Latest News

എണ്ണ സംഭരണ ശാല പദ്ധതി ഉപേക്ഷിക്കണം; പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരത്തിലേക്ക്

പയ്യന്നൂര്‍:നിര്‍ദ്ദിഷ്ട പയ്യന്നൂര്‍ എണ്ണ സംഭരമശാല പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ സംസ്ഥാനതല പരിസ്ഥിതി സമരത്തിന് ഒരുങ്ങുന്നു. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനും ചങ്കുരിച്ചാലിനുമിടയിലുള്ള 129.7 ഏക്കര്‍ നെല്‍വയലും തണ്ണീര്‍ത്തടവും കമ്പനികള്‍ക്ക് എണ്ണ സംഭരണ ടാങ്കുകള്‍ സ്ഥാപിക്കാനായി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് വന്‍ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കും. ഇവിടം മൂന്ന് പുഴകളുടെ സംഗമസ്ഥാനമാണ്. ഹരിത കേരളത്തിന്റെ ഭാഗമായി കേരളത്തിങ്ങോളമിങ്ങോളം സര്‍ക്കാര്‍ കാര്‍ഷിക രംഗത്ത് പുത്തനുണര്‍വ്വ് നല്‍കുമ്പോള്‍ ഇവിടെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട നെല്‍വയല്‍ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാന്‍ പാലിക്കേണ്ട പ്രാഥമിക കാര്യം പോലും പരിഗണിച്ചില്ല. ഏകദേശം മുപ്പത്തിയൊമ്പത് കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ഇരുപതോളം കൂറ്റന്‍ ടാങ്കുകളാണ് കണ്ടങ്കാളി പുഞ്ചക്കാട് വയലില്‍ ഉയരാന്‍ പോകുന്നത്. ചങ്കൂരിച്ചാല്‍ എന്നറിയപ്പെടുന്ന പെരുമ്പ പുഴ രണ്ടായി പിരിഞ്ഞ് രാമന്തളി കടപ്പുറത്തേക്കും പുന്നക്കടവ് പുഴയായി കവ്വായി കായലിലേക്കും ഒഴുകുന്നത് നിര്‍ദ്ദിഷ്ടപദ്ധതി പ്രദേശത്തിന്റെ തൊട്ടു കിഴക്കുഭാഗത്തുവെച്ചാണ്. വേലിയേറ്റ വേയിലിറക്കമനുഭവപ്പെടുന്ന ഈ പ്രദേശത്താണ് കേരളത്തിലെതന്നെ ഏറ്റവും സമൃദ്ധമായ കണ്ടല്‍ക്കാടുകള്‍ സ്ഥിതി ചെയ്യുന്നത്. 53.98 ഏക്കര്‍ വയലും അക്വയര്‍ ചെയ്യപ്പെടും. ഇപ്പോഴും കൃഷി ചെയ്തുകൊണ്ടിരിക്കുന്ന പ്രദേശമാണിത്.
പക്ഷെ വരണ്ട നിലവും ചതുപ്പ് നിലവുമായാണ് എണ്ണക്കമ്പനി സമര്‍പ്പിച്ച സാധ്യതാറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സ്ഥലം ഉറപ്പിക്കാന്‍ വന്‍തോതില്‍ മണ്ണ് വേണ്ടിവരുമെന്ന് അവരുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥലം രണ്ട് മീറ്റര്‍ ഉയരത്തിലാക്കണമെങ്കില്‍ പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ കുന്നുകളും ഇടിക്കേണ്ടി വരും. ഏച്ചിലാംവയല്‍, കോറോം, കുന്നുകള്‍ വികസന ആവശ്യങ്ങള്‍ക്കായി മണ്ണെടുത്തും കല്ലെടുത്തും ഇപ്പോള്‍ത്തന്നെ ഇല്ലാതായിക്കഴിഞ്ഞു. ജലവിഭവ വികസന കേന്ദ്രം ഏറ്റവും മാലിന്യരഹിതമായ തണ്ണീര്‍ത്തടമായി കണക്കാക്കുന്ന കവ്വായി കായല്‍ ഉള്‍പ്പെടെയുള്ള പ്രദേശം അതിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് രാജ്യാന്തര പ്രാധാന്യമുള്ള രാംസര്‍സൈറ്റായി പ്രഖ്യാപിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. എട്ടിക്കുളം അഴി മുതല്‍ നീലേശ്വരം അഴിവരെ കവ്വായിക്കായലില്‍ പടരുന്ന എണ്ണപ്പാട ഒരുവലിയ ആവാസ വ്യവ വ്യവസ്ഥയുടെ നാശത്തിന് കാരണമാകും.
പദ്ധതി പ്രദേശം മണ്ണിട്ട് ഉയര്‍ത്തുന്നതോടെ കണ്ടങ്കാളി, മുല്ലക്കോട് ഭാഗങ്ങള്‍ വെള്ളക്കെട്ടിനാല്‍ പൊറുതിമുട്ടും. ഇപ്പോള്‍ ശുദ്ധജലം സമൃദ്ധമായി കിട്ടിക്കൊണ്ടിരിക്കുന്ന ഇവിടെ പദ്ധതിവന്നാല്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാകും. ഈ പദ്ധതിയുടെ മറവില്‍ കോഴിക്കോട്, തൃശൂര്‍ കേന്ദ്രീകരിച്ചുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഇവിടെ സ്ഥലം വാങ്ങിക്കൂട്ടാനു ള്ള ശ്രമം നടത്തിവരുന്നു. ഇവിടെ ആകെ പതിനാല് വീടുകള്‍ മാത്രമെ ഉള്ളു.അതില്‍തന്നെ പത്ത് വീട്ടുകാര്‍ അവിടെ നിന്നും ഒഴിഞ്ഞുപോകാന്‍ തയ്യാറുമാണ്. അതുപോലെതന്നെ വയലിന്റെയും സ്ഥിതി. അതുകൊണ്ടുതന്നെ ഇത് പൂര്‍ണ്ണമായും ഒരു പാരിസ്ഥിതികപ്രശ്‌നമാണ്.
ഒരു പ്രദേശത്തിന്റെ മുഴുവന്‍ പാരിസ്ഥിതിയും ആവാസ വ്യവസ്ഥയും ഭീഷണി നേരിടുകയാണ്. കേരളത്തിലെ മുഴുവന്‍ പരിസ്ഥിതി പ്രവര്‍ത്തകരും ഈ പ്രദേശത്തെ സംരക്ഷിക്കാനായി രംഗത്തിറങ്ങണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.ജൈവ കേരളം പദ്ധതിയിലൂടെ കേരളത്തിന്റെ നെല്ലറകളും പരിസ്ഥിതി സംതുലിതാവസ്ഥയും തിരിച്ചുപിടിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ ഇവിടെ നടപ്പാക്കാനുദ്ദേശിക്കുന്ന എണ്ണ സംഭരണശാലയ്ക്ക് അനുമതി നിഷേധിച്ച് മാതൃകയാകണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഒരു വലിയ സംസ്ഥാനതല പരിസ്ഥിതി സമരത്തിന് കൂടി കേരളം നിര്‍ബന്ധിക്കപ്പെടുമെന്നും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ സമിതിയും ജില്ലാ പരിസ്ഥിതി സമിതിയും ചേര്‍ന്ന് പ്രക്ഷോഭം തുടങ്ങുമെന്ന് ഹരിചക്കരക്കല്ലും മറ്റ് ഭാരവാഹികളും അറിയിച്ചു. 

No comments:

Post a Comment