Latest News

ബാങ്ക് സ്വകാര്യവല്‍ക്കരണവും ബി ജെ പി രാഷ്ട്രീയവും

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം ബി ജെ പി സര്‍ക്കാരിന്റെ പ്രധാന അജണ്ടയാണെന്ന് അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യവും സമ്പദ്ഘടനയും അപകടങ്ങളിലേക്കാണ് പതിക്കുന്നത്. നിത്യേന പ്രഖ്യാപിക്കുന്ന സാമ്പത്തികരംഗത്തെ നയങ്ങള്‍ പരിശോധിച്ചാല്‍ ഈ സര്‍ക്കാരിന് ആരോടാണ് വിധേയത്വം എന്ന് നമുക്ക് ബോധ്യപ്പെടും. ഈ വിധേയത്വം അഥവാ കോര്‍പറേറ്റ് ചങ്ങാത്തം രാജ്യത്തെ തന്നെ വില്‍ക്കുകയാണെന്ന് തിരിച്ചറിയുമ്പോള്‍ നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുകയാണ്. സമൂഹത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമാക്കിയാണ് നമ്മുടെ രാജ്യത്ത് ബാങ്കുകള്‍ ദേശസാല്‍കരിച്ചത്. മറ്റ് രാജ്യങ്ങള്‍ ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ ബി ജെ പി സര്‍ക്കാര്‍ ബാങ്കിംഗ് മേഖലയുടെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്. 1969 ജൂലായ്പത്തൊമ്പതിന് ഇന്ത്യന്‍ ജനത ബാങ്ക് ദേശസാല്‍ക്കരണം ആഘോഷിക്കുമ്പോള്‍ ഇന്നത്തെ കേന്ദ്രഭരണകക്ഷിയായ ബി ജെ പിയുടെ പഴയരൂപമായ ജനസംഘം അന്ന് കരിദിനമായി ആചരിച്ച് തങ്ങളുടെ വിധേയത്വം പ്രകടമാക്കി. ഇത് തന്നെയാണ് അവര്‍ ഇന്നും തുടരുന്നത്.2000 ഡിസംബര്‍ മാസത്തില്‍ അന്നത്തെ എന്‍ ഡി എ സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി മുപ്പത്തിമൂന്ന് ശതമാനമായി കുറക്കാന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു.
ഇടതുപക്ഷ പാര്‍ട്ടികളുടെയും കേന്ദ്രട്രെയ്ഡ് യൂനിയന്‍ സംഘടനകളുടെയും സഹകരണത്തോടെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും United Forum of Bank Union (UFBU) നേതൃത്വത്തില്‍ രണ്ട് ദിവസം പണിമുടക്കി. 2000 നവംബര്‍ പതിനഞ്ച്, ഡിസംബര്‍ഇരുപത്തിയൊന്ന് തീയതികളില്‍ ആയിരുന്നു ദേശവ്യാപക പണിമുടക്ക്. ബാങ്കിംഗ് മേഖല സംരക്ഷിക്കാന്‍, പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ബാങ്ക് ജീവനക്കാര്‍ പോരാട്ടം തുടരുകയാണ്. ഏറ്റവും ഒടുവില്‍ 2017 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ബാങ്ക് ജീവനക്കാര്‍ ദേശവ്യാപകമായി പണിമുടക്കി. ബാങ്ക് ജീവനക്കാര്‍ പോരാട്ടം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതിന്റെ
അടിസ്ഥാനത്തില്‍ 2017 ആഗസ്ത് ഇരുപത്തിരണ്ടാം തീയതി ഇന്ത്യയിലെ ബാങ്ക് ജീവനക്കാര്‍ വീണ്ടും ദേശവ്യാപകമായി പണിമുടക്കുകയാണ്.ബാങ്കുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ എന്ന പേരില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവരുന്നത് ഉള്‍പ്പെടെ നിബന്ധനകള്‍ അടങ്ങിയPrompt Corrective Action  2017 ഏപ്രില്‍ ഒന്നാം തീയതി മുതല്‍ നടപ്പിലാക്കാന്‍ പതിനൊന്ന് ബാങ്കുകളോട് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടു.
പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ മൂലധനം നല്‍കണമെങ്കില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ സംഘടനകള്‍ സമ്മതിക്കണമെന്ന് സാരം. പൊതുമേഖലാ ബാങ്കുകളുടെ സംരക്ഷണത്തിനെന്ന പേരില്‍ ബി ജെ പി സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും അതിന്റെ പിന്നിലുള്ള ആത്മാര്‍ത്ഥത കൃത്യമായി തിരിച്ചറിയുന്നവരാണ് ഇന്ത്യയിലെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും.1999 ഫെബ്രുവരി മാസത്തില്‍ നിയമിച്ച വര്‍മ കമ്മിറ്റി 1999 ഒക്‌ടോബര്‍ മാസത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബി ജെ പി യുടെ രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി വെളിപ്പെടുത്തുന്നതായിരുന്നു വര്‍മ കമ്മിറ്റി റിപ്പോര്‍ട്ട്. ബാങ്ക് ശാഖകള്‍ വ്യാപകമായി അടച്ചുപൂട്ടാനും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനും ഗ്രാമങ്ങളില്‍ ബാങ്കുകള്‍ വേണ്ടെന്നും വര്‍മ കമ്മിറ്റി. ഇടതുപക്ഷപാര്‍ട്ടികളും ബാങ്കിംഗ് രംഗത്തെ ഐക്യവേദിയും ഉയര്‍ത്തിയ അതിശക്തമായ പ്രക്ഷോഭത്തില്‍ അന്ന് ചവറ്റുകൊട്ടയില്‍ എറിഞ്ഞ വര്‍മ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഇന്ന് വീണ്ടും പൊടിതട്ടി പുറത്തെടുത്തു കഴിഞ്ഞു. പത്ത് വര്‍ഷം ഭരിച്ച യു പി എ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ധൈര്യം കാണിക്കാത്ത പല പരിഷ്‌കാരങ്ങളും ഈ മൂന്ന് വര്‍ഷംകൊണ്ട് ഇന്ത്യന്‍ ധനമേഖലയില്‍ മോഡിസര്‍ക്കാര്‍ നടപ്പിലാക്കി കഴിഞ്ഞു.ഓരോ ഇന്ത്യക്കാരനും ജാഗ്രതയോടെ തിരിച്ചറിയേണ്ട വിഷയങ്ങള്‍ നിരവധിയാണ്. രാജ്യത്തെ വിറ്റുതുലക്കാന്‍ ആരാണിവര്‍ക്ക് അധികാരം നല്‍കിയത്. കൃത്യമായ രാഷ്ട്രീയം മനസ്സിലാക്കാനും പ്രചരിപ്പിക്കാനും നമുക്ക് സാധിക്കണം. കോര്‍പറേറ്റ് ഭരണകൂട ചങ്ങാത്തം രാജ്യത്തെ സര്‍വ്വനാശത്തിലേക്ക് നയിക്കുകയാണ്. പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും നമുക്ക് ബാധ്യതയുണ്ട്. ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും ശാഖകള്‍ തുറക്കണം. ബാങ്കുകള്‍ ലയിപ്പിച്ച് വലിയ ബാങ്ക് ആക്കുന്നത് കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കാന്‍ മാത്രമാണ്. സാധാരണ ജനങ്ങളും കര്‍ഷകരും ഗ്രാമീണരും ആഗ്രഹിക്കുന്നത് ബാങ്കുകളുടെ സ്വഭാവം ജനകീയമായി മാറണം എന്നതാണ്. അല്ലാതെ ബാങ്കിന്റെ വലുപ്പം ജനങ്ങള്‍ക്ക് ഒരു വിഷയമേ അല്ല. സമഗ്ര പുരോഗതി ഉറപ്പുവരുത്താന്‍ കൃത്യമായ വായ്പാനയം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണം. ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതത്തില്‍ അല്‍പമെങ്കിലും പുരോഗതി മോഡി സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു നയം മാറ്റത്തിന് അവര്‍ തയ്യാറാകണം. സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും കഴുത്ത് ഞെരിക്കുന്ന ബി ജെ പി രാഷ്ട്രീയം തന്നെയാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് ശവപ്പെട്ടി ഒരുക്കുന്നത്.

No comments:

Post a Comment