Latest News

അങ്ങനെ മാരാര് മാഷും പോയി....

ഇ ക്കഴിഞ്ഞ ശനിയാഴ്ച എരമത്തെ വസതിയില്‍ വെച്ച് യാത്ര പറഞ്ഞ മാരാര് മാഷ് രാമന്തളിയിലെ നൂറുകണക്കിന് ആളുകളുടെ പ്രിയപ്പെട്ട ഗുരുനാഥനും രാമന്തളി കുന്നത്തെരു പ്രദേശത്തെ ജനങ്ങളുടെ ആരാധ്യനുമായിരുന്നു. രാമന്തളി പഞ്ചായത്ത് എല്‍.പി സ്‌കൂളില്‍ നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ച മാരാര് മാഷ് കുറേക്കാലം രാമന്തളിയില്‍ തന്നെ ആയിരുന്നു താമസം. സി.പി.എം.തെക്കുമ്പാട് ബ്രാഞ്ച് കമ്മിറ്റി അംഗം, രാമന്തളി എല്‍.സി അംഗം,സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. മാഷ് രാമന്തളി പഞ്ചായത്ത് എല്‍.പി. സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥിയായിരുന്നു. ഒന്നാംക്ലാസുമുതല്‍ അഞ്ചാം ക്ലാസുവരെ എല്‍.പി. സ്‌കൂളിലും ആറുമുതല്‍ എട്ടുവരെ 
ചിദംബരനാഥ് യു.പി. സ്‌കൂളിലും (അന്നത്തെ ഇ.എസ്.എസ്.എല്‍.സി) പഠിച്ചു. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് ടി.ടി.സി കഴിഞ്ഞു. അതിനുശേഷം പ്രൈവറ്റായി എസ്.എസ്.എല്‍.സി 
പാസ്സായി. ആദ്യമായി ജോലിയില്‍ പ്രവേശിച്ചതും പഞ്ചായത്ത് എല്‍.പി സ്‌കൂളില്‍ തന്നെ അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരധ്യാപകനെ ഉണ്ടായിരുന്നുള്ളി-ഒെ.സി നാരായണന്‍ മാസ്റ്റര്‍. എന്റെ വീട്ടിന്റെ തൊട്ടടുത്താണ് പഞ്ചായത്ത് എല്‍.പി. സ്‌കൂളും ചിദംബരനാഥ് യു.പി. സ്‌കൂളും. എനിക്ക് ചെറുപ്പത്തിലെ മാരാര് മാഷോട് എന്തോ ഒരു പ്രത്യേക ഇഷ്ടമായിരുന്നു. അങ്ങനെ എന്നെ ഒന്നാംക്ലാസില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയപ്പോള്‍ഞാന്‍ മാരാര് മാസ്റ്ററുടെ ക്ലാസില്ലേ ഇരിക്കു എന്ന് വാശിപിടിച്ച് കരഞ്ഞതും അങ്ങനെ രണ്ടുമൂന്ന് ദിവസം മാഷുടെ ക്ലാസില്‍ (മാഷ് അന്ന് നാലാം ക്ലാസിലെ ക്ലാസ് മാഷായിരുന്നു), ഒന്നാംക്ലാസില്‍ ക്ലാസെടുത്തിരുന്നില്ല) 
ഇരുന്നതും എന്റെ മാതാപിതാക്കള്‍ പറയാറുണ്ടായിരുന്നു. എല്‍.പി. ക്ലാസുകളില്‍ പോലും നല്ലപോലെ ലാത്തിച്ചാര്‍ജ്ജ് നടക്കാറുണ്ടായിരുന്ന കാലം പഠിക്കാത്തവരെയും വികൃതി 
കാണിക്കുന്നവരേയും ബഞ്ചിന് മുകളില്‍ കയറ്റി ട്രൗസര്‍ പൊക്കി ചന്തിക്ക് കായലിന്റെ വടികൊണ്ട് രണ്ട് പൊട്ടിക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ഇത് കണ്ടതിനുശേഷം ഞാന്‍ ഒന്നാംക്ലാസില്‍ തന്നെ പോയിരുന്നു. ഈയൊരു കാലത്തെ എല്‍.പി. സ്‌കൂളിലെ അധ്യാപകരെ ആര്‍ക്കും 
മറക്കാന്‍ കഴിയില്ല ശിഷ്യഗണങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും. ഞാനൊക്കെ പഠിക്കുമ്പോള്‍ മാരാര്‍ മാഷുടെ സഹപ്രവര്‍ത്തകരായിരുന്നു കുറുപ്പുമാഷം വാരര് മാഷുംനാരായണന്‍ മാഷും. ഇതില്‍ കുറുപ്പ് മാസ്റ്ററുടെയും വാരര് മാസ്റ്ററുടെയും പേര് എന്താണെന്ന് ഇന്നും അറിയില്ല. മാരാര് മാഷുടെ രാമന്‍ എന്നാണെന്ന് അടുത്തകാലത്താണ് ഓര്‍ക്കേണ്ടിവന്നത്. ഞങ്ങളുടെ 
വിദ്യാഭ്യാസകാലത്ത് കുറുപ്പ്, വാരര്, മാരാര് തുടങ്ങിയവ അവരുടെ പേരായിട്ട് തന്നെയാണ് 
മനസ്സില്‍ പതിഞ്ഞിരുന്നത്. പ്രശസ്ത കോണ്‍ഗ്രസ്സ് നേതാവ് നാരായണകുട്ടിയുടെ 
അച്ഛനാണ് കുറുപ്പ് മാഷ് എന്ന് വളരെ അടുത്തകാലത്താണ് എനിക്ക് മനസ്സിലായത്. 
പഠിക്കാത്ത കുട്ടികളെ പലതരത്തില്‍ ശിക്ഷിക്കുന്നവരാണ് ഇവരെങ്കിലും ഞങ്ങള്‍ക്കെല്ലാം വളരെ പ്രിയപ്പെട്ടവരായിരുന്നു. ഡി.പി.ഇ.പിയും ഗ്രേഡിംഗുമൊക്കെ വരുന്നതിന വര്‍ഷങ്ങള്‍ മുമ്പെ അത് നല്ല രീതിയില്‍ നടപ്പിലാക്കിയവരായിരുന്നു. ഈ അധ്യാപകര്‍.കണക്കും മാതൃഭാഷയും അന്ന് പഠിപ്പിച്ചിരുന്നതുപോലെ ഇന്ന് പഠിപ്പിക്കുന്നുണ്ടോ? ഈ അധ്യാപകരൊക്കെ ഉച്ചയ്ക്കുശേഷം സ്‌കൂള്‍ പറമ്പിലുള്ള മാവിന്‍ചോട്ടിലും ആലിന്‍ചോട്ടിലും (ഇന്ന് ഇവിടെ അങ്ങനെയുള്ള ഒറ്റമരം പോലും ഇല്ല. കുട്ടികളെ കൊണ്ടിരുത്തി മലയാള അക്ഷരങ്ങളും കുത്തൂരിന്റെ വിസൃതൃത മനഃപാഠവും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പഠിപ്പിച്ചത്. ആര്‍ക്കുമറക്കാന്‍ കഴിയും?അന്ന് അവിടുത്തെ കുട്ടികള്‍ മാത്രമല്ല അയല്‍വാസികളും കണക്കും മലയാളവും കേട്ട് പഠിച്ചിരുന്നു. വാരര് മാഷ് മലയാള അക്ഷരങ്ങള്‍ സ്ഫുടതയോടെ പറഞ്ഞുതന്നത് (ക..ഖ.. തുടങ്ങിയവ) ഇന്നും കാതില്‍ മുഴങ്ങുന്നു. അതുപോലെ മാരാര് മാഷ് നാലാംക്ലാസിലെ മലയാളം പഠിപ്പിക്കുമ്പോള്‍ കവിതകള്‍ ഈണത്തില്‍ ചൊല്ലുന്നതും ചൊല്ലിപ്പിക്കുന്നതും 
വല്ലാത്തൊരു അനുഭവമാണ്. 

No comments:

Post a Comment