Latest News

ജുലൈ അഞ്ച് ബഷീറിന്റെ ഓര്‍മ്മകളിലല്‍പം

മലയാള സാഹിത്യ സമ്പന്നതയ്ക്ക് വളമേകിയ സാഹിത്യകാരന്മാരില്‍
തന്റേതായ ഇടം കണ്ടെത്തിയയാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. അദ്ദേഹത്തിന്റെ കൃതികളാല്‍ത്തന്നെ അളന്നു തിട്ടപ്പെടുത്താനാവാത്തവിധം സമ്പന്നമായിരുന്നു ആ ജീവിതം.
സമ്പന്നതയെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് മാനുഷികഘട്ടങ്ങളുടെ ആഘോഷമാണ്. ബഷീര്‍ പകര്‍ന്നാടാത്ത വേഷങ്ങള്‍ ഇനി
മലയാളക്കരയലുണ്ടാകുമോ എന്ന സംശയം ബാക്കിനില്‍ക്കുന്നു. അത്രമേല്‍
ബൃഹദാനുഭവ സാന്ദ്രമായിരുന്നല്ലോ ആ ജീവിതം. സവര്‍ണ്ണ
സങ്കല്‍പങ്ങള്‍ക്ക് പിറകെപോയ ഒരു കാലഘട്ടത്തിന്റെ മാത്രം വിധിപകര്‍പ്പുകളില്‍ വിശ്വസിക്കാതെ വരേണ്യഭാഷ മുന്നോട്ടുവെയ്ക്കുന്ന വ്യാകരണ സിദ്ധാന്തങ്ങളെ തിരുത്തിയെഴുതാന്‍ ധൈര്യം കാണിച്ച ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇരുപത്തിമൂന്ന് വയസ്സ്. ഒരു മഹാകാവ്യത്തിന്റെ വ്യത്യസ്ത പര്‍വ്വങ്ങളായ ബഷീര്‍ കൃതികള്‍ ഒരിക്കലും കൃത്രിമമായ കഥാലോകങ്ങള്‍ക്ക് പിന്നാലെ പോയില്ലെന്ന് മാത്രമല്ല വായനക്കാരനില്‍ മടുപ്പുളവാക്കാത്ത തരത്തില്‍ ദൈവികമായ നാട്ടുഭാഷയെ ചേര്‍ത്തുപിടിച്ച പാരമ്പര്യം ബഷീറിന്റെ തന്നെ തൂലികയിലൂടെ മലയാളിക്കു കൈവരിക്കുകയായിരുന്നു. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ പിതാവിനോടുള്ള രാഗന്വേഷണമാണ്
ബഷീറിന്റെ ജീവിത വീക്ഷണത്തെ നിയന്ത്രിക്കുന്നതെന്ന് മുമ്പൊരിക്കല്‍ കേസരി സൂചിപ്പിച്ചിട്ടുണ്ട്. കേസരിയുടെ ഈ നിരീക്ഷണത്തെ തള്ളാനേ ബഷീര്‍ മുതിരുകയുളളു. അസമാനമായ തന്റെ യാത്രയില്‍ അദ്ദേഹത്തെപ്പോലെ ലാവണ്യത്തിന്റെ ഒരു മറുലോകം മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഈ നൂറ്റാണ്ടില്‍ സൃഷ്ടിച്ചിട്ടില്ലെന്ന് പ്രൊഫ. എം.എന്‍. വിജയന്‍ 'മരുഭൂമികള്‍ പൂക്കുമ്പോള്‍' എന്ന പഠനലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.
1908 ജനുവരി പത്തൊമ്പതിന് കോട്ടയം ജില്ലയിലുള്‍പ്പെടുന്ന വൈകകം താലൂക്കില്‍ തലയോലപ്പറമ്പില്‍ ജനിച്ച വൈക്കം മുഹമ്മദ് ബഷീര്‍ തലയോലപ്പറമ്പിലുള്ള മലയാളം സ്‌കൂളിലും തുടര്‍ന്ന് വൈക്കം ഇംഗ്ലീഷ് സ്‌കൂളിലുമായി പഠിച്ചു. ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോഴാണ് ദേശീയ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായി എറണാകുളത്ത് നിന്ന് കോഴിക്കോട്ടെത്തി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പോലീസ് മര്‍ദ്ദനത്തിനിരയാവുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. ബഷീര്‍ തന്നെ മുന്‍കയ്യെടുത്ത് തുടങ്ങിവെച്ച 'ഉജ്ജീവനം' 'പ്രകാശനം' തുടങ്ങിയ വാരികകളില്‍ ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങള്‍
പ്രഭയെന്ന തൂലികാ നാമത്തിലെഴുതിയിരുന്നു. ബഷീറിന്റെ സമഗ്ര ജീവിത ദര്‍ശനങ്ങളെയും അദ്ദേഹത്തിന്റെ ജീവിതരേഖയെയും അവതരിപ്പിക്കുന്ന തരത്തില്‍ എം.എ. റഹ്മാന്‍ സംവിധാനം ചെയ്ത ബഷീര്‍ദ മാന്‍ എന്ന ഡോക്യുമെന്ററി ദേശീയ സാര്‍വ്വദേശീയശ്രദ്ധയാകര്‍ഷിക്കപ്പെടുകയും അനവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയതുമാണ്. ബഷീറിയാന്‍ കഥ മെനയലിലെ തന്ത്രം ചുറ്റുപാടുകളുടെ വീക്ഷണമാണെന്ന് അഭിപ്രായപ്പെടുന്നതില്‍ കാര്യമുണ്ട്. രൂപം വ്യത്യാസമാകുമ്പോഴാണ് വലുപ്പത്തിനും നീളത്തിനും വീതിക്കും മാറ്റം വരുന്നത്. അത്തരത്തില്‍ വിലയിരുത്തലുകള്‍ക്ക് വിധേയമാകുമ്പോള്‍ നോവല്‍ സംസ്‌കാരത്തിന്റെ ഭാവമാറ്റങ്ങള്‍ ബഷീറിന്റെ ഓരോ നോവലിനെയും എത്തരത്തില്‍ മികവേറിയതാക്കുന്നുവെന്ന പരിശോധനയും ന്യായമാണ്. ബഷീറിയന്‍ പദാവലിയെക്കുറിച്ച് പ്രയോഗങ്ങളെ കുറിച്ചുപോലും
സംവാദങ്ങളുണ്ടായിട്ടുണ്ട്. വാസ്തവത്തില്‍ ബഷീറെന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ കഥാലോകത്തെയും വേര്‍പ്പെടുത്താനാവാത്തതാണ് എന്ന വസ്തുതയെ തിരിച്ചറിയുന്നുണ്ട്. ഇത് തിരിച്ചറിയപ്പെടാതിരിക്കുമ്പോഴാണ് സംഭവ വികാസങ്ങളെ കാലത്തെ എത്തരത്തിലാണ് ഉള്‍ക്കൊള്ളേണ്ടത് എന്ന ആശയക്കുഴപ്പമുണ്ടാകുന്നത്. 'പ്രേമലേഖന'മെഴുതി തഴമ്പിച്ച കൈകള്‍
'ബാല്യകാലസഖി'യെ ചേര്‍ത്തുവെയ്ക്കുകയാണ്. 'ജന്മദിനം'കൊണ്ട് കഥയുടെ മഹാപ്രപഞ്ചത്തെ വിശപ്പടക്കിയ ബഷീറെന്ന അനശ്വരകഥാകാരന്‍ 'ശബ്ദങ്ങള്‍' കൊണ്ട് മെനഞ്ഞെടുത്ത കഥാബീജം പാത്തുമ്മയുടെ ആടിന്റെ വായയിലേക്ക് തിരുകുകയായിരുന്നല്ലോ. എത്ര നിഷ്‌കളങ്കമായ എഴുത്ത്, അതിലുമെത്രയേറെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥപറച്ചില്‍.1994 ജൂലായ് അഞ്ചിന് ജീവിതകഥയ്ക്ക് അവസാനഭാഗമെഴുതി ജീവിത പുസ്തകം മടക്കിവെച്ച് അകന്നുപോയ പ്രിയ കലാകാരന്‍ ഓര്‍മ്മയായിട്ട് ഇരുപത്തിമൂന്ന് സംവത്സരങ്ങള്‍ പിന്നിടുന്നുവെന്ന് വിശ്വസിക്കാന്‍ മലയാളിക്ക് പ്രയാസമായിരിക്കും.


No comments:

Post a Comment