Latest News

നരകത്തിലേക്ക് പോകേണ്ടുന്നവരെ യമന്‍ പയ്യന്നൂരിലേക്ക് വിടുന്നു?!

പി.പി. ജനാര്‍ദ്ദനന്‍
ഇഹലോക ജീവിതത്തില്‍ പലതരം കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് മരണാനന്തരം ലഭിക്കുന്ന ഇരുപത്തിയെട്ടോളം
നരകങ്ങളെക്കുറിച്ച് പുരാണത്തില്‍ പറയുന്നുണ്ട്. അതില്‍ ഒന്ന് വൈതരണി ആണ്. ഇത് ഒരു നദിയാണ്. ഇതിലൂടെ ഒഴുകുന്നത് വെള്ളമല്ല, മലമൂത്രാദികളും ചലം, ചോര തുടങ്ങിയവയുമാണ്. ഈ വൈതരണിക്കുപകരം യമന്‍ പയ്യന്നൂരിലെ തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്. കാരണം പയ്യന്നൂരിലെ പ്രധാനപ്പെട്ട റോഡും പല ഉപറോഡുകളും അത്യന്തം മലീമസവും തകര്‍ന്നടിഞ്ഞതുമായിരിക്കുന്നു. (ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇതിനുമുമ്പും ചില
മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പക്ഷേ....)തകര്‍ന്നടിയില്‍ ഇക്കൊല്ലം ആദ്യമായി ഉണ്ടായതല്ല. പയ്യന്നൂര്‍ ടൗണ്‍ മുതല്‍ ടോള്‍ബൂത്ത് വരെയുള്ള റോഡിന്റെ സ്ഥിതി ഇതുവഴി നിത്യേന സഞ്ചരിക്കുന്നവരോട്
പറയേണ്ട കാര്യമില്ലല്ലോ. ഈ റോഡില്‍ ചില സ്ഥിരം കുഴികളുണ്ട്. കേളോത്ത് സെന്‍ട്രല്‍ യു.പി. സ്‌കൂള്‍ ഉണ്ടായിരുന്ന സ്ഥലത്തിന്റെ മുന്നില്‍, പമ്പിന്റെ മുന്നില്‍, പോസ്റ്റോഫീസ് പരിസരം. ഇവിടെ വാഹനയാത്രക്കാരുടെ പ്രത്യേകിച്ച് രണ്ടുചക്ര വാഹനക്കാരുടെ-നടു തകര്‍ക്കുന്ന കുഴികളുണ്ട്. ഇവയില്‍ പലതും കൊലക്കുണ്ടുകളാണ്. അതായത് മഴക്കാലത്ത് ഇതിലൊക്കെ വെള്ളം ഉണ്ടാകുമല്ലോ- എത്രത്തോളം ആഴമുണ്ട് ഇതിനൊക്കെ എന്ന് എല്ലാവര്‍ക്കും
അറിയണമെന്നില്ല. കുഴിയില്‍ വീഴാതിരിക്കാന്‍ ഒരു ഭാഗത്തേക്ക് തെറ്റിക്കുമ്പോഴായിരിക്കും പിറകില്‍ നിന്ന് ശരംപോലെ മറ്റൊരു വാഹനം വരിക. ഇങ്ങനെ ഇടിച്ചു തെറിപ്പിക്കപ്പെട്ടതാണ് കുറച്ചുകൊല്ലം മുമ്പ് ഒരു പാവം ചെറുപ്പക്കാരന്‍ കേളോത്തെ പമ്പിന് മുമ്പില്‍ ചതഞ്ഞരഞ്ഞത്. ഇവിടെ ഇപ്പോഴും അതേ തരത്തിലുള്ള കുഴികള്‍ ധാരാളം ഉണ്ടായിരിക്കുന്നു. എല്ലാമഴക്കാലത്തും മിക്കവാറും റോഡുകള്‍ പൊട്ടിത്തകര്‍ന്നു കൊണ്ടേയിരിക്കുന്നു.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. ഇതിന് ശാശ്വതമായ പരിഹാരമില്ലേ? പലപ്പോഴും അറ്റകുറ്റപ്പണി നടക്കുന്നത് മെയ് മാസം അവസാനമാണ്. അതായത് പണി നടന്നയുടനെ മഴ വരും ഇതറിയാത്തവരാണോ ഭരണാധികാരകള്‍?
ഇഞ്ചിനീരന്മാര്‍? കണ്‍ട്രേക്ടര്‍മാര്‍? തൊഴിലാളികള്‍? അല്ല. പിന്നെ? മഴ വന്ന ഉടനെ റോഡുകള്‍ മുമ്പത്തേക്കാളും
മോശമായ സ്ഥിതിയിലാവും. അപ്പോള്‍ഒച്ചപ്പാടും ബഹളവും ആകും. വാര്‍ത്തകള്‍ വരും. ഉടനെ വീണ്ടും പാച്ച് വര്‍ക്ക്. വെള്ളത്തില്‍ തന്നെ താറിംഗ് നടത്തും. ഫലം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുട്ടും കടലയും കുഴച്ചതുപോലെ ജില്ലിയും താറും കരിങ്കല്‍പ്പൊടിയും എല്ലാം കൂടെ കുഴഞ്ഞുമറിയും. (ഇത് കുറേ വര്‍ഷങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതായത് റോഡുപണിയും അറ്റകുറ്റ പണിയും ഒരു വ്യവസായമാണ്.) ഇക്കൊല്ലം പയ്യന്നൂര്‍ ടൗണ്‍-സ്റ്റേഷന്‍ റോഡിന്റെ തെക്കുഭാഗംകേബിള്‍ ഇടുവാന്‍ ജെസിബി ഉപയോഗിച്ച് മാന്തിയിരുന്നു.
(ലോകം അവസാനിച്ചാലും കേബിള്‍ ഇടുവാനുള്ള ഈ കീറല്‍ അവസാനിക്കും എന്നുതോന്നുന്നില്ല) താറിട്ട ഭാഗവും കൂടി അവര്‍ കിളച്ചുകോരിയിരുന്നു. കേബിള്‍ ഇട്ടതിനുശേഷം അതേ മണ്ണ് കൊണ്ട് മൂടുക മാത്രമാണ്
ചെയ്തത്. ഇപ്പോള്‍ ആ ഭാഗം മുഴുവന്‍ വാഹനയാത്രക്കും കാല്‍നടയാത്രക്കും പറ്റാതെ അത്യന്തം
അപകടകരമായ രീതിയില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. ഇതുവഴി എത്രയാളുകളാണ് നിത്യേന പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനിലേക്കും മറ്റും യാത്ര ചെയ്യുന്നത് എന്നോര്‍ക്കുക. പ്രത്യേകിച്ച് റെയില്‍വെ സ്റ്റേഷനിലേക്ക് നാടിന്റെ പല ഭാഗത്തും നിന്നുമാണ് ആളുകള്‍ വരുന്നത്. ഇവരൊക്കെ ഈ തകര്‍ന്നടിഞ്ഞ മെയിന്‍ റോഡിനെക്കുറിച്ച് പറയുന്ന 'അഭിപ്രായങ്ങള്‍' അധികാരികളും ഉദ്യോഗസ്ഥരും തൊഴിലാളികളും ഒന്നാലോചിച്ച് നോക്കണം.ഈയിടെ കോളോത്തെ പമ്പിനുമുന്നില്‍ ഒരു സന്ധ്യാസമയത്ത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ ഒരു കാറ് കുഴിയില്‍ വീണു. അത് മുന്നോട്ടുകയറ്റാന്‍ കുറേ പാടുപെട്ടു. ആ കാറില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങി രോഷത്തോടെ പറഞ്ഞത്, അനശ്വരനടന്‍ ഭരത് മുരളി ചില സിനിമകളില്‍ പറഞ്ഞിരുന്ന ഡയലോഗാണ്- 'നായ്യെള്, നായ്യെള്....' പയ്യന്നൂര്‍ മെയിന്‍ റോഡിന് മാത്രമല്ല ഈ അവസ്ഥ. ഉള്‍പ്രദേശത്തുള്ള ചില റോഡുകളും കുറേ
വര്‍ഷങ്ങളായി എല്ലാ മഴക്കാലത്തും യാത്ര ചെയ്യാന്‍ പറ്റാത്ത വിധം പൊട്ടിത്തകരുന്നവയും വെള്ളം കയറുന്നവയുമാണ്. ഉദാ:- പോലീസ് സ്‌റ്റേഷന്‍ -അന്നൂര്‍ റോഡ്, തെക്കെ ബസാര്‍-കണ്ടങ്കാളി റോഡ്, പുതിയ ബസ് സ്റ്റാന്റ്-
മാവിച്ചേരി റോഡ്, പയ്യന്നൂര്‍ അമ്പലം-പടോളി റോഡ് ഇങ്ങനെ മിക്കവാറും റോഡുകളുടെ സ്ഥിതി
മഴക്കാലത്ത് അത്യന്തം ശോചനീയം തന്നെ (അറ്റകുറ്റപ്പണി നീണാള്‍ വാഴട്ടെ)റോഡുകളെല്ലാം പൊട്ടിത്തകരാനുള്ള
കാരണങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

No comments:

Post a Comment