴിയുന്ന നിര്‍ ഭാഗ്യവാന്‍മാരാണ് രണ്ടാത്തേത്. തങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ കണ്ണുകളും നാവുകളും കൊണ്ട് പെരുന്നാള്‍ സമ്മാനത്തെയും വസ്ത്രത്തെയും കുറിച്ച് ചോദിക്കുമ്പോള്‍ ഉത്തരം നല്‍കാനില്ലാത്തവരാണ് അവര്‍. ഇതിനുത്തരമാണ് ഫിത്തര്‍ സകാത്ത്. ഉള്ളവര്‍ ഇല്ലാത്തവരിലേക്ക് സമ്പത്തു കൈമാറ്റം ചെയ്യുന്ന വ്യവസ്ഥ. മുഹമ്മദ് നബിയുടെ കാലത്തു ഭക്ഷണത്തിന് വേണ്ടിയാണ് ജനങ്ങളില്‍ പലരും വിഷമിച്ചത്.അതുകൊണ്ട് പെരുന്നാള്‍ ദിനത്തില്‍ പട്ടിണി കിടക്കുന്നവര്‍ ലോകത്തുണ്ടാവരുത് എന്ന ആശയം നടപ്പാക്കി. ഇന്ന് മനുഷ്യന് ജീവിക്കാന്‍ ഭക്ഷണം മാത്രം പോരാ, പാര്‍പ്പിടവും വസ്ത്രവും വിദ്യാഭ്യാസവും ചികിത്സയും വൈദ്യുതിയും കുടിവെള്ളവും
മൊബൈല്‍ ഫോണും ഡാറ്റയും ആവശ്യമായി വന്നിരിക്കുന്നു. കാഷ്‌ലെസ്സ് വ്യവസ്ഥയിലേക്ക് ലോകം നീങ്ങുമ്പോള്‍ പാവപ്പെട്ടവനെയും പണക്കാരനെയും വേര്‍തിരിക്കുന്ന ഘടകങ്ങളില്‍ ഒരുപാട്
മാറ്റം വന്നു. പെരുന്നാളിന് വലിയ പ്രാധാന്യമാണ് ആധുനിക ലോകത്തുള്ളത്. സമൂഹത്തിലെ പാവപ്പെട്ടവരെ ഒരു ദിനം സന്തോഷിപ്പിക്കാന്‍ പണമുള്ളവര്‍ക്ക് ആവുമ്പോഴേ പെരുന്നാള്‍ പൂര്‍ണമാവുന്നുള്ളു.
വിശാലമായ കാഴ്ചപ്പാടില്‍ വലിയ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മാത്രമേ സമൂഹത്തില്‍ സാമ്പത്തിക സന്തുലിതാവസ്ഥ വരികയുള്ളൂ. ഇക്കാരണത്താലാവാം ഇസ്ലാം വര്‍ഷത്തില്‍ ആഘോഷദിവസങ്ങളെ രണ്ടില്‍ ഒതുക്കിയത്. ചെറിയ പെരുന്നാളിന് ശേഷം രണ്ടുമാസം കഴിഞ്ഞാല്‍
ബലിപെരുന്നാള്‍.
ബാക്കി വര്‍ഷം മുഴുവന്‍ പരിശ്രമങ്ങളുടെയും അധ്വാനത്തിന്റെയും ദിനങ്ങള്‍. ഭൂമിയില്‍ ജീവിക്കുന്നവര്‍ക്ക് സമാധാനവും സന്തോഷവും ഐശ്വര്യവും വരാനുള്ള പ്രവര്‍ത്തങ്ങളില്‍ മനുഷ്യര്‍ വ്യാപൃതരാവേണ്ട ദിവസങ്ങള്‍.
പ്രവാചകനും ശിഷ്യന്മാരും നടത്തിയ സംഭാഷണങ്ങളില്‍ ഇങ്ങനെ കാണാം: നബി(സ) പറഞ്ഞു: ഓരോ മുസ്‌ലിമും ദാനം ചെയ്യേണ്ടതുണ്ട്. അപ്പോള്‍ സഹാബികള്‍ (ശിഷ്യന്മാര്‍) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഒരാളുടെ കൈവശം അതിന് ഒന്നും ലഭ്യമല്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: തന്റെ കൈകള്‍ കൊണ്ട് അധ്വാനിക്കുക, എന്നിട്ട് സ്വന്തത്തിന് വേണ്ടി ഉപയോഗിക്കുക, ദാനവും ചെയ്യുക. അവര്‍ ചോദിച്ചു: അതിന് കഴിഞ്ഞില്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: അവന്‍ ആലംബഹീനനായ ആവശ്യക്കാരനെ സഹായിക്കുക. അവര്‍ ചോദിച്ചു: അതിനും സാധിച്ചില്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: നല്ലതു പ്രവര്‍ത്തിക്കുകയും തിന്മയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുക.
ഇങ്ങനെ ഭൂമിയിലെ മനുഷ്യര്‍ പരസ്പരം സഹായിച്ചും ഉപകാരങ്ങള്‍ ചെയ്തും ആശ്വസിപ്പിച്ചും ആശംസിച്ചും മുന്നോട്ട് പോകുക, അതിനുള്ള ഒരു സാമ്പിള്‍ മാത്രമാണ് രണ്ടു വര്‍ഷത്തിലെ രണ്ടു പെരുന്നാള്‍. ഭൂമിയിലെ എല്ലാ മനുഷ്യരും വര്‍ഷത്തിലെ മുഴുവന്‍ ദിവസവും സന്തോഷത്തിലും സമാധാനത്തിലും വരുന്ന നാളുകളില്‍ ദൈവാനുഗ്രഹം കര്‍ക്കിടകത്തിലെ മഴപോലെ ഭൂമിയിലേക്ക് ഇറങ്ങിവരും. ദൈവം ഭൂമിയെ സ്വര്‍ഗ്ഗമായി പ്രഖ്യാപിക്കുന്ന നല്ല നാളുകള്‍ക്കായി ഭൂമിയില്‍ വിരിയട്ടെ അനന്തകോടി നന്മകള്‍. പെരുന്നാള്‍ ആഘോഷങ്ങള്‍ ഇതിനുള്ള ഉത്തമ മാതൃകയായി മാറട്ടെ.

No comments:

Post a Comment