Latest News

വിദ്യാര്‍ത്ഥികള്‍ക്ക് ജലരക്ഷ: നീന്തല്‍ പരിശീലനത്തിന് അഗ്നിശമനസേന

പയ്യന്നൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നീന്തല്‍ പഠിപ്പിക്കാന്‍ അഗ്നിശമന സേന, സ്‌കൂള്‍കുട്ടികള്‍ക്കുള്ള ജലരക്ഷ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. പത്തുദിവസമാണ് ഒരു വിദ്യാലയത്തിന് അനുവദിച്ചിട്ടുള്ളത്. സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ പയ്യന്നൂര്‍. ഗവ. എള്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നീന്തല്‍ പരിശീലിപ്പിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. നഗരസഭ അധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ശ്രീകാന്ത്, പ്രധാന അധ്യാപകന്‍ ടി.വി ഭരതന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. പ്രഭാകരന്‍, എം. പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. അപകട സ്ഥലങ്ങളിലേക്ക് പോകാനുള്ള സംവിധാനങ്ങളുമായാണ് അഗ്നിശമന സേനാ ജീവനക്കാര്‍ കുളക്കടവില്‍എത്തുന്നത്. അപകടങ്ങള്‍ സംഭവിച്ച സന്ദേശം ലഭിക്കുമ്പോള്‍ പരിശീലനം നിര്‍ത്തിവെച്ച് അപകടസ്ഥലത്തേക്ക് കുതിക്കും. അതുകൊണ്ടുതന്നെ ജോലിയെ ബാധിക്കാതെയാണ് ഈ ദൗത്യം അഗ്നിശമനസേനയുടെ ജീവനക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. പയ്യന്നൂരില്‍ പകര്‍ച്ചപ്പനി വ്യാപിച്ചപ്പോള്‍ അഗ്നിശമന സേന ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

No comments:

Post a Comment